Skip to main content

ജലാശയ സംരക്ഷണത്തിന് ശക്തമായ പദ്ധതികൾ നടപ്പിലാക്കണം : ഡോ.എൻ.ജയരാജ്

കോട്ടയം: വരും തലമുറയ്ക്കായി ജലാശയങ്ങളെ കാത്ത് സൂക്ഷിക്കേണ്ടത്  ഓരോരുത്തരുടെയും കടമയാണെന്നും അതിനായുള്ള പദ്ധതികൾ ശക്തമാക്കണമെന്നും സർക്കാർ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് പറഞ്ഞു.നാഗമ്പടം മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി സംഘടിപ്പിച്ച വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ജലാശയങ്ങളുടേയും നീർച്ചാലുകളുടേയും ഡിജിറ്റൽ ഭൂപടം തയ്യാറാക്കലും ജലവിനിയോഗ ആസൂത്രണവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശില്പശാലയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി  അധ്യക്ഷയായിരുന്നു. മീനച്ചിലാർ- മീനന്തറയാർ - കൊടൂരാർ പുന: സംയോജന പദ്ധതി കോ-ഓർഡിനേറ്റർ അഡ്വ.കെ. അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. സബ് കളക്ടർ രാജീവ് കുമാർ ചൗധരി,  ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ആശ ഗിരീഷ്, എസ്. ഷാജി, മോനിച്ചൻ കിഴക്കേടം, ബോബി മാത്യു, ഹരിത കേരളം ജില്ലാ 
കോ -ഓർഡിനേറ്റർ പി.രമേശ്, കൺവീനർ 
കെ സിന്ധു എന്നിവർ പങ്കെടുത്തു

ചടങ്ങിൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ എട്ട് ഗ്രാമ പഞ്ചായത്തുകളുടെ ഡിജിറ്റൽ ഭൂപടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും പഞ്ചായത്ത് പ്രതിനിധികളും ഏറ്റുവാങ്ങി. 'തെളിനീരൊഴുകും നവകേരളം 'തീം സോങ് പ്രകാശനവും നടന്നു. ശുചിത്വ മിഷൻ കോ - ഓർഡിനേറ്റർ ബെവിൻ ജോൺ വർഗ്ഗീസ് തീം സോങ് കാസറ്റ് ഏറ്റുവാങ്ങി. തീം സോങ്ങ് രചിച്ച വിഷ്ണുപ്രിയ,  സംഗീത സംവിധാനം നിർവ്വഹിച്ച പൂഞ്ഞാർ വിജയൻ എന്നിവർക്ക് ഉപഹാരം സമ്മാനിച്ചു  ഡിജിറ്റൽ ഭൂപടം തയ്യാറാക്കാൻ സഹായിച്ച കിടങ്ങൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾക്കും ഹരിത കേരളം റിസോർസ് പേഴ്സൺ മാർക്കുമുള്ള സർട്ടിഫിക്കറ്റും ചടങ്ങിൽ വിതരണം ചെയ്തു. 

കേരളത്തിലെ ജലവിഭവത്തിന്റെ ഗുരുതരാവസ്ഥയും ജല ബഡ്ജറ്റിന്റെ ആവശ്യകതയും എന്ന വിഷയത്തിൽ ജലസേചന വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയർ ഡി. സുനിൽ രാജ് വിഷയാവതരണം നടത്തി. 
ജലവിഭവ ഉപയോഗത്തിൽ സാങ്കേതിക വിദ്യയുടെ പങ്ക് സംബന്ധിച്ച് എം.ജി സർവ്വകലാശാല അസിസ്റ്റന്റ് പ്രൊഫസർ വി. ജെ.ഗോപീകൃഷ്ണ ക്ലാസ്  നയിച്ചു.

date