Skip to main content

കോവിഡ് 19 അധിക പ്രതിരോധ പ്രതികരണ നിയന്ത്രണങ്ങള്‍ ഒഴിവാക്കി

ജില്ലയില്‍ ശാസ്താംകോട്ട, കല്ലുവാതുക്കല്‍, ഓച്ചിറ ഗ്രാമപഞ്ചായത്തുകളിലും നെടുമ്പന ഗ്രാമപഞ്ചായത്തിലെ 16, 17 വാര്‍ഡുകളിലും പോരുവഴി ഗ്രാമപഞ്ചായത്തിലെ 13, 14, 15 വാര്‍ഡുകളിലും തൃക്കോവില്‍വട്ടം ഗ്രാമ പഞ്ചായത്തിലെ 13, 14, 15 വാര്‍ഡുകളിലും കരുനാഗപ്പള്ളി നഗരസഭയിലെ 15, 16, 17, 19, 25, 26, 31 എന്നീ വാര്‍ഡുകളിലും ദുരന്ത നിവാരണ നിയമ പ്രകാരവും ക്രിമിനല്‍ നിയമ സംഹിതയിലെ 144-ാം വകുപ്പ് പ്രകാരവും പുറപ്പെടുവിച്ചിരുന്ന അധിക പ്രതിരോധ പ്രതികരണ നിയന്ത്രണങ്ങള്‍ നീക്കി ജില്ലാ കലക്ടര്‍ ഉത്തരവായി.
എന്നാല്‍ പുനലൂര്‍ മുനിസിപ്പാലിറ്റിയിലെ 17-ാം വാര്‍ഡില്‍ ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ നിലനിര്‍ത്തിയും തൃക്കരുവ പഞ്ചായത്തിലെ നിയന്ത്രണങ്ങള്‍ ഒന്‍പത്, 10, 12, 13 എന്നീ വാര്‍ഡുകളില്‍ മാത്രമായി പരിമിതപ്പെടുത്തിയും ഉത്തരവായി. ഇവിടങ്ങളില്‍ ഹോട്ട് സ്‌പോട്ട് നിയന്ത്രണങ്ങള്‍ തുടരും.
കുളത്തൂപ്പുഴ, തെന്‍മല, ആര്യങ്കാവ്, ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ ദുരന്ത നിവാരണ നിയമപ്രകാരവും ക്രിമിനല്‍ നടപടി നിയമസംഹിതയിലെ വകുപ്പ് 144 പ്രകാരവും നിലനില്‍ക്കുന്ന നിയന്ത്രണങ്ങളില്‍ നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ ഓറഞ്ച് സോണില്‍ അനുവദിച്ചിട്ടുള്ള എല്ലാ ഇളവുകളും താഴെപ്പറയുന്ന ഉപാധികളോടെ അനുവദിച്ചും ഉത്തരവായി.
മേല്‍ പറഞ്ഞ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ പൊതുസ്ഥലങ്ങളിലും പൊതുസ്ഥലങ്ങളുടെ നിര്‍വചനത്തില്‍ വരുന്ന സ്ഥലങ്ങളിലും മൂന്നു പേരില്‍ കൂട്ടം കൂടാന്‍ പാടില്ല. പൊതുസ്ഥലങ്ങളില്‍ വ്യക്തികള്‍ തമ്മില്‍ കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാലിക്കണം. വ്യാപാര സ്ഥാപനങ്ങളില്‍ ഒരേ സമയം രണ്ട് ഉപഭോക്താവില്‍ കൂടുതല്‍ പേരെ പ്രവേശിപ്പിക്കരുത്. വഴിയോര കച്ചവടം, ചായക്കടകള്‍, ജ്യൂസ് സ്റ്റാളുകള്‍ എന്നിവ ഒഴികെ മറ്റ് അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു മണിവരെ പ്രവര്‍ത്തിക്കാം. പ്ലാന്റേഷന്‍, നിര്‍മാണ മേഖലകളില്‍ പ്രവര്‍ത്തിക്കുവാനായി ഇതര സംസ്ഥാനങ്ങളില്‍ നിന്നും യാതൊരു കാരണവശാലും തൊഴിലാളികളെ കൊണ്ടുവരാന്‍ പാടില്ല. വീടുകള്‍ തോറും കയറി ഇറങ്ങി കച്ചവടം നടത്തുന്നത് കര്‍ശനമായും നിരോധിച്ചു.
(പി.ആര്‍.കെ. നമ്പര്‍. 1301/2020)

 

date