Skip to main content
palakkad

സംസ്ഥാനത്ത് കൂടുതൽ മാതൃകാ ഫോറസ്റ്റ് സ്റ്റേഷനുകൾ നിർമിക്കും  - മന്ത്രി കെ. രാജു

വനം-വന്യജീവി സംരക്ഷണം ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് കൂടുതൽ മാതൃകാ ഫോറസ്റ്റ് സ്റ്റേഷനുകൾ നിർമിക്കുമെന്ന് വനം-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. മണ്ണാർക്കാട് വനം  ഡിവിഷന് കീഴിൽ പുതുതായി നിർമിച്ച പാലക്കയം മാതൃകാ ഫോറസ്റ്റ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

     
സംസ്ഥാനത്തെ മുഴുവൻ വനവും ഫോറസ്റ്റ് സ്റ്റേഷനുകളുടെ പരിധിയിൽ ഉൾപ്പെടുത്തും. ഇതിനായി കൂടുതൽ സൗകര്യങ്ങളൊരുക്കി ഫോറസ്റ്റ് സ്റ്റേഷനുകൾ ശക്തിപ്പെടുത്തും. വനംസംരക്ഷണ പ്രവർത്തനങ്ങളെല്ലാം ഫോറസ്റ്റ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാകും. ജനവാസമേഖലകളിൽ വന്യജീവി ആക്രമണം തടയാൻ വനം വകുപ്പ് ഏറ്റവും കൂടുതൽ തുക വകയിരുത്തിയിട്ടുള്ളത് പാലക്കാട് ജില്ലയ്ക്കാണ്. വൈദ്യുതി വേലി, ട്രഞ്ചുകൾ ഉൾപ്പടെയുള്ള പ്രതിരോധ സംവിധാനം കൂടുതൽ മേഖലകളിലേയ്ക്ക് വ്യാപിപ്പിക്കും.

സംസ്ഥാനത്തുടനീളം 204 ജനജാഗ്രതാ സമിതികൾ രൂപീകരിച്ചിട്ടുണ്ട്. മനുഷ്യൻ പ്രകൃതിയെ പീഡിപ്പിച്ചതിന്റെ ഫലമായാണ് വന്യജീവികൾ ജനവാസമേഖലകളിലെത്തുന്നത്. പ്രകൃതി വിഭവങ്ങൾ മനുഷ്യന് മാത്രമായുള്ളതല്ല. വരും തലമുറക്ക് ശുദ്ധവായുവും ജലവും ഉറപ്പാക്കേണ്ടത് ഇന്നത്തെ തലമുറയുടെ ഉത്തരവാദിത്വമാണ്.      

നബാർഡിന്റെ ധനസഹായത്തോടെയാണ് അത്യാധുനിക സൗകര്യങ്ങളോടെ പാലക്കയം മാതൃകാ ഫോറസ്റ്റ് സ്റ്റേഷൻ നിർമിച്ചത്. കെ.വി. വിജയദാസ് എം.എൽ.എ. അധ്യക്ഷനായ പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യൂസഫ് പാലയ്ക്കൽ,  പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ നാഗേഷ് പ്രഭു, അസി.പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പ്രദീപ് കുമാർ, ഡി.എഫ്.ഒ. വി.പി. ജയപ്രകാശ്,  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി. ഷംസുദീൻ, ജില്ലാ പഞ്ചായത്ത് അംഗം സി. അച്ചുതൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.പി. ഷരീഫ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു. 

 

date