കുട്ടികളുടെ ആശുപത്രിയില്‍ പാര്‍ക്ക് നിര്‍മാണം ഉദ്ഘാടനം നാളെ
പ്രകൃതിയോട് കൂട്ടുകൂടി ഓട്ടിസം ചികിത്സ
കോട്ടയം മെഡിക്കല്‍ കോളേജിനു സമീപത്തെ കുട്ടികളുടെ ആശുപത്രിയില്‍ മിയാമി പാര്‍ക്കും സെന്‍സറിംഗ് ഗാര്‍ഡനും ഒരുക്കുന്നു.
ഇവിടെ ചികിത്സക്കെത്തുന്ന ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കു വേണ്ടി ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്താണ് ഈ പാര്‍ക്ക് സജ്ജീകരിക്കുന്നത്. കുട്ടികള്‍ക്ക് പ്രകൃതിയുമായി കൂടുതല്‍ അടുപ്പമുണ്ടാക്കുന്നതിനുവേണ്ടി ഒരേക്കര്‍ സ്ഥലത്ത് പൂമരങ്ങളും ഫലവൃക്ഷങ്ങളും ചെടികളും നട്ടു വളര്‍ത്തും.
ഗന്ധമുള്ള പൂക്കള്‍ ഉണ്ടാകുന്ന പാല, നാരകം, ചെമ്പകം തുടങ്ങിയവയ്ക്കായിരിക്കും മുന്‍ഗണന. ചെറിയ മുളങ്കാടുകളും ശലഭോദ്യാനവും ഉണ്ടാകും. ഇവക്കിടയില്‍ പ്രത്യേക നടപ്പാതകളും വിശ്രമ സ്ഥലങ്ങളും നിര്‍മ്മിക്കും. ആഴമില്ലാത്ത കുളം, മൃഗങ്ങളുടെ ശില്പ്പങ്ങള് , ഊഞ്ഞാല്, മറ്റ് വിനോദോപാധികള്‍ തുടങ്ങിയവ പാര്‍ക്കിനെ ആകര്‍ഷകമാക്കും.
ജനകീയാസൂത്രണ ഫണ്ട് വിനിയോഗിച്ച് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നിര്‍മ്മാണോദ്ഘാടനം നവംബര്‍ ഒന്നിനു രാവിലെ 10.30 ന് അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എല്‍.എ. നിര്‍വ്വഹിക്കും. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ അധ്യക്ഷത വഹിക്കും.
- Log in to post comments