പഌസ്റ്റിക്ക് മാലിന്യം നീക്കം ചെയ്യാം; ഹരിത കര്‍മ്മ സേന വീടുകളിലെത്തും
വീടുകളിലും കടകളിലും മറ്റ് സ്ഥാപനങ്ങളില്‍ നിന്നുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌ക്കരണ യൂണിറ്റുകളില്‍ എത്തിക്കുന്ന ഹരിത കര്‍മ്മ സേന അണ്ടൂര്‍കോണം പഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 23 പേരടങ്ങുന്ന സംഘമാണ് പഞ്ചായത്തിലെ ഹരിത കര്‍മ്മ സേനയില്‍ പ്രവര്‍ത്തിക്കുന്നത്. പ്ലാസ്റ്റിക്ക് കഴുകി വൃത്തിയാക്കിയ ശേഷമാണ് സേനാംഗങ്ങള്‍ക്ക് കൈമാറേണ്ടത്. ഇങ്ങനെ ശേഖരിക്കുന്ന മാലിന്യം പോത്തന്‍കോട് ബ്ലോക്കിലെ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ എത്തിച്ച് സംസ്‌കരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരിയമ്മ അറിയിച്ചു.
പഞ്ചായത്തിന്റെ കീഴിലുള്ള 18 വാര്‍ഡുകളില്‍ നിന്നും ആഴ്ചയില്‍ ഒരു ദിവസമാണ് പ്ലാസ്റ്റിക് ശേഖരിക്കുന്നത്. നിലവില്‍ സൗജന്യമായാണ് മാലിന്യശേഖരണം നടത്തുന്നത്. അടുത്ത മാസം മുതല്‍ വീടുകളില്‍ നിന്ന് 20 രൂപയും കടകളില്‍ നിന്നും മറ്റ് സ്ഥാപനങ്ങളില്‍ നിന്നും 50 രൂപയും പ്രതിമാസം ഈടാക്കും.
(പി.ആര്‍.പി 1741/2018)
- Log in to post comments