Skip to main content

പെരിന്തല്‍മണ്ണ നഗരസഭ വികസന സെമിനാര്‍; 16.96 കോടിയുടെ പദ്ധതിക്ക് രൂപം നല്‍കി.

പെരിന്തല്‍മണ്ണ നഗരസഭയുടെ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 16.96 കോടിയുടെ വാര്‍ഷിക പദ്ധതിക്ക് നഗരസഭ വികസന സെമിനാറില്‍ രൂപം നല്‍കി. പതിമൂന്നാം പഞ്ചവത്സര പദ്ധതി വിഭാവനം ചെയ്യുന്ന സുസ്ഥിര വികസന പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കിട്ടുള്ളതാണ്  അഞ്ചാം വാര്‍ഷിക പദ്ധതി.
ഉല്‍പാദന മേഖലയുടെ സ്ഥായിയായ വളര്‍ച്ച, പരിസ്ഥിതി, പ്രകൃതി, ആവാസവ്യവസ്ഥ എന്നിവയുടെ സംരക്ഷണം, മാനവ വിഭവശേഷിയുടെ സമ്പൂര്‍ണ്ണ വികസനം, സുഭിക്ഷ കേരളം പദ്ധതി, പാര്‍ശ്വ വല്‍ക്കരിക്കപ്പെട്ടവരുടെ സാമൂഹ്യ സുരക്ഷ, അടിസ്ഥാന സൗകര്യങ്ങളുടെ സമ്പൂര്‍ണ്ണ നവീകരണം എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി തയ്യാറാക്കിട്ടുള്ളത്.
ഓരോ വര്‍ഷവും സംയോജനമില്ലാത്തതും, പരസ്പര ബന്ധമില്ലാത്തതുമായ പദ്ധതികളും പ്രഖ്യാപനങ്ങളും നടത്തുകയെന്നതിനപ്പുറം ക്രമ ബന്ധിതവും സുസ്ഥിരവുമായ വികസന തുടര്‍ച്ചക്കാണ് പദ്ധതിയില്‍ ഊന്നല്‍ നല്‍കുന്നത് .
ജനകീയാസൂത്രണ പദ്ധതി വിഹിതം 6.03 കോടി, 15-ാം ധനകാര്യ കമ്മീഷന്‍ വിഹിതമായി പ്രതീക്ഷിക്കുന്ന 58.88കോടി മെയിന്റനന്‍സ് ഗ്രാന്റ് 1.22 കോടി, റോഡ് മെയിന്റനന്‍സ് 1.44 കോടി, പട്ടിക ജാതി വിഹിതം 2.36 കോടി, എന്നിങ്ങനെയുള്ള വിവിധ വിഹിതങ്ങള്‍ ചേര്‍ത്താണ് 16.96 കോടിയുടെ മൊത്തം പദ്ധതി വിഹിതം നഗരസഭക്ക് സര്‍ക്കാര്‍ അനുവദിച്ച് നല്‍കിട്ടുള്ളത്.
ഈ വിഹിതം പൊതുഭരണം - സേവനം കാര്യക്ഷമമാക്കല്‍ - 19.50  ലക്ഷം, കൃഷി ജലസംരക്ഷണം 75ലക്ഷം, മൃഗസംരക്ഷണം - ക്ഷീര വികസനം - 10 ലക്ഷം, ചെറുകിട സംരംഭം- പ്രാദേശിക സാമ്പത്തിക വികസനം  6 ലക്ഷം, ദാരിദ്ര്യ ലഘൂകരണം 287.50 ലക്ഷം, സാമൂഹ്യനീതി, വയോജന ക്ഷേമം വനിത, കുട്ടികള്‍ -191.55 ലക്ഷം, പട്ടികജാതി വികസനം - 65 ലക്ഷം, ആരോഗ്യം - 36.75 ലക്ഷം, ശുചിത്വം - മാലിന്യ സംസ്‌ക്കരണം 100 ലക്ഷം, വിദ്യാഭ്യാസം കലാ സംസ്‌ക്കാരം - യുവജനക്ഷേമം 144 ലക്ഷം  കുടിവെള്ളം - മരാമത്ത് - നഗരാസൂത്രണം - 410.76 ലക്ഷം, ദുരന്തനിവാരണം - 50 ലക്ഷം, സ്പില്‍ ഓവര്‍ പദ്ധതിക്കള്‍ക്ക്- 3 കോടി എന്നിങ്ങനെയാണ് 2021-22 വാര്‍ഷിക പദ്ധതിയില്‍ വിവിധ മേഖലക്കായി വകയിരുത്തിട്ടുള്ളത്.
വികസന സെമിനാര്‍ നഗരസഭ ചെയര്‍മാന്‍ പി. ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ നസീറ ടീച്ചര്‍  അധ്യക്ഷയായി. ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ എം.കെ ശ്രീധരന്‍ പദ്ധതി വിശദീകരിച്ചു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുണ്ടുമ്മല്‍ ഹനീഫ, ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, കൗണ്‍സിലര്‍മാരായ എം.എം സക്കീര്‍ ഹുസൈന്‍, പി. ജാഫര്‍ സെക്രട്ടറി എസ്.അബ്ദുള്‍ സജിം, മുന്‍ ചെയര്‍മാന്‍ എം.മുഹമ്മദ് സലീം, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അമ്പിളി മനോജ്, പ്രോജക്ട് കോര്‍ഡിനേറ്റര്‍ കിനാതിയില്‍ സാലിഹ് തുടങ്ങിയവര്‍ പങ്കെടുത്തു.

date