Skip to main content

ലൈഫ്‌ മിഷന്‍: പ്രായമായവര്‍ക്കും  രോഗികള്‍ക്കുമായി സൂക്ഷ്‌മ പദ്ധതിക്ക്‌ നിര്‍ദേശം

ലൈഫ്‌ മിഷന്‍ ഭവന നിര്‍മാണ പദ്ധതിയുടെ ഭാഗമായി പ്രായമായവരും അസുഖം ബാധിച്ചവരുമായ ഗുണഭോക്താക്കളുടെ വീടുകള്‍ പൂര്‍ത്തീകരിക്കുന്നതിനുവേണ്ടി സൂക്ഷ്‌മ പദ്ധതി തയ്യാറാക്കണമെന്ന്‌ ലൈഫ്‌ മിഷന്‍ ഭവന പദ്ധതി വിലയിരുത്താന്‍ ചേര്‍ന്ന ജില്ലാതല യോഗം നിര്‍ദേശം നല്‍കി.
യോഗം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ്‌ കെ.വി സുമേഷ്‌ ഉദ്‌ഘാടനം ചെയ്‌തു. ലൈഫ്‌ മിഷന്‍ പദ്ധതി പ്രവര്‍ത്തനത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ പിന്നാക്കം പോവാന്‍ പാടില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. തദ്ദേശഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തിയ ഗുണഭോക്താക്കളാണ്‌ നിലവിലുളളത്‌. ഒരു കാരണ വശാലും സ്‌പില്‍ ഓവര്‍ ഭവനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്‌ വിട്ടുവീഴ്‌ച പാടില്ല. ജില്ലയിലെ മുഴുവന്‍ സ്‌പില്‍ ഓവര്‍ വീടുകളും മാര്‍ച്ച്‌ 31 നകം സമയബന്ധിതമായി പൂര്‍ത്തീകരിക്കണം. നിലവില്‍ 43 ഗ്രാമ പഞ്ചായത്തുകളില്‍ സ്‌പില്‍ ഓവര്‍ പൂര്‍ത്തീകരണത്തില്‍ പുരോഗതി ഉണ്ടായിട്ടില്ല. 28 ഗ്രാമ പഞ്ചായത്തുകളിലും ബ്ലോക്ക്‌ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും മാത്രമാണ്‌ സജീവമായ നിലയില്‍ പൂര്‍ത്തീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്‌. ബാക്കിയുളളവ ഉടന്‍തന്നെ സമയബന്ധിതമായി നിര്‍വഹണം നടത്തണ. അഡ്വാന്‍സ്‌ തുക നല്‍കുന്നതില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വിമുഖത കാണിക്കുന്നു. 17 പഞ്ചായത്തുകളും രണ്ട്‌ നഗരസഭകളും ഇനിയും അഡ്വാന്‍സ്‌ തുക നല്‍കിയിട്ടില്ല. എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും ലൈഫ്‌ പദ്ധതിക്കായി ഭവനനിധി അക്കൗണ്ട്‌ തുടങ്ങേണ്ടതാണ്‌. എല്ലാ ആഴ്‌ചയിലും ബ്ലോക്ക്‌ തലത്തില്‍ ബി.ഡി. ഒ മാര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റുമാരെയും പഞ്ചായത്ത്‌ സെക്രട്ടറിമാരെയും വിളിച്ചുചേര്‍ക്കണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ലൈഫ്‌ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ആഴ്‌ചതോറും വിലയിരുത്തണം. ലൈഫ്‌മിഷന്‍ പദ്ധതി പ്രകാരം പൂര്‍ത്തീകരിക്കുന്ന വീടുകളുടെ ഡോക്കുമെന്റേഷന്‍ തയ്യാറാക്കാനും യോഗം തീരുമാനിച്ചു. ന്യൂ മാഹി, അയ്യന്‍കുന്ന്‌ ഗ്രാമ പഞ്ചായത്തുകള്‍ സ്‌പില്‍ ഓവര്‍ ഭവനങ്ങള്‍ പൂര്‍ത്തീകരിച്ചതായി യോഗത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു
ലൈഫ്‌മിഷന്‍ ജില്ലാ കണ്‍വീനറും പ്രോജക്‌ട്‌ ഡയറക്‌ടറുമായ കെ എം രാമകൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. ലൈഫ്‌മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.എന്‍. അനില്‍, തദ്ദേശ സ്‌ഥാപനങ്ങളിലെ നിര്‍വ്വഹണ ഉദ്ദ്യോഗസ്ഥര്‍, ലൈഫ്‌ പദ്ധതി നോഡല്‍ ഓഫീസര്‍മാര്‍, പട്ടികജാതി, പട്ടികവര്‍ഗ, മൈനോറിറ്റി, ഫിഷറീസ്‌ വകുപ്പുകളിലെ ജില്ലാതല ഉദ്ദ്യോഗസ്ഥര്‍, വില്ലേജ്‌ എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date