തെരഞ്ഞെടുപ്പ് ചിഹ്നം: പാര്‍ട്ടി ഭാരവാഹികളുടെ കത്ത് സമര്‍പ്പിക്കാന്‍ നാളെ ഉച്ചവരെ അവസരം
സ്ഥാനാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുപ്പ് ചിഹ്നം ശുപാര്‍ശ ചെയ്യുന്നതിന് സംസ്ഥാന കമ്മിറ്റി ചുമതലപ്പെടുത്തിയ ജില്ലാ പാര്‍ട്ടി ഭാരവാഹിയുടെ കത്ത് നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്ന ദിവസം (നവംബര്‍ 23) വൈകീട്ട് മൂന്നിനകം സമര്‍പ്പിക്കാവുന്നതാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും 23ന് വൈകീട്ട് മൂന്നിന് ശേഷമാണ് വരണാധികാരി ഫാറം 6ല്‍ രേഖപ്പെടുത്തി സൈറ്റില്‍ നല്‍കുക. ചിഹ്നം അനുവദിക്കുന്നതിനായി സ്ഥാനാര്‍ത്ഥിയോ നിര്‍ദേശകനോ റിട്ടേണിങ് ഓഫീസര്‍ മുമ്പാകെ ഹാജരാകുകയും വേണം.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവര്‍ക്ക് അനുവദിച്ചിട്ടുള്ള ചിഹ്നം തന്നെ നിര്‍ബന്ധമായും നല്‍കണം. ഇതിലേക്കായി പ്രസ്തുത രാഷ്ട്രീയ പാര്‍ട്ടികളുടെ സംസ്ഥാന ഭാരവാഹി അല്ലെങ്കില്‍ ജില്ലാ ഭാരവാഹി നല്‍കിയ അധികാര പത്രം ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ വരണാധികാരിക്ക് സമര്‍പ്പിക്കണം. ചിഹ്നങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് മുന്‍ഗണനാ അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുണ്ടെങ്കില്‍ ആ വാര്‍ഡില്‍ അല്ലെങ്കില്‍ നിയോജകമണ്ഡലത്തില്‍ ആ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിക്ക് അനുവദിക്കണം. എന്നാല്‍ ആ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ഇല്ലാത്ത സാഹചര്യത്തില്‍ പ്രസ്തുത വാര്‍ഡിലെ മറ്റൊരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് അനുവദിക്കാം. കമ്മീഷന്‍ ചിഹ്നം അനുവദിക്കാത്ത രാഷ്ട്രീയപാര്‍ട്ടി സ്ഥാനാര്‍ത്ഥികളെയും മറ്റ് സ്ഥാനാര്‍ത്ഥികളെയും സ്വതന്ത്രരായി പരിഗണിക്കും.
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടേയോ മുന്നണിയുടേയോ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെയും സ്വതന്ത്രനായാണ് പരിഗണിക്കുക. ഒരു രാഷ്ട്രീയ പാര്‍ട്ടി ഒന്നിലധികം ഗ്രൂപ്പുകളായി പ്രവര്‍ത്തിക്കുന്ന പക്ഷം അത്തരം ഗ്രൂപ്പുകള്‍ക്ക് കമ്മീഷന്‍ അനുവദിച്ചിട്ടുള്ള പേരും ചിഹ്നവുമാണ് നല്‍കേണ്ടത്. ഒരു സ്വതന്ത്ര ചിഹ്നത്തിന് ഒന്നിലധികം സ്ഥാനാര്‍ത്ഥികള്‍ അപേക്ഷിച്ചാല്‍ നറുക്കെടുപ്പിലൂടെയാകും അനുവദിക്കുക.
- Log in to post comments