Skip to main content

സംസ്ഥാനത്ത് 47 സുഭിക്ഷ ഹോട്ടലുകൾ മെയ് അഞ്ചിന് തുറക്കും: മന്ത്രി ജി.ആർ അനിൽ

*കിളിമാനൂർ പുതിയകാവിൽ സുഭിക്ഷ ഹോട്ടൽ ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്തുടനീളം മെയ് അഞ്ചിന് 47 സുഭിക്ഷ ഹോട്ടലുകൾ തുറക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ അനിൽ. ഏത് പ്രതിസന്ധിയിലും ജനങ്ങളെ ചേർത്തുപിടിക്കുന്ന സമീപനമാണ് സർക്കാരിനുള്ളതെന്നും മന്ത്രി പറഞ്ഞു. 13 നിത്യോപയോഗ സാധനങ്ങൾ പൊതുജനങ്ങൾക്കായി വിലയിൽ മാറ്റമില്ലാതെ നൽകുന്നുണ്ടെന്നും റേഷൻ കാർഡുടമകൾക്ക് അവശ്യ സാധനങ്ങൾ സബ്സിഡി നിരക്കിൽ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരം കിളിമാനൂരിലെ പുതിയകാവിൽ സുഭിക്ഷഹോട്ടൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

പട്ടിണി പൂർണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും നടപ്പാക്കുന്ന പദ്ധതിയാണ് വിശപ്പ് രഹിത കേരളം -സുഭിക്ഷ ഹോട്ടൽ. ആവശ്യക്കാർക്ക് 20 രൂപ നിരക്കിൽ സുഭിക്ഷ ഹോട്ടലിൽ നിന്ന് ഉച്ചയൂണ് ലഭിക്കും. മറ്റ് സ്‌പെഷൽ വിഭവങ്ങൾ വിലക്കുറവിലും ലഭിക്കും. പുതിയകാവിൽ പ്രവർത്തനം ആരംഭിച്ച സുഭിക്ഷ ഹോട്ടലിന്റെ നടത്തിപ്പ് ചുമതല പഴയകുന്നുമ്മേൽ ശ്രീകൃഷ്ണ കുടുംബശ്രീ യൂണിറ്റിനാണ്.  പുതിയകാവിലെ ഒമാൻ തുർക്കി കോംപ്ലക്‌സിലാണ് സുഭിക്ഷ ഹോട്ടൽ പ്രവർത്തിക്കുന്നത്. സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.

ഒ.എസ് അംബിക എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി മുരളി, പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് ഷീബ എസ്.വി, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ,സിവിൽ സപ്ലൈസ് കമ്മീഷണർ സജിത് ബാബു, ജില്ലാ സപ്ലൈ ഓഫീസർ സി.എസ് ഉണ്ണികൃഷ്ണകുമാർ, സിവിൽ സപ്ലൈസ് ജീവനക്കാർ എന്നിവരും പങ്കെടുത്തു.

date