Skip to main content

പിന്നോക്ക വിഭാഗങ്ങളിലെ യുവതി-യുവാക്കള്‍ക്ക് ജോലി:

  

ജില്ലയില്‍ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളിലെ യുവതി-യുവാക്കള്‍ക്ക്് തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ക്ക് ജില്ലാ വികസന സമിതി യോഗ തീരുമാനം. ഗോത്രവര്‍ഗ്ഗം, പട്ടികജാതി വിഭാഗം, മത്സ്യത്തൊഴിലാളികള്‍  
എന്നിവര്‍ക്ക് പി.എസ്.സിയിലൂടെയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയും ജോലി ലഭ്യമാക്കുന്നതിന് ആക്ഷന്‍ പ്ലാന്‍ തയാറാക്കാന്‍ തീരുമാനമായി. പി.എസ്.സിയില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തുന്നതിനും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിനും ബോധവത്കരണം നടത്തി  സഹായം നല്‍കുന്നതിനും ഉതകുന്ന വിധത്തിലാകും പ്രവര്‍ത്തനം. ജില്ലയില്‍ ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളിലെ കാലതാമസം ഒഴിവാക്കുന്നതിനും ആവശ്യമായ പഞ്ചായത്തുകളില്‍ സ്ഥലം ലഭ്യമാക്കുന്നതിന് പ്രാദേശികമായി യോഗം വിളിക്കുന്നതിനും വികസന സമിതി യോഗം തീരുമാനിച്ചു. സ്ഥലം ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ക്ക് എം.എല്‍.എമാര്‍ മുന്‍കൈയെടുക്കണമെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അഭ്യര്‍ത്ഥിച്ചു. ജല ജീവന്‍ മിഷന്‍ പദ്ധതി പ്രകാരം ജില്ലയില്‍ 105071 വാട്ടര്‍ കണക്ഷനുകള്‍ നല്‍കിയതായും  ബാക്കി 612989 കണക്ഷനുകള്‍ക്ക് ഭരണാനുമതിയും 513336 കണക്ഷനുകള്‍ക്ക് സാങ്കേതികാനുമതിയും നല്‍കിയതായും കേരള വാട്ടര്‍ അതോറിറ്റി എക്‌സി. എഞ്ചിനീയര്‍ പറഞ്ഞു. ഇതില്‍ 345644 കണക്ഷനുകള്‍ ടെന്‍ഡര്‍ ചെയ്ത് 293371 കണക്ഷനുകള്‍ക്ക് പ്രവൃത്തി ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശാരീരിക- മാനസിക പ്രശ്‌നങ്ങളുള്ള കുട്ടികള്‍ ജനിക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി എല്ലാ ഗര്‍ഭിണികള്‍ക്കും ഫോളിക് ആസിഡ് ഗുളികള്‍ നല്‍കുന്നത് ഉറപ്പാക്കാന്‍ ജില്ലാ കലക്ടര്‍ ഡി.എം.ഒയ്ക്ക് നിര്‍ദേശം നല്‍കി.
അനാഥരായ കുട്ടികളുടെ ക്ഷേമത്തിനായി ആക്ഷന്‍ പ്ലാന്‍ തയാറാക്കാന്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസറെ നിയോഗിച്ചു. മലയോര മേഖലയില്‍ വന്യമൃഗശല്യം തടയാന്‍ നബാര്‍ഡ് സഹായത്തോടെ 45.2 കിലോമീറ്ററില്‍ സോളാര്‍ ഹാഗിംങ് ഫെന്‍സ് സ്ഥാപിക്കുന്നതിനായി പദ്ധതി സമര്‍പ്പിച്ച സാഹചര്യത്തില്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് ജില്ല കലക്ടര്‍ പറഞ്ഞു. ലീഗല്‍ മെട്രോളജി വകുപ്പിന് കീഴില്‍ രണ്ട് കോടി രൂപ ചെലവില്‍ ലാബ് സ്ഥാപിക്കുന്നതിന് മലപ്പുറം സിവില്‍ സ്‌റ്റേഷന്‍ വളപ്പില്‍ 10 സെന്റ് സ്ഥലം അനുവദിക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടറെ ചുമതലപ്പെടുത്തി. തിരുന്നാവായ കൊടക്കല്ലിലെ 70 കുടുംബങ്ങള്‍ക്ക് മൂന്ന് ആഴ്ചക്കുള്ളില്‍ പട്ടയം നല്‍കാനാകുമെന്ന് അധികൃതര്‍ അറിയിച്ചു. തിരൂര്‍-പൊന്നാനി പുഴ തീര സര്‍വെ മെയ് 15നകം പൂര്‍ത്തീകരിക്കും. മലയോര മേഖലയിലെ ഗോത്രവര്‍ഗ്ഗ കോളനികള്‍ ഐ.റ്റി.ഡി.പി ഉദ്യോഗസ്ഥര്‍ മാസത്തില്‍ ഒരിക്കല്‍ സന്ദര്‍ശിക്കണമെന്നും ഊരുമൂപ്പന്‍മാരുടെയും പഞ്ചായത്ത് പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ കോളനികളില്‍ യോഗം ചേരണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

