എറണാകുളം അറിയിപ്പുകള്‍ -1
നെഹ്‌റു ട്രോഫി ഭാഗ്യചിഹ്നമത്സരം:
എന്‍ട്രികള്‍ ക്ഷണിച്ചു
കൊച്ചി: അറുപത്തിയാറാമത് നെഹ്‌റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാന്‍ പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനാടിസ്ഥാനത്തില്‍ മത്സരം നടത്തുന്നു. എ-4 സൈസ് ഡ്രോയിങ് പേപ്പറില്‍ മള്‍ട്ടി കളറിലാണ് ഭാഗ്യചിഹ്നം തയ്യാറാക്കേത്. സൃഷ്ടികള്‍ മൗലികമായിരിക്കണം. എന്‍ട്രികള്‍ അയയ്ക്കുന്ന കവറില്‍ '66-ാമത് നെഹ്‌റു ട്രോഫി ജലമേള- ഭാഗ്യചിഹ്നമത്സരം' എന്നു രേഖപ്പെടുത്തിയിരിക്കണം.
തിരഞ്ഞെടുക്കപ്പെടുന്ന രചനയ്ക്ക് 5,001 രൂപ പുരസ്‌കാരം നല്‍കും. സൃഷ്ടികള്‍ മൗലികമല്ലെന്നു ബോധ്യപ്പെട്ടാല്‍ എന്‍ട്രികള്‍ തള്ളിക്കളയാനുള്ള അധികാരവും സമ്മാനാര്‍ഹമായ രചനയുടെ പൂര്‍ണ അവകാശവും നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റിയില്‍ നിക്ഷിപ്തമായിരിക്കും. വിധിനിര്‍ണയസമിതിയുടെ തീരുമാനം അന്തിമമായിരിക്കും. എന്‍ട്രികള്‍ ജൂലൈ 5 നു വൈകിട്ട് അഞ്ചിനു മുമ്പ് കണ്‍വീനര്‍, നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, ആലപ്പുഴ -688 001 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരത്തിന് 0477 2251349 എന്ന ഫോണില്‍ ബന്ധപ്പെടുക.
ടെലിവിഷന്‍ ജേര്‍ണലിസം : കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സിന്റെ 2018-2019 ബാച്ചിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. അവസാന വര്‍ഷ ഡിഗ്രി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായ പരിധി 30 വയസ്സ്. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്, പ്ലേസ്‌മെന്റ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ് ജേര്‍ണലിസം, ഓണ്‍ലൈന്‍ ജേര്‍ണലിസം, മൊബൈല്‍ ജേര്‍ണലിസം എന്നിവയിലും പരിശീലനം ലഭിക്കും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷാ ഫോം ലഭിക്കും. ക്ലാസ്സുകള്‍ സെപ്റ്റംബറില്‍ ആരംഭിക്കും. KERALA STATE ELECTRONICS DEVELOPMENT CORPORATION Ltd (K.S.E.D.C.Ltd) എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡി ഡി സഹിതം പൂരിപ്പിച്ച അപേക്ഷ ജൂലൈ 31 നകം സെന്ററില്‍ ലഭിക്കണം. വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, ഫ്‌ളോര്‍, ചെമ്പിക്കലം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്‍, വിമന്‍സ് കോളേജ് റോഡ് , വഴുതക്കാട്, തിരുവനന്തപുരം, 695014. വിശദവിവരങ്ങള്‍ക്ക് ബന്ധപെടുക : 8137969292, 9746798082.
കരാര്‍ നിയമനം
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യനെ താത്കാലികമായി നിയമിക്കുന്നു. (യോഗ്യത ബി.എസ്.സി എം.എല്‍റ്റി/ഡിഎംഎല്‍റ്റി കോഴ്‌സ്) ബ്ലഡ് ബാങ്കില്‍ പ്രവര്‍ത്തന പരിചയം അഭികാമ്യം.
താത്പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ നാലിന് രാവിലെ 11-ന് സൂപ്രണ്ടിന്റെ ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍: ഏജന്‍സി തുടങ്ങാന്‍ അപേക്ഷ ക്ഷണിച്ചു
കൊച്ചി: സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന സഹകരണ ഫെഡറേഷന്റെ ആയുര്‍ധാരയിലെ ആയുര്‍വേദ ഉല്പന്നങ്ങള്‍, ട്രൈഫെഡിന്റെ ഉല്പന്നങ്ങള്‍, അംഗസംഘങ്ങളുടെ കരകൗശല ഉല്പന്നങ്ങള്‍, വനവിഭവങ്ങള്‍ മുതലായവ വില്‍ക്കുന്നതിന് എല്ലാ ജില്ലയിലെയും ജില്ലാ കോര്‍പറേഷന്‍/മുനിസിപ്പാലിറ്റി/പഞ്ചായത്ത് പരിധിയില്‍പ്പെടുന്ന സ്ഥലങ്ങളിലും ഔട്ട്‌ലെറ്റുകള്‍/ബങ്കുകള്‍/ഏജന്‍സികള്‍ (ഹോള്‍സെയില്‍/റീട്ടെയില്‍) എടുക്കുന്നതിന് താത്പര്യമുളളവരില്‍ നിന്നും ആയുര്‍ധാര ഫാര്‍മസ്യൂട്ടിക്കല്‍സ്, സൗത്ത് അഞ്ചേരി, തൃശൂര്‍ 680006 വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 0487-2354851, 0471-2433850.
