Skip to main content
ഗുരുവായൂർ ദേവസ്വത്തിന്റെ അഷ്ടപദി സംഗീതോത്സവത്തിന്റെ ഉദ്ഘാടനം  മന്ത്രി കെ രാധാകൃഷ്ണൻ നിർവ്വഹിക്കുന്നു

കലാകാരന്മാരെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും  സർക്കാരിനൊപ്പം സമൂഹവും പങ്കുചേരണം: മന്ത്രി കെ രാധാകൃഷ്ണൻ 

 

മനുഷ്യമനസുകളിലെ സ്പർദ്ദ ഇല്ലാതാക്കാൻ കലയ്ക്ക് സാധിക്കുമെന്നും കലാകാരന്മാരെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും സർക്കാരിനൊപ്പം സമൂഹവും പങ്കുചേരണമെന്നും പട്ടികജാതി, പട്ടികവർഗ, ദേവസ്വം  വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ഗുരുവായൂർ ദേവസ്വത്തിന്റെ അഷ്ടപദി സംഗീതോത്സവ ഉദ്ഘാടനവും ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീ ഗുരുവായുരപ്പൻ അഷ്ടപദി പുരസ്കാര സമർപ്പണവും നിർവ്വഹിക്കുകയായിരുന്നു മന്ത്രി.  

അഷ്ടപദി പുരസ്കാര തുക കലാകാരന്മാർക്ക് ഉപകാരമാകും വിധം ഒരു ലക്ഷം രൂപയായി വർദ്ധിപ്പിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അഷ്ടപദിയിലെ പ്രസിദ്ധ കലാകാരനായ പയ്യന്നൂർ കൃഷ്ണമണി മാരാർക്ക് മന്ത്രി പുരസ്കാരം സമർപ്പിച്ചു.25,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 

ഗുരുവായൂർ തെക്കേനടയിലെ വേദിയിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി കെ വിജയൻ അധ്യക്ഷത വഹിച്ചു. എൻ കെ അക്ബർ എം എൽ എ,  ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് എന്നിവർ മുഖ്യാതിഥികളായി. 

അഷ്ടപദി സംഗീതോത്സവത്തിന്റെ ഭാഗമായി നടന്ന ഗീതാഗോവിന്ദം ദേശീയ സെമിനാർ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗീതാഗോവിന്ദത്തിന്റെ കാവ്യഭംഗി എന്ന വിഷയത്തിൽ ഡോ.മുരളീ മാധവൻ,  ഗീതാഗോവിന്ദം ഒരു അനുഷ്ഠാന കല എന്ന വിഷയത്തിൽ ഡോ.എൻ പി വിജയകൃഷ്ണൻ, അഷ്ടപദിയിലെ രാഗങ്ങൾ എന്ന വിഷയത്തിൽ അമ്പലപ്പുഴ വിജയകുമാർ, അഷ്ടപദിയുടെ സ്വാധീനം നൃത്തകലയിൽ എന്ന വിഷയത്തെ അധികരിച്ച് 
ഡോ.നീന പ്രസാദ് എന്നിവർ  വിഷയാവതരണം നടത്തി.
ദേവസ്വം ഭരണസമിതി അംഗം അഡ്വ.കെ വി മോഹന കൃഷ്ണൻ, ഡോ.വി അച്യുതൻകുട്ടി, ദേവസ്വം ഭരണ സമിതി അംഗം ചെങ്ങറ സുരേന്ദ്രൻ, അഡ്വ.കെ വി മോഹനകൃഷ്ണൻ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവർ സംസാരിച്ചു.

date