Skip to main content

മറ്റ് ജില്ലകളില്‍ ജോലിയ്ക്ക് എത്താനാവാത്ത 177 പേര്‍ കലക്‌ട്രേറ്റിലെത്തി

ലോക്ക് ഡൗണ്‍ നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലാന്തര പൊതുഗതാഗത സൗകര്യം ഇല്ലാത്തതിനാല്‍ ഇതര ജില്ലകളിലെ ഓഫീസുകളില്‍ എത്താനാവാത്ത 177 പേര്‍ ഇന്നലെ(മെയ് 19) കലക്‌ട്രേറ്റില്‍ എത്തി. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണിത്. കൊല്ലം താലൂക്കിലെ 90 ജീവനക്കാരും കരുനാഗപ്പള്ളി-39, കുന്നത്തൂര്‍-23, കൊട്ടാരക്കര-20, പത്തനാപുരം- രണ്ട്, പുനലൂര്‍- മൂന്ന്  ജീവനക്കാരുമാണ് കലക്ടട്രേറ്റില്‍ എത്തിയത്. ഇവരുടെ സേവനം കോവിഡ് നിര്‍വ്യാപന പ്രവര്‍ത്തനങ്ങള്‍ക്കായി ജീവനക്കാര്‍ക്ക് എത്താന്‍ കഴിയുന്ന തരത്തില്‍ ജില്ലാ കലക്‌ട്രേറ്റ്, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലായി ചുമതല നല്‍കി. ഇവരുടെ സേവനം വിനിയോഗിക്കുന്നതിനായി അതത് താലൂക്ക് തഹസീല്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരുടെ നിരീക്ഷണത്തിനുള്ള സര്‍വൈലന്‍സ് സ്‌ക്വാഡ് ഉള്‍പ്പടെയുള്ള ജോലികളാവും ജീവനക്കാര്‍ക്ക് നല്‍കുക. സ്വന്തം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലോ സമീപ സ്ഥാപനങ്ങളിലോ ഡ്യൂട്ടിക്ക് നിയോഗിക്കും. ശാരീക അവശതകള്‍, പരിമിതികള്‍ എന്നിവയുള്ളവരെ ഓഫീസ് ഡ്യൂട്ടിക്ക് നിയോഗിക്കും. ജീവനക്കാരുടെ ഹാജര്‍ കലക്‌ട്രേറ്റിലെ ഡ്യൂട്ടി സെല്ലില്‍ പ്രതിദിനം സമര്‍പ്പിക്കും. ജീവനക്കാര്‍ ഹാജാരാകാത്ത പ്രവൃത്തി ദിവസം അവധിയായി പരിഗണിച്ച് വിടുതല്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തും.
നിലവില്‍ ജോലി ചെയ്യുന്ന ഓഫീസ് മേധാവിയുടെ അനുവാദ പ്രകാരം മാത്രമേ ജീവനക്കാര്‍ ജില്ല വിട്ട് ജോലിക്ക് എത്താന്‍ പാടുള്ളൂ എന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
(പി.ആര്‍.കെ.നമ്പര്‍. 1419/2020)

 

date