Skip to main content

പ്രഥമ നൈപുണ്യ പരിചയ മേള സംസ്ഥാന തല ഉദ്ഘാടനം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ജൂലൈ 30 ന്

 

കേരള സര്‍ക്കാര്‍ സംരംഭമായ അസാപ്പ് കേരളയുടെ പുതുതലമുറ കോഴ്‌സുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്താന്‍ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളില്‍ നടത്തുന്ന നൈപുണ്യ മേളയുടെയും നൈപുണ്യ പരിശീലനത്തിലൂടെ തൊഴില്‍ നേടാന്‍ പ്രാപ്തമാക്കുന്ന കെ.സ്‌കില്‍ ക്യാമ്പയിന്റെയും സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 30 ശനിയാഴ്ച ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു നിര്‍വഹിക്കും. കേരളത്തിന്റെ വൈജ്ഞാനിക സമൂഹ കേന്ദ്രീകൃതമായ സമ്പദ്‌വ്യവസ്ഥയ്ക്ക്, ഇരുപത് ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ എന്ന ലക്ഷ്യവുമായി മുന്നോട്ട് നീങ്ങുന്ന സര്‍ക്കാരിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവിധ തൊഴില്‍ മേഖലകള്‍, അതുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍, കോഴ്‌സിന്റെ പ്രത്യേകതകള്‍, തൊഴില്‍ സാധ്യതകള്‍, സര്‍ട്ടിഫിക്കേഷന്‍, പരിശീലനം നല്‍കുന്ന വ്യവസായ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ എന്നിവ മേളയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടാനും ചോദിച്ചറിയാനും കഴിയും. എന്‍.സി.വി.ടി. അംഗീകാരം നേടിയ 103 ഓളം കോഴ്‌സുകളാണ് അസാപ് നൈപുണ്യ മേളയില്‍ പരിചയപ്പെടുത്തുന്നതെന്ന് അസാപ്പ് സംസ്ഥാന കോര്‍ഡിനേറ്റര്‍ ഫ്രാന്‍സിസ് ടി.വി. അറിയിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് കേരള നോളേജ് ഇക്കോണമി മിഷന്‍ വഴി ലഭ്യമായ സ്‌കോളര്‍ഷിപ്പുകളും കാനറ ബാങ്കുമായി സഹകരിച്ച് സ്‌കില്‍ ലോണ്‍ പദ്ധതിയെകുറിച്ചുള്ള വിവരങ്ങളും മേളയില്‍ ലഭിക്കും. ഐ.ടി, മീഡിയ, ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ്, ഇലക്ട്രോണിക് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍, മാനേജ്‌മെന്റ് മേഖലയിലെ വിദഗ്ധര്‍ നയിക്കുന്ന സ്‌കില്‍ ടോക്, തൊഴില്‍ കമ്പോളത്തിലേക്ക് സജ്ജമാക്കുന്നതിന് വേണ്ടിയുള്ള പ്ലേസ്‌മെന്റ് ഗ്രൂമിങ്ങും മേളയുടെ ഭാഗമായി നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അവരവരുടെ ഇഷ്ട കോഴ്‌സുകള്‍ തിരഞ്ഞെടുക്കാനും കോഴ്‌സുകളില്‍ രജിസ്റ്റര്‍ ചെയ്യാനും സൗകര്യമുണ്ടാകും. അതോടൊപ്പം പരിശീലന പങ്കാളികളെ ഉള്‍പ്പെടുത്തിക്കൊണ്ട് പതിനഞ്ചോളം തൊഴില്‍ മേഖലകളെകുറിച്ചുള്ള സ്റ്റാളുകള്‍ കൂടി മേളയുടെ ഭാഗമായി ഒരുക്കുന്നുണ്ട്.

ജൂലൈ 30 ന് നടക്കുന്ന പ്രഥമ നൈപുണ്യ പരിചയ മേളയില്‍ അസാപ്പ് കേരള സി. എം. ഡി. ഉഷ ടൈറ്റസ്, ജനപ്രതിനിധികള്‍, അസാപ്പ് മേധാവികള്‍ അടക്കമുള്ള പ്രമുഖര്‍  പങ്കെടുക്കും. ജനപ്രതിനിധികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അധ്യാപക- പൊതു സമൂഹം എന്നിവയുടെ സഹകരണത്തോടെയാണ് മേള സംസ്ഥാനമൊട്ടാകെ നടക്കുക. അസാപ്പ് നൈപുണ്യ മേളയുടെ ഭാഗമായുള്ള രജിസ്‌ട്രേഷന്‍ രാവിലെ 8 മണിക്ക് ആരംഭിച്ച് 9.30വരെ നടക്കും. 9.30 ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആര്‍.ബിന്ദു മേള ഉദ്ഘാടനം ചെയ്യും. അസാപ് വഴി സെന്റ് ജോസഫ് കോളേജ്, ക്രൈസ്റ്റ് കോളേജ്, ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് എന്നിവയുമായി സഹകരിച്ച് പരിപാടികള്‍ നടത്തുന്നതിനുള്ള ധാരണാ പത്രം ഒപ്പിടല്‍ രാവിലെ, 11 മണിക്ക് നടക്കും. ടെക്‌നിക്കല്‍ മേഖലയും നോണ്‍ ടെക്‌നിക്കല്‍ മേഖലയും സംബന്ധിച്ചുള്ള സ്‌കില്‍ ടോക്, എക്‌സിബിഷന്‍ മന്ത്രി 11 മണിക്ക് ഉദ്ഘാടനം ചെയ്യും. 30 സ്റ്റാളുകള്‍, ഇലക്ട്രിക് വാഹനം, ഡ്രോണ്‍ പൈലറ്റ് തുടങ്ങിയവ എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിക്കും. 2 മണിക്ക് പ്ലേസ് മെന്റ് ഗ്രൂമിങുമായി ബന്ധപ്പെട്ടുള്ള സ്‌കില്‍ ടോക് പ്രധനവേദിയില്‍ നടക്കും. അസാപ്പിന്റെ പ്ലേസ്‌മെന്റ് പോര്‍ട്ടലിലും കെ സ്‌കില്‍ പദ്ധതിക്ക് കീഴിലുള്ള പരിശീലന പരിപാടികളിലേക്കുള്ള രജിസ്‌ട്രേഷനും അവിടെ ആരംഭിക്കും. വൈകിട്ട് 5 മണിയോടെ പരിപാടികള്‍ സമാപിക്കും.

വിദ്യാര്‍ത്ഥികളെ കേവലം തൊഴില്‍ അന്വേഷകരായിട്ടല്ല, തൊഴില്‍ സൃഷ്ടാക്കളായി മാറുകയാണ് മേളയുടെയും കെ സ്‌കില്‍ ക്യംപയിന്റെയും ലക്ഷ്യം.വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റാര്‍ട്ട് അപ്പ് തുടങ്ങുന്നതിനുള്ള അവസരം ഒരുക്കുക, വ്യവസായ സംരംഭങ്ങള്‍ക്ക് ആവശ്യമായ ശേഷി ഉള്ളവരെ കണ്ടെത്തുക, തൊഴിലധിഷ്ഠിതമായി പഠിച്ചു വരുമാനം കണ്ടെത്താന്‍ സഹായിക്കുക എന്നീ ലക്ഷ്യങ്ങളാണ് കെ സ്‌കില്‍ ക്യമ്പയിനും മുന്നോട്ട് വെക്കുന്നത്.

date