വാഴക്കാട് ഗവ. ഐ.ടി.ഐ നിര്‍മാണത്തിനായി കണ്ടെത്തിയ വാഴക്കാട് വില്ലേജിലെ  സ്ഥലം വകുപ്പിന് കൈമാറുന്നതിനായി ഭൂമിയുടെ കൈമാറ്റ പ്രപ്പോസല്‍ തുടര്‍ നടപടികള്‍ക്കായി ലാന്റ് റവന്യു കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചതായി ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) അറിയിച്ചു. തേഞ്ഞിപ്പലം പോലീസ് സ്റ്റേഷന് പുതിയ കെട്ടിടമൊരുക്കാന്‍ 1.97 കോടി രൂപയുടെ ഡി.പി.ആര്‍ തയാറാക്കി സമര്‍പ്പിച്ചതായും വേങ്ങര ഫയര്‍‌സ്റ്റേഷന്‍ നിര്‍മാണത്തിനായി 2.95 കോടി രൂപയുടെ ഭരണാനുമതിയായതായും സ്ഥലം ലഭ്യമായാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുടിവെള്ളക്ഷാമവും വരള്‍ച്ചയും നേരിടാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ചെറുകിട ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍  അറിയിച്ചു. മുതുവല്ലൂര്‍ പഞ്ചായത്തിലെ കോട്ടപ്പറമ്പ്, ചീക്കോട് പഞ്ചായത്തിലെ പാലപ്പറമ്പ് പട്ടികജാതി കോളനികളെ അംബേദ്കര്‍ ഗ്രാമം വികസന പദ്ധതിയിലേക്ക് ഉള്‍പ്പെടുത്തിയതായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ പറഞ്ഞു.  പൊന്നാനി കോള്‍ മേഖലയില്‍ ജലക്ഷാമം കണക്കിലെടുത്ത് കര്‍ഷകരുടെ ആവശ്യപ്രകാരം വെള്ളം പമ്പ് ചെയ്യുന്നുണ്ടെന്നും ഭാരതപ്പുഴയില്‍ നിന്ന് കോള്‍നിലങ്ങളിലേക്ക് വന്‍കിട ജലസേചന പദ്ധതികള്‍ തയാറാക്കുന്നതായും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വ്യക്തമാക്കി. മണ്‍സൂണിന് മുമ്പ് പുഴകളിലെയും തോടുകളിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ഏറ്റവും കൂടുതല്‍ പട്ടയങ്ങള്‍ അനുവദിക്കുന്നതിനും ഇ ഓഫീസ് പദ്ധതി നടപ്പാക്കുന്നതിനും നല്ല നിലയില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ ജില്ലാ കലക്ടര്‍ അഭിനന്ദിച്ചു. എം.എല്‍.എമാരായ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, ടി.വി ഇബ്രാഹിം, അഡ്വ.യു.എ ലത്തീഫ്, കുറുക്കോളി മൊയ്തീന്‍, പി ഉബൈദുള്ള, രാഹുല്‍ഗാന്ധി എം.പിയുടെ പ്രതിനിധിനി വി.എ കരീം, എം.പി അബ്ദുസമദ് സമദാനി എം.പിയുടെ പ്രതിനിധി ഉമ്മര്‍ അറയ്ക്കല്‍, മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി, എ.ഡി.എം എന്‍.എം മെഹ്‌റലി, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ എ.ഡി ജോസഫ്,  മറ്റ് എം.എല്‍.എമാരുടെയും എം.പിമാരുടെയും പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  
 

date