ശബരി ആശ്രമം രക്തസാക്ഷ്യം സ്മൃതി മന്ദിരം ശിലാസ്ഥാപനം 21 ന് മുഖ്യമന്ത്രി നിര്‍വഹിക്കും
മഹാത്മാ ഗാന്ധിയുടെ 70-ാം രക്തസാക്ഷിത്വത്തിന്റെ ഭാഗമായി മഹാത്മാഗാന്ധി കസ്തൂര്‍ബാ ഗാന്ധിയോടൊപ്പം സന്ദര്‍ശിക്കുകയും താമസിക്കുകയും ചെയ്ത ചരിത്രപ്രസിദ്ധമായ അകത്തേത്തറ ശബരി ആശ്രമത്തില്‍ നിര്‍മ്മിക്കുന്ന രക്തസാക്ഷി സ്മൃതി മന്ദിരം ശിലാസ്ഥാപനം ഒക്ടോബര്‍ 21 ന് രാവിലെ 10 .30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സാംസ്‌കാരിക വകുപ്പ് അഞ്ചു കോടി ചെലവഴിച്ചാണ് സ്മൃതി മന്ദിരം നിര്‍മ്മിക്കുന്നത്. പരിസ്ഥിതി സൗഹൃദപരമായി സ്മൃതി മന്ദിരം നിര്‍മ്മിക്കാന്‍ ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പിനാണ് ചുമതല.
ഗാന്ധിജി പത്‌നി കസ്തൂര്‍ബാ ഗാന്ധിയോടൊപ്പം സന്ദര്‍ശിച്ച് താമസിച്ച അപൂര്‍വം സ്ഥലങ്ങളില്‍ ഒന്നാണ് അകത്തേത്തറയിലെ ശബരി ആശ്രമം. ശ്രീനാരായണ ഗുരുവും മറ്റു സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും ഇവിടെ സന്ദര്‍ശിച്ചിട്ടുണ്ട്. 1923 ല്‍ ടി. ആര്‍. കൃഷ്ണസ്വാമി അയ്യരാണ് ശബരി ആശ്രമം സ്ഥാപിച്ചത്. ആശ്രമത്തില്‍ 50 വിദ്യാര്‍ഥികള്‍ക്ക് താമസിച്ച് പഠിക്കാനുള്ള സൗകര്യം, കോണ്‍ഫറന്‍സ് ഹാള്‍, ഗാന്ധി ലൈബ്രറി, മ്യൂസിയം തുടങ്ങിയവ സ്മൃതി മന്ദിരത്തിന്റെ ഭാഗമായി നിര്‍മ്മിക്കും. ഗാന്ധിജി താമസിച്ച കുടില്‍ അതിന്റെ തനിമ ചോരാതെ നവീകരിക്കും. ആദ്യഘട്ടത്തില്‍ 2.6 കോടിക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. 5430 ചതുരശ്രയടിയില്‍ രണ്ട് നിലകളിലായി ഹോസ്റ്റല്‍ കെട്ടിടം, 1080 ചതുരശ്രയടിയില്‍ ഓഫീസ് കെട്ടിടം, ഗേറ്റ്, കുളം നവീകരണം, സൗരോര്‍ജ്ജ വിളക്ക് എന്നിവ ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
രക്തസാക്ഷ്യം സ്മൃതി മന്ദിരം ശിലാസ്ഥാപനം:
സംഘാടക സമിതി രൂപീകരണ യോഗം 12 ന്
അകത്തേത്തറ ശബരി ആശ്രമത്തിലെ രക്തസാക്ഷ്യം സ്മൃതി മന്ദിരം ശിലാസ്ഥാപനത്തിന് മുന്നോടിയായി സംഘാടകസമിതി രൂപീകരണയോഗം ഒക്ടോബര്‍ 12 ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പബ്ലിക് ലൈബ്രറി ഹാളില്‍ പട്ടികജാതി-പട്ടികവര്‍ഗ - പിന്നാക്ക ക്ഷേമ - നിയമ- സാംസ്‌കാരിക- പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ. കെ. ബാലന്റെ അധ്യക്ഷതയില്‍ ചേരും.
- Log in to post comments