Skip to main content

കോവിഡ് പ്രതിരോധ നടപടികള്‍ ശക്തമാക്കണം:

പൊതുജനങ്ങള്‍ എല്ലാവരും കോവിഡ് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ കൃത്യമായി പാലിക്കുകയും കോവിഡ് വാക്‌സിനേഷന്‍ ഡോസുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ:ആര്‍.രേണുക അറിയിച്ചു. ജില്ലയില്‍ പ്രതിദിന കോവിഡ് കേസുകള്‍ 10ന് താഴെയായി കുറഞ്ഞെങ്കിലും രാജ്യത്തെ മറ്റു സ്ഥലങ്ങളില്‍ കോവിഡ് വ്യാപനം ഉയരുന്ന  സാഹചര്യത്തിലാണ് മുന്നറിയിപ്പ്. കോവിഡിനെതിരായ പ്രാഥമിക സുരക്ഷാ പ്രതിരോധ മാര്‍ഗ്ഗങ്ങളായ കൈകള്‍ ഇടയ്ക്കിടെ വൃത്തിയാക്കല്‍, മൂക്കും വായും മൂടുന്ന വിധത്തില്‍ മാസ്‌ക്ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍  എന്നിവ കൃത്യമായി അനുവര്‍ത്തിക്കണം.ഇതുവരെയും കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയാത്തവരുണ്ടെങ്കില്‍ സമീപത്തെ ആരോഗ്യസ്ഥാപനത്തില്‍ നേരിട്ട് ചെന്ന്  ഉടന്‍ തന്നെ സൗജന്യമായി കോവിഡ് വാക്‌സിന്‍ സ്വീകരിക്കണം. ജില്ലയില്‍ ഇന്നലെ (ഏപ്രില്‍ 30) വരെ ഒന്നാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചത് 34,58,140 പേരും രണ്ട് ഡോസ് വാക്‌സിനും എടുത്തവര്‍ 29,61,309 പേരും മുന്‍കരുതല്‍ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ 85,179 പേരുമാണ്. 3,94,838 പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ പോലും എടുത്തിട്ടില്ല. 7,17,284 പേര്‍ സമയമായിട്ടും രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുമില്ല. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവരില്‍ കോവിഡ് ബാധിച്ചവര്‍ വളരെ കുറവാണ്. അതില്‍ തന്നെ രോഗം ഗുരുതരമായവരും മരണപ്പെട്ടവരും നാമമാത്രമാണ്.  ജില്ലയില്‍ കോവാക്‌സിന്‍, കോവിഷീള്‍ഡ്, കോര്‍ബിവാക്‌സ് എന്നീ കോവിഡ് പ്രതിരോധ വാക്‌സിനുകളാണ്  വിതരണം ചെയ്യുന്നത്. വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം കോവിഡ് വന്നവര്‍ക്ക് രോഗം ഗുരുതരമാകുകയോ വലിയ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാകുകയോ ചെയ്തിട്ടില്ല. രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നത്  കോവിഡ് രോഗം വരുന്നതിനെ പ്രതിരോധിക്കുകയും വന്നാല്‍ തന്നെ രോഗം ഗുരുതരമാകുന്നതിനെ തടയുകയും ചെയ്യും എന്നതാണ്  ഇത്തരം കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് ഡി.എം.ഒ പറഞ്ഞു.

date