ലൈഫ് ഭവന പദ്ധതി; മൂന്നാം ഘട്ടം ആഗസ്ത് ഒന്ന് മുതല്‍ അപേക്ഷിക്കാം
ലൈഫ് സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാതെ പോയ ഭൂരഹിത ഭവനരഹിതര്‍ക്ക് ആഗസ്ത് ഒന്നു മുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. ഒന്ന്, രണ്ട് ഘട്ടങ്ങളില്‍ ഉള്‍പ്പെടാത്ത അര്‍ഹരായ ഗുണഭോക്താക്കളാണ് മൂന്നാം ഘട്ടത്തില്‍ അപേക്ഷിക്കേണ്ടത്. ഭൂമിയുള്ള ഭവനരഹിതരേയും, ഭൂരഹിത ഭവനരഹിതരേയും ഈ ഘട്ടത്തില്‍ പരിഗണിക്കും. ഗുണഭോക്താക്കള്‍ ഓണ്‍ലൈന്‍ വഴിയാണ് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് അപേക്ഷ സമര്‍പ്പിക്കണം. ആഗസ്ത് 14 വരെ അപേക്ഷസ്വീകരിക്കും.
ഭൂമിയുളള ഭവനരഹിതരില്‍ ഒരേ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവരെ ഒറ്റ കുടുംബമായാണ് പരിഗണിക്കുക. ഇവര്‍ 2020 ജൂലൈ ഒന്നിന് മുമ്പ് റേഷന്‍ കാര്‍ഡുള്ള കുടുംബവും അതില്‍ ഉള്‍പ്പെട്ട ഒരാള്‍ക്ക് പോലും ഭവനം ഇല്ലാത്തവരുമാകണം. പട്ടികജാതി, പട്ടികവര്‍ഗ്ഗ, മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ക്ക് ഈ മാനദണ്ഡം ബാധകമല്ല. കൂടാതെ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളില്‍ സ്ഥിരം ജോലിക്കാരായവരും ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് പെന്ഷന് കൈപ്പറ്റുന്നവരും അപേക്ഷ നല്കാന് അര്‍ഹരല്ല. വാര്‍ഷിക വരുമാനം മൂന്ന് ലക്ഷമോ, അതില്‍ താഴെയോ ആയിരിക്കണം. ഗ്രാമപഞ്ചായത്തുകളില്‍ 25 സെന്റിലധികമോ, മുനിസിപ്പാലിറ്റി കോര്പ്പറേഷന് പരിധിയില്‍ അഞ്ച് സെന്റിലധികമോ ഭൂമി സ്വന്തമായുള്ള കുടുംബങ്ങളെയും ഉപജീവനത്തൊഴിലിനായല്ലാതെ സ്വന്തമായി നാലുചക്രവാഹനങ്ങള്‍ ഉള്ളവരെയും അര്‍ഹരായി പരിഗണിക്കുന്നതല്ല. ജീര്‍ണിച്ചതും അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കാന്‍ കഴിയാത്ത ഭവനങ്ങള്‍ ഉള്ളവരെയും പരിഗണിക്കും.
ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവരോ, അഗതി/ ആശ്രയ പദ്ധതിയിലെ ഗുണഭോക്താക്കള്‍, ഭിന്നലിംഗക്കാര്‍, 40 ശതമാനത്തിലേറെ അംഗവൈകല്യമുള്ള അംഗങ്ങള്‍ ഉള്ള കുടുംബങ്ങള്‍, ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍, അവിവാഹിതയായ അമ്മമാര്‍ കുടുംബനാഥയായ കുടുംബങ്ങള്‍, രോഗമോ അപകടമോ കാരണം തൊഴിലെടുത്ത് ജീവിക്കാനാകാത്ത കുടുംബനാഥരുള്ള കുടുംബങ്ങള്‍, വിധവയായ കുടുംബനാഥയും സ്ഥിരം വരുമാനമില്ലാത്ത അംഗങ്ങളുമുള്ള കുടുംബങ്ങള്‍, എച്ച് ഐ വി ബാധിതരായ അംഗങ്ങളുള്ള കുടുംബങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും.
മേല്‍പ്പറഞ്ഞ അര്‍ഹതാ മാനദണ്ഡങ്ങള്‍ ഉള്ള കുടുംബങ്ങള്‍ മാത്രമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ഹെല്‍പ്പ് ഡെസ്കുകള്‍ വഴിയോ, ഓണ്‍ലൈന്‍ സേവനദാതാക്കള്‍ വഴിയോ അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷകര്‍ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, അപേക്ഷകന്റെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, വില്ലേജ് ഓഫീസര്‍ നല്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ്, ഭൂരഹിതരാണെങ്കില് ഭൂമിയില്ലെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെയും ഗുണഭോക്താവിന്റെയും സാക്ഷ്യപത്രം, മുന്‍ഗണനാ മാനദണ്ഡങ്ങള്‍ ലഭിക്കാന്‍ അര്‍ഹരായ കുടുംബങ്ങള്‍ അതുസംബന്ധിച്ച സാക്ഷ്യപത്രങ്ങള്‍ എന്നിവ സമര്‍പ്പിക്കണം. സെപ്തംബര്‍ 30നകം അന്തിമ പട്ടിക പ്രസിദ്ധീകരിക്കും
- Log in to post comments