Skip to main content

മുന്നോക്ക വിഭാഗത്തിലെ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം പിന്നോക്ക വിഭാഗങ്ങളുടെ സംവരണശതമാനം  ഉയര്‍ത്തി: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ദേവസ്വം നിയമനങ്ങളില്‍ സംവരണം ലഭിച്ചിരുന്ന വിഭാഗങ്ങള്‍ക്ക് കൂടുതല്‍ സംവരണാനുകൂല്യം നല്‍കി കൊണ്ടാണ് മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായതെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല സന്നിധാനത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഈഴവ സമുദായത്തിന് 14 ശതമാനം സംവരണമാണ് ലഭിച്ചുകൊണ്ടിരുന്നത്. ഇത് 17 ശതമാനമായി വര്‍ധിപ്പിച്ചു. പട്ടികജാതി വിഭാഗത്തിന്  ലഭിച്ചിരുന്ന 10 ശതമാനം സംവരണം 12 ശതമാനമാക്കി വര്‍ധിപ്പിച്ചു. ഈഴവ സമുദായം ഒഴികെയുള്ള ഹിന്ദു ഒബിസി വിഭാഗത്തിന് കേവലം മൂന്നു ശതമാനം മാത്രമായിരുന്നു സംവരണം. ഇത് ആറുശതമാനമാക്കി വര്‍ധിപ്പിച്ചു.

പിന്നോക്ക സമുദായങ്ങള്‍ക്കും വലിയ തോതിലുള്ള സംവരണാനുകൂല്യം നല്‍കി കൊണ്ടാണ് മുന്നോക്ക സമുദായത്തിലെ അശരണരും ആലംബഹീനരും ഒരു നേരത്തെ അഷ്ടിക്കു പോലും നിവര്‍ത്തിയില്ലാത്തവരുമായ പാവങ്ങളുടെ കാര്യത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ പ്രഖ്യാപിതമായ നയം നടപ്പിലാക്കുന്നതിന് തയാറായത്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലെ വളരെ പ്രധാനപ്പെട്ട ഒരു തീരുമാനമായി കേരളത്തിന്റെ ചരിത്രം ഇതു രേഖപ്പെടുത്തും. ഇതുപോലെ തന്നെയാണ് പട്ടികജാതി സമൂഹത്തിന് ശാന്തി നിയമനത്തിന് പിണറായി സര്‍ക്കാര്‍ നല്‍കിയ അനുവാദം. ഇതും കേരളത്തിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന ഒന്നായി മാറും. രാജ്യത്തിന് മാതൃകയാക്കാന്‍ കഴിയുന്ന വളരെ വിപ്ലവകരമായ തീരുമാനങ്ങള്‍ ദേവസ്വം വകുപ്പില്‍ സ്വീകരിക്കുന്നതിന് സാധിച്ചു. 

മണ്ഡല കാല തീര്‍ഥാടനം ആരംഭിക്കവേ ദേവസ്വം മന്ത്രിയെന്ന നിലയില്‍ വളരെ സന്തോഷവും അഭിമാനവുമുണ്ട്. ദേവസ്വം വകുപ്പില്‍ ഒരു നിശബ്ദ വിപ്ലവത്തിന് സംസ്ഥാന സര്‍ക്കാരിനു സാധിച്ചു. നമ്മുടെ സംസ്ഥാനത്തെ ആയിരക്കണക്കായ ക്ഷേത്രങ്ങളില്‍ ശാന്തി ചെയ്യുന്നതിനു വേണ്ടിയുള്ള അനുമതി അബ്രാഹ്മണര്‍ക്ക്, വിശേഷിച്ച് പട്ടികജാതി വിഭാഗത്തിന് നല്‍കുന്ന വിപ്ലവകരമായ തീരുമാനം സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞു. ബുധനാഴ്ച വളരെ ശ്രദ്ധേയമായ ഒരു തീരുമാനവും ദേവസ്വം വകുപ്പ്് സ്വീകരിച്ചു. ദേവസ്വം ബോര്‍ഡുകളുടെ കീഴിലുള്ള ക്ഷേത്രങ്ങളിലെ ഉദ്യോഗ നിയമനങ്ങളില്‍ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന ആളുകള്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ തയാറായി.

രാജ്യത്തിനു തന്നെ മാതൃകയായ വിപ്ലവകരവും പുരോഗമനകരവുമായ തീരുമാനമാണ് സംസ്ഥാന സര്‍ക്കാരിന്റേത്. ഇതിനാവശ്യമായ ചട്ട ഭേദഗതികള്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് റൂള്‍സില്‍ കൊണ്ടുവരുന്നതിനുള്ള തീരുമാനവും സര്‍ക്കാര്‍ എടുത്തെന്നും മന്ത്രി പറഞ്ഞു. 

date