Skip to main content

സ്വന്തം 'മരണവാർത്ത' കേൾക്കുന്ന മാമുക്കോയ: വൈറലായി ക്യാമ്പയിൻ വീഡിയോ

വൈറസ് പോലെയാണ് വ്യാജവാർത്തകൾ. ഒരിടത്തു നിന്ന് കാട്ടുതീയേക്കാൾ വേഗത്തിൽ നിയന്ത്രിക്കാനാവാതെ പടർന്നു പിടിക്കും. സത്യമറിയാതെ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്ത് വൈറലാക്കാൻ ഒരുപാട് പേർ കാണും. യാഥാർത്ഥ്യം അറിയുമ്പോഴേക്കും വ്യാജ വാർത്തകൾ വൈറലായി മാറിയിരിക്കും.
കോവിഡ് പ്രതിരോധത്തിന് ഓരോ നിമിഷവും ജാഗ്രതയോടെ പൊരുതുമ്പോൾ ഇത്തരം ഒരു വ്യാജവാർത്ത മതി എല്ലാം തകിടം മറിയാൻ. പലരൂപത്തിൽ പടരുന്ന വ്യാജവാർത്തകൾക്കെതിരെ ജനങ്ങളോട് ജാഗ്രതയോടെയിരിക്കാൻ ഓർമ്മിപ്പിക്കുകയാണ് രസകരമായ ഒരു ലഘുചിത്രത്തിലൂടെ ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻ വകുപ്പ്. പ്രശസ്ത നടൻ മാമുക്കോയ അഭിനയിച്ച ചിത്രം ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
നേരം പുലർന്നത് മുതൽ സ്വന്തം മരണവാർത്തയ്ക്ക് മറുപടി പറയേണ്ടി വരുന്ന ഒരാളുടെ നിസഹായതയാണ് വീഡിയോയിൽ. വരുന്ന ഫോൺകോളുകൾക്കെല്ലാം താൻ മരിച്ചിട്ടില്ല, മരിച്ചിട്ടില്ല എന്നു പറയുന്ന മാമുക്കോയ 'ഞാൻ ശരിക്ക് മരിക്കുമ്പോ നീ വിളിക്ക്, അപ്പൊ സംസാരിക്ക്' എന്ന് സഹികെട്ട് പ്രതികരിക്കുന്നു.
വ്യാജ വാർത്തകൾ പോസ്റ്റ് ചെയ്യാൻ നിങ്ങളോടാർക്കാണ് ഇത്ര ശത്രുത എന്ന ചോദ്യത്തിന് മമ്മൂട്ടിക്കാണെന്നും  മമ്മൂട്ടിയും താനുമായാണ് ഇപ്പോൾ മലയാള സിനിമയിൽ സ്റ്റാർ വാല്യുവിന്റെ കാര്യത്തിൽ തർക്കമെന്നും നർമ്മ രൂപത്തിൽ മാമുക്കോയ പറയുന്നു. ഒരു ജോലിയും ഇല്ലാത്തവരാണ് ഇത്തരം വ്യാജ വാർത്തകൾ ഉണ്ടാക്കി വിടുന്നതന്നും അത് ഷെയർ ചെയ്യുന്നതെന്നും ഓർമ്മിപ്പിക്കുന്ന നടൻ,  ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ വ്യാജ വാർത്തയ്‌ക്കെതിരായ ക്യാമ്പയിന്റെ സന്ദേശം ലളിതമായ് പ്രചരിപ്പിക്കുകയാണ്.
പി.എൻ.എക്സ്.1740/2020
 

date