Skip to main content

അംബേദ്കര്‍ ഗ്രാമവികസന പദ്ധതി;  എസ്.ടി കോളനികളുടെ ഉദ്ഘാടനം ഇന്ന്

 

 

 

സംസ്ഥാന സര്‍ക്കാര്‍ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി, ജില്ലയിലെ ഏഴ് പട്ടിക വര്‍ഗ കോളനികളില്‍ പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 9) രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിക്കും. പട്ടിക ജാതി-പട്ടിക വര്‍ഗ വികസന വകുപ്പു മന്ത്രി എ കെ ബാലന്‍ അധ്യക്ഷത വഹിക്കും.

പട്ടിക വര്‍ഗ കോളനികളില്‍ കുടിവെള്ള വിതരണം, ഭവന പുനരുദ്ധാരണം, ഗതാഗത സൗകര്യം, വൈദ്യുതി മുതലായ അടിസ്ഥാന സൗകര്യങ്ങള്‍ നടപ്പാക്കുന്നതിന് സര്‍ക്കാര്‍ ആവിഷ്‌കരിച്ചതാണ് അംബേദ്കര്‍ ഗ്രാമവികസന പദ്ധതി. പദ്ധതിയുടെ ഭാഗമായി 2017-18ല്‍ ഏറ്റെടുത്ത 12 പട്ടിക വര്‍ഗ കോളനികളിലെ ഏഴ് കോളനികളില്‍ പൂര്‍ത്തീകരിച്ച പ്രവൃത്തികളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിക്കുന്നത്. 

തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ കൊടയ്ക്കാട്ടുപാറ മേലേ പൊന്നാങ്കയം, ഓടപ്പൊയില്‍ എസ്.ടി കോളനികളിലെ പ്രവൃത്തികള്‍ ഒരു കോടി രൂപ വീതം ചെലവഴിച്ചാണ് പൂര്‍ത്തിയാക്കിയത്. മേലേ പൊന്നാങ്കയം കോളനിയില്‍ നടക്കുന്ന ചടങ്ങില്‍ ജോര്‍ജ് എം തോമസ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും.

കൊടുവള്ളി നിയോജക മണ്ഡലത്തില്‍ കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ ചമല്‍ വള്ളുവര്‍കുന്ന് കോളനിയില്‍ ഒരു കോടി രൂപ ചെലഴിച്ചാണ് 6 പുതിയ വീടുകള്‍ ഉള്‍പ്പെടെയുള്ള വിവിധ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. കോളനിയില്‍ നടക്കുന്ന ചടങ്ങില്‍ കാരാട്ട് റസാഖ് എംഎല്‍എ ശിലാഫലക അനാഛാദനവും പദ്ധതി പ്രഖ്യാപനവും നടത്തും. 

നാദാപുരം മണ്ഡലത്തില്‍ ചെക്യാട് ഗ്രാമപഞ്ചായത്തിലെ കണ്ടിവാതുക്കല്‍, ഇളമ്പ കോളനികള്‍, വാണിമേല്‍ ഗ്രാമപഞ്ചായത്തിലെ കെട്ടില്‍, മലയങ്ങാട് കോളനികള്‍ എന്നിവിടങ്ങളില്‍ പൂര്‍ത്തീകരിച്ച പ്രവൃത്തികളുടെ പ്രഖ്യാപനം കെട്ടില്‍ കോളനിയില്‍ നടക്കുന്ന ചടങ്ങില്‍ ഇ കെ വിജയന്‍ എംഎല്‍എ നിര്‍വഹിക്കും. 

കോളനികളില്‍ നടക്കുന്ന ചടങ്ങുകളില്‍ വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date