Skip to main content
മത്സ്യ കർഷക പരിശീലന പരിപാടി എസ് എൻ പുരം പഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹനൻ നിർവഹിക്കുന്നു

മത്സ്യ കൃഷിയില്‍ വിജയം നേടാന്‍ പരിശീലനം നല്‍കി ഫിഷറീസ്

 

മത്സ്യകൃഷിയിലെ വിവിധ സാധ്യതകളെ മുന്‍നിര്‍ത്തി ആദായകരമാകും വിധം മത്സ്യകൃഷി മേഖലയില്‍ നേട്ടം കൈവരിക്കാന്‍ കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മത്സ്യ കര്‍ഷകര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. അഴീക്കോട് മത്സ്യഭവന്‍ പരിധിയില്‍ ഉള്‍പ്പെടുന്ന കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റി മുതല്‍ പെരിഞ്ഞനം വരെയുള്ള പഞ്ചായത്തുകളിലെ മത്സ്യ കര്‍ഷകര്‍ക്കായാണ് പരിശീലന പരിപാടി ഒരുക്കിയത്. ശ്രീനാരായണപുരം തേവര്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു. മത്സ്യകൃഷി മേഖലയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, വിവിധയിനം കൃഷി രീതികള്‍, ശ്രദ്ധിക്കേണ്ട നിയമവശങ്ങള്‍, ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കുന്ന വിവിധ മത്സ്യ കൃഷി പദ്ധതികളുടെ വിശദീകരണം, ഓര്ജല മത്സ്യ കൃഷിയെകുറിച്ചും കൂട് മത്സ്യകൃഷിയും പരിചയപ്പെടുത്തല്‍ അതിന്റെ സാധ്യതകളുടെ വിശകലനം, നൂതന മത്സ്യകൃഷിരീതികള്‍ മത്സ്യ കൃഷിയിടം സന്ദര്‍ശിച്ചു ജല ഗുണ നിലവാരം, അനുബന്ധ സാഹചര്യങ്ങള്‍ ഒരുക്കല്‍ തുടങ്ങിയ ഒട്ടനവധി വിഷയങ്ങള്‍ പരിശീലനത്തില്‍ ചര്‍ച്ച ചെയ്തു. 150 പേരാണ് പരിശീലനത്തില്‍ പങ്കെടുത്തു. 

അഴിക്കോട് ഗവ. മേഖല ചെമ്മീന്‍ വിത്ത് ഹാച്ചറി  അസിസ്റ്റന്റ് ഡയറക്ടര്‍ അനീഷ്, അഴീക്കോട് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഷാജി സി, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ലീന തോമസ്, അസിസ്റ്റന്റ് ഡയറക്ടര്‍ ജയന്തി ടി ടി, ചാലക്കുടി മത്സ്യഭവന്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജിബിന എം എം, നാട്ടിക മത്സ്യഭവന്‍ ഫിഷറീസ് കോ ഓര്‍ഡിനേറ്റര്‍ ഹിത പി വി എന്നിവരാണ് ബന്ധപ്പെട്ട വിഷയങ്ങളില്‍ ക്ലാസ് നയിച്ചത്. എസ് എന്‍ പുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ സുനില്‍രാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് പരിശീലനപരിപാടിയില്‍ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ എ അയൂബ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ മിനി പ്രദീപ്, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍, മത്സ്യ കര്‍ഷകര്‍ എന്നിവര്‍ സംബന്ധിച്ചു.

date