Skip to main content

എളമരംകടവ് പാലം നിര്‍മാണം പൂര്‍ത്തിയായി

മെയ് 23 ന് നാടിന് സമര്‍പ്പിക്കും

മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന എളമരം കടവ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. നിര്‍മാണം പൂര്‍ത്തിയായ പാലം മെയ് 23 ന് ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ. മുഹമ്മദ് റിയാസ് അറിയിച്ചു. ചാലിയാറിന് കുറുകെ നിര്‍മിച്ചിട്ടുള്ള പാലത്തിന് 350 മീറ്റര്‍ നീളവും 11.5 മീറ്റര്‍ വീതിയുമാണുള്ളത്. 35 മീറ്റര്‍ വീതിയിമുള്ള 10 സ്പാനുകളാണ് പാലത്തിലുള്ളത്. കേന്ദ്ര റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 35 കോടി രൂപ ചെലവിട്ടാണ് പാലം പണി പൂര്‍ത്തിയാക്കിയത്. മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തിനെയും കോഴിക്കോട് ജില്ലയിലെ മാവൂര്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നതാണ് ചാലിയാറിന് കുറുകെയുള്ള എളമരം കടവ് പാലം. കോഴിക്കോട് കേന്ദ്രീകരിച്ചിട്ടുള്ള പിടിഎസ് ഹൈടെക് പ്രൊജക്ട്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും കെ.കെ ബില്‍ഡേഴ്‌സും ചേര്‍ന്നാണ് നിര്‍മാണം നടത്തുന്നത്.

പാലം തുറക്കുന്നതോടെ ഇരു ജില്ലകളിലേക്കുള്ള ഗതാഗത സൗകര്യം കൂടുതല്‍ എളുപ്പമാവും. വയനാട്, താമരശേരി, കുന്നമംഗലം പ്രദേശങ്ങളിലുള്ളവര്‍ക്ക് മലപ്പുറം ഭാഗത്തേക്കും കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുമുള്ള ദൂരം ഗണ്യമായി കുറയും. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, എടവണ്ണപ്പാറ, അരിക്കോട്, വാഴക്കാട്, എളമരം തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജ്, കുന്നമംഗലം എന്‍.ഐ.ടി ഭാഗങ്ങളിലേക്ക് വേഗത്തില്‍ എത്തിചേരാന്‍ കഴിയും.

നിലവില്‍ മലപ്പുറം ജില്ലയിലെ ഭാഗത്തെ അപ്രോച്ച് റോഡിന്റെ പ്രവൃത്തി അവസാന ഘട്ടത്തിലാണ്. എളമരംകടവില്‍നിന്ന് എടവണ്ണപ്പാറവരെയുള്ള 2,825 കിലോമീറ്റര്‍ നീളത്തിലും എളമരംകടവില്‍ നിന്ന് പണിക്കര പുറായ് വരെ 1.778 കിലോമീറ്ററുമാണ് വാഴക്കാട്ട് ഭാഗത്തെ രണ്ട് അപ്രോച്ച് റോഡുകളുടെയും നീളം. കോഴിക്കോട് മാവൂര്‍ ഭാഗത്തെ അപ്രോച്ച് റോഡിന്റെ ബി.എം.ബി.സി പ്രവൃത്തി നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു.

date