ഇന്‍ഡസട്രിയല്‍ ട്രൈബ്യൂണല്‍ തെളിവെടുപ്പ്
കൊച്ചി: ആലപ്പുഴ ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ എം.ബി.പ്രജിത്ത് ജൂലൈ അഞ്ച്, ആറ്, 12, 13, 19, 20, 26, 27 തീയതികളില്‍ എറണാകുളം ലേബര്‍ കോടതിയിലും 10-ന് മൂവാറ്റുപുഴ കച്ചേരിത്താഴം കോര്‍ട്ട് കോംപ്ലക്‌സിലുളള ഓള്‍ഡ് ഫാമിലി കോര്‍ട്ട് ഹാളിലും 31-ന് പത്തനംതിട്ട ജില്ലാ മീഡിയേഷന്‍ സെന്ററിലും മറ്റ് പ്രവൃത്തി ദിവസങ്ങളില്‍ ആസ്ഥാത്തും തൊഴില്‍ തര്‍ക്ക കേസുകളും, എംപ്ലോയീസ് ഇന്‍ഷ്വറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ ചെയ്യും.
സാഫിന്റെ തീരനൈപുണ്യ പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു
കൊച്ചി: സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴില്‍ മത്സ്യത്തൊഴിലാളി വനിതകളുടെ സാമൂഹിക, സാമ്പത്തിക, തൊഴില്‍ മേഖലകളിലെ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്റസ് ടു ഫിഷര്‍ വിമണ്‍ (സാഫ്) 2018-19 കാലയളവിലെ തീരനൈപുണ്യ പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു.
അപേക്ഷകര്‍ മത്സ്യതൊഴിലാളി കുടുംബങ്ങളിലെ കുറഞ്ഞത് പ്ലസ് ടു പാസ്സായ വനിതകളായിരിക്കണം. പ്രായം 18 നും 35 നും മദ്ധ്യേ. എറണാകുളം സി.എം.എഫ്.ആര്‍. ഐയില്‍ നടക്കുന്ന പരിശീലനത്തിന്റെ കാലാവധി രണ്ട് മാസം. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രതിമാസം 2500 രൂപ സ്റ്റൈപന്റായി ലഭിക്കും. പഠിതാവിന് യൂണിഫോം, പാസ് പോര്‍ട്ട്, പരിശീലനവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ എന്നിവ സൗജന്യമായി ലഭിക്കും. അപേക്ഷാ ഫോറവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും www.safkerala.org എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ഈ മാസം 10ന് മുമ്പായി അതത് മത്സ്യഭവന്‍ ഓഫീസുകളില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്കായി 1800 425 7643 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടുക.
പാറക്കടവ് ബ്ലോക്ക്: ഭവന നിര്‍മ്മാണ പദ്ധതിയിലേക്ക്
അപേക്ഷ ക്ഷണിച്ചു
കൊച്ചി: പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) ഭവന പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി ശ്രീമൂലനഗരം, നെടുമ്പാശ്ശേരി, കുന്നുകര, ചെങ്ങമനാട്, പുത്തന്‍വേലിക്കര , പാറക്കടവ്, എന്നീ ഗ്രാമപഞ്ചായത്തുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിലവില്‍ ലൈഫ് ഭവനപദ്ധതിയുടെ പട്ടികയിലോ, എസ്.ഇ.സി.ഡി പട്ടികയിലോ ഉള്‍പ്പെടാത്ത ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളതും കുടിലിലോ ജീര്‍ണാവസ്ഥയിലോ വാസയോഗ്യമല്ലാത്ത ഭവനത്തിലോ താമസിക്കുന്നതുമായ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍ ) പദ്ധതിയുടെ നിബന്ധനകള്‍ ക്ക് വിധേയമാക്കി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി ഗ്രാമപഞ്ചായത്തിലെ വില്ലേജ് എകസ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ മുഖേനയോ നേരിട്ടോ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നല്‍കാം . 2018 ജൂലൈ 15 വരെ അപേക്ഷിക്കാം. വെള്ള പേപ്പറിലാണ് അപേക്ഷ നല്‍കേണ്ടത്. മൊബൈല്‍ നമ്പറും ആധാര്‍ കാര്‍ഡിന്റെ കോപ്പിയും അപേക്ഷയില്‍ ഉള്‍പ്പെടുത്തണം. അപേക്ഷകള്‍ നേരിട്ട് നല്‍കണം.
മഹാരാജാസ് കോളേജ് ഒന്നാം വര്‍ഷ ബിരുദ ക്ലാസുകള്‍ മാറ്റിവച്ചു
കൊച്ചി: മഹാരാജാസ് കോളേജില്‍ ജൂലൈ രണ്ടിന് ആരംഭിക്കാനിരുന്ന ഒന്നാം വര്‍ഷ ബിരുദ ക്ലാസുകള്‍ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചു. ജൂലൈ മൂന്നിന് കോളേജില്‍ റഗുലര്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ലെന്നും അന്നേ ദിവസം നടത്താനിരുന്ന എല്ലാ ഓട്ടോണമി പരീക്ഷകളും മാറ്റിവച്ചിരിക്കുന്നതായും പ്രിന്‍സിപ്പാള്‍ അറിയിച്ചു. ജൂലൈ നാലു മുതല്‍ റഗുലര്‍ ക്ലാസുകള്‍ ഉണ്ടായിരിക്കും. നിശ്ചയിച്ച ടൈം ടേബിള്‍ പ്രകാരം പരീക്ഷകള്‍ നടക്കും
- Log in to post comments