ഗദ്ദികയെ വരവേല്‍ക്കാനൊരുങ്ങി കണ്ണൂര്‍; 27 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വികസന വകുപ്പും കിര്‍ത്താഡ്സും സംയുക്തമായി നടത്തുന്ന എട്ടാമത് ഗദ്ദിക നാടന്‍ കലാമേളയും ഉല്പന്ന പ്രദര്‍ശന മേളയും ജനുവരി 27 ന് വൈകിട്ട് 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി അഞ്ചു വരെ കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയിലാണ് മേള നടക്കുക. ഉദ്ഘാടന സമ്മേളനത്തിനു മുന്നോടിയായി ആകര്‍ഷകമായ വിളംബര ജാഥയും സാംസ്ക്കാരിക ഘോഷയാത്രയും നടത്തും. ഗദ്ദികയുടെ വിജയകരമായ നടത്തിപ്പിനായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തിലാണ് തീരുമാനം.
കണ്ണൂരില്‍ ആദ്യമായെത്തുന്ന ഗദ്ദിക ചരിത്രവിജയമാക്കി മാറ്റണമെന്ന് മുഖ്യരക്ഷാധികാരിയും സംഘാടക സമിതി ചെയര്‍മാനുമായ തുറമുഖ പുരാവസ്തു വകുപ്പ്് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി പറഞ്ഞു. യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അടിസ്ഥാന വിഭാഗങ്ങളെ മുഖ്യധാരയിലേക്കു കൊണ്ടു വരികയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ തനതു കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കരകൗശല ഉല്പന്നങ്ങളുടെ പ്രദര്‍ശനവും വിപണിയും ലക്ഷ്യമിട്ടാണ് ഗദ്ദിക മേള സംഘടിപ്പിക്കുന്നത്. വൈവിദ്ധ്യത്തിനും ആകര്ഷണീയതയ്ക്കുമൊപ്പം ജനപങ്കാളിത്തം കൊണ്ടും റെക്കോഡ് വില്പന കൊണ്ടും ഗദ്ദികയെ മികച്ച വിജയമാക്കാനുള്ള കൂട്ടായ പ്രവര്‍ത്തനങ്ങളാണ് വേണ്ടതെന്ന് അദ്ദേഹം സൂചിപ്പിച്ചു. പ്രതിദിനം പതിനായിരങ്ങള്‍ പങ്കെടുക്കും വിധം കണ്ണൂരിന്റെ ഉത്സവമായി മേളയെ മാറ്റണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.യോഗത്തില്‍ ഗദ്ദിക 2020 ന്റെ പ്രചരണ പോസ്റ്റര്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷിനു നല്കി മന്ത്രി പ്രകാശനം ചെയ്തു.
മേളയുടെ ഭാഗമായി പൈതൃക കലാരൂപങ്ങളുടെ ആവിഷ്കാരം, പരമ്പരാഗത ഉല്പന്നങ്ങളുടെ പ്രദര്‍ശന വിപണന മേള, പാരമ്പര്യ ഗോത്ര വൈദ്യം, ഭക്ഷണം, ആവിക്കുളി എന്നിവ ഒരുക്കും. പ്രദര്‍ശനം കാണാനെത്തുന്നവര്‍ക്ക് തല്‍സമയം തയ്യാറാക്കിയ വംശീയ ഭക്ഷണങ്ങള്‍ രുചിച്ചറിയാനുള്ള അവസരവും ഉണ്ട്. സാംസ്കാരിക സായാഹ്നങ്ങളില്‍ വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ അവതരിപ്പിക്കും. മേളയുടെ വിജയത്തിനായി രൂപീകരിച്ച എട്ടു സബ്കമ്മിറ്റികളുടെയും പ്രത്യേക യോഗങ്ങള്‍ ജനുവരി 6 നും 10 നും ഇടയില്‍ ചേരാനും പ്രചരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനും യോഗം തീരുമാനിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ചീഫ് പബ്ലിസിറ്റി ഓഫീസര്‍ എസ് നന്ദകുമാര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ കെ ഷാജു, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ എസ് സജു, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ജില്ലാ പ്രോജക്ട് ഓഫീസര്‍ ജാക്വിലിന് ഫെര്‍ണാണ്ടസ്്, ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ്, ജില്ലാ ആസൂത്രണ സമിതി അംഗം കെ വി ഗോവിന്ദന്, ട്രൈബല്‍ ആനിമേറ്റര്‍മാര്‍, പ്രൊമോട്ടര്‍മാര്‍, ഫോക് ലോര്‍ അക്കാദമി ഭാരവാഹികള്‍, വിവിധ സബ്കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments