Skip to main content

ജില്ലാ വികസനസമിതി യോഗം ചേർന്നു

തിരുവനന്തപുരം ജില്ലാ വികസന സമിതി ഓൺലൈൻ യോഗം ചേർന്നു. ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മണ്ണന്തല -പൗഡിക്കോണം-ശ്രീകാര്യം മോഡൽ റോഡുകളുടെ പണി വേഗത്തിൽ നടപ്പാക്കണമെന്ന് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ആവശ്യപ്പെട്ടു. ഉളിയാഴ്ത്തുറ വില്ലേജ് ഓഫീസ് നിർമാണം, കഴക്കൂട്ടം മണ്ഡലത്തിൽ നിർമാണത്തിലിരിക്കുന്ന സ്‌കൂൾ കെട്ടിടങ്ങളുടെ പ്രവൃത്തികൾ എന്നിവ അടിയന്തരമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് അദ്ദേഹം നിർദേശിച്ചു.

കൊല്ലംകോട്, പൊഴിയൂർ മേഖലകളിൽ കടലാക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഈ മേഖലകളിൽ കടൽഭിത്തി നിർമിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കെ.ആൻസലൻ എം.എൽ.എ പറഞ്ഞു. വെഞ്ഞാറമൂട് റിംഗ് റോഡ് സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും നെല്ലനാട് പഞ്ചായത്തിൽ ഉദ്ഘാടനം കഴിഞ്ഞ മത്സ്യമാർക്കറ്റിന്റെ പ്രവർത്തനം ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഡി.കെ മുരളി എം.എൽ.എ ആവശ്യപ്പെട്ടു.

ടൂറിസം കേന്ദ്രമായവർക്കല കാപ്പിലിൽ ബോട്ട് സർവീസ് പുനരാരംഭിക്കണമെന്നും കാപ്പിലേക്കുള്ള കെ.എസ്.ആർ.ടി.സി സ്റ്റേ ബസ് സർവീസ് തുടരുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും വി.ജോയി എം.എൽ.എ നിർദ്ദേശിച്ചു.

കാട്ടാക്കട-നെയ്യാർഡാം റോഡിന്റെ ടാറിംഗ് വേഗത്തിലാക്കണമെന്ന് ജി.സ്റ്റീഫൻ എം.എൽ.എ പറഞ്ഞു. കുറ്റിച്ചൽ പഞ്ചായത്തിൽ താമസിക്കുന്നവർക്ക് വനാവകാശരേഖ ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശാർക്കര-വലിയകട റോഡിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുടർനടപടികൾ സംബന്ധിച്ച് വി.ശശി എം.എൽ.എ യോഗത്തിൽ ആരാഞ്ഞു. അഞ്ചുതെങ്ങ് പഞ്ചായത്തിൽ വാട്ടർ ടാങ്ക് പണിയുന്നതിനുള്ള സ്ഥലമെടുപ്പ് നടപടികളുടെ പുരോഗതിയും അദ്ദേഹം വിലയിരുത്തി.

വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനവുമായി ബന്ധപ്പെട്ട തുടർനടപടികൾ വി.കെ പ്രശാന്ത് എം.എൽ.എ വിലയിരുത്തി. പൈപ്പ്‌ലൈൻ സ്ഥാപിക്കാനായി കുഴിച്ച റോഡുകളുടെ പാച്ച് വർക്കുകൾ ഉടൻ പൂർത്തിയാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് എം.എൽ.എ നിർദേശിച്ചു.

കോവളം മണ്ഡലത്തിൽ കോവിഡ് കാലത്ത് നിർത്തലാക്കിയ കെ.എസ്.ആർ.ടി.സി സർവീസുകൾ പുനരാരംഭിക്കണമെന്ന് എം.വിൻസെന്റ് എം.എൽ.എ ആവശ്യപ്പെട്ടു.  ബാലരാമപുരം-വഴിമുക്ക് റോഡ് അടിയന്തരമായി ബിസി വർക്ക് ചെയ്ത് ട്രാഫിക് പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്നും അദ്ദേഹം യോഗത്തിൽ നിർദേശിച്ചു.

അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഇ.മുഹമ്മദ് സഫീർ, ഡെപ്യൂട്ടി കളക്ടർമാർ, എം.പിമാരുടെ പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

date