Skip to main content

കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലക്ഷ്യം:

ജില്ലയിലെ അഭ്യസ്ഥവിദ്യരായ അറുപതിനായിരത്തിലേറെ വരുന്ന യുവതീ-യുവാക്കള്‍ക്ക്  ജോലി ലഭ്യമാക്കാന്‍
ജില്ലയില്‍ 'ഉദ്യോഗ് മലപ്പുറം 2022'  വെബ്‌പോര്‍ട്ടല്‍ പ്രവര്‍ത്തനം തുടങ്ങി. ജില്ലാ പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ജോബ് ഫെയര്‍ പദ്ധതിയായ 'ഉദ്യോഗ് മലപ്പുറം 2022' ന്റെ വെബ് പോര്‍ട്ടല്‍ ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷയായി. വിദേശത്തും സ്വദേശത്തുമുള്ള പൊതു-സ്വകാര്യ മേഖലകളിലുള്ള തൊഴില്‍ ദാതാക്കളെയും ജില്ലയിലെ യുവസമൂഹത്തെയും ഒരേ പ്ലാറ്റ്ഫോമിലെത്തിച്ച് പരസ്പരം മനസിലാക്കാനും അതു വഴി തൊഴില്‍ ലഭ്യമാക്കാനും ലക്ഷ്യമിടുന്നതാണ് പദ്ധതി.പത്താം ക്ലാസ് മുതല്‍ ഉയര്‍ന്ന ഗവേഷണ ബിരുദമുള്ളവരും വ്യത്യസ്തങ്ങളായ മേഖലകളില്‍ പരിശീലനം നേടിയിട്ടുള്ളവരും പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയവര്‍ക്കും പദ്ധതിയുടെ ഭാഗമാകാം. ഗുണഭോക്താക്കളാകുന്നതിനായി  വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം.  tthps://udyog.dtsirictpanchayatmalappuram.org എന്ന രജിസ്ട്രേഷന്‍ ലിങ്ക് വഴി പ്രാഥമിക വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക്  ഓറിയന്റേഷന്‍ ക്ലാസ് നല്‍കും. മെയ് 12 ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം.  തൊഴില്‍ ദാതാക്കള്‍ക്ക് ഈ വെബ്പോര്‍ട്ടല്‍ വഴി അവരുടെ തൊഴില്‍ അവസരങ്ങള്‍ വെബ് പോര്‍ട്ടലിലൂടെ അറിയിക്കാം. തൊഴില്‍ ദാതാക്കള്‍ മെയ് 15 വരെ രജിസ്റ്റര്‍ ചെയ്യാനാണ് അവസരം.  പദ്ധതിയുടെ ഭാഗമായുള്ള ആദ്യ തൊഴില്‍ മേള മെയ് 28,29 തിയതികളിലായി  നിലമ്പൂര്‍ അമല്‍ കോളജില്‍ നടക്കും. 150-ലേറെ  തൊഴില്‍ ദാതാക്കളേയും 5000ത്തില്‍പ്പരം തൊഴിലവസരങ്ങളുമാണ് പ്രതീക്ഷിക്കുന്നത്.  തൊഴില്‍ മേളയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെയ് 20 മുതല്‍ 26 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടത്തുന്ന ഓറിയന്റേഷന്‍ ക്ലാസുകളില്‍ പങ്കെടുക്കാം. ഇന്റര്‍വ്യൂ ദിവസമായ മെയ് 29ന് നിലമ്പൂര്‍ അമല്‍ കോളജില്‍ രാവിലെ 8:30 ന് അഡ്മിറ്റ് കാര്‍ഡും തിരിച്ചറിയല്‍ രേഖയും  ബയോഡാറ്റയുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പുകള്‍ സഹിതം ഉദ്യോഗാര്‍ത്ഥികള്‍ എത്തണമെന്ന്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അറിയിച്ചു.
 

date