Skip to main content

അക്ഷരകൈരളി അനുമോദന സദസ്സ് ഉദ്ഘാടനം ഇന്ന് (ജൂലൈ 30)

 

കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ സമിതിയായ അക്ഷരകൈരളിയുടെ നേതൃത്വത്തില്‍ 100 ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങള്‍ക്കും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും ആദരിക്കുന്ന അക്ഷര കൈരളി അനുമോദന സദസിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു നിര്‍വഹിക്കും. ചീഫ് വിപ്പ് ഡോ എന്‍ ജയരാജ് വിദ്യാര്‍ഥികളെ ആദരിക്കും. ജൂലൈ 30 ഉച്ചയ്ക്ക് 2 30 ന് മതിലകം പള്ളി വളവ് സെന്‍ട്രല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ എസ്എസ്എല്‍സി പ്ലസ് ടു വിഎച്ച്എസ്ഇ എന്നീ പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും വിദ്യാലയങ്ങളെയുമാണ് ആദരിക്കുന്നത്.

വിദ്യാഭ്യാസയജ്ഞം കൂടുതല്‍ ലളിതമാക്കുക എന്ന ലക്ഷ്യത്തോടെ ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ പദ്ധതിയാണ് അക്ഷരകൈരളി. 2016-17 ല്‍ ആരംഭിച്ച പദ്ധതി സംസ്ഥാനത്തെ മറ്റ് നിയോജകമണ്ഡലങ്ങളില്‍ നിന്ന് വ്യത്യസ്തമായ വിദ്യാഭ്യാസ പദ്ധതിയാണ്. അക്ഷരകൈരളി പദ്ധതിയുടെ ഭാഗമായി 11 ഉപഗ്രൂപ്പുകള്‍ രൂപീകരിച്ച് വ്യത്യസ്തമായ പദ്ധതികള്‍ നടപ്പാക്കി. വായനാവസന്തം, സയന്‍ഷ്യ, കലാമുറ്റം, സ്വരക്ഷ, സുമേധ, ഐ ടി, ചാരുത, സോഷ്യല്‍ സയന്‍സ്, ഗണിതം, ഇംഗ്ലീഷ്, തളിര്‍ എന്നീ 11 ഗ്രൂപ്പുകളും വ്യത്യസ്തമായ ലക്ഷ്യങ്ങളോടെയാണ് പ്രവര്‍ത്തിക്കുന്നത്. എംഎല്‍എ ചെയര്‍മാനായുള്ള, പഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന, വിദ്യാഭ്യാസരംഗത്ത് പ്രാവീണ്യം നേടിയവരും പ്രഗത്ഭരുമായ ആളുകള്‍ കണ്‍വീനര്‍മാരുമായ സമിതിയാണ് ഗ്രൂപ്പിനെ നയിക്കുന്നത്. മണ്ഡലത്തിലെ വിദ്യാര്‍ത്ഥികളെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുപ്പിക്കുന്ന സുമേധ, വിദ്യാര്‍ത്ഥികളുടെ സയന്‍സ് പരീക്ഷണങ്ങള്‍ ഏകോപിപ്പിക്കാന്‍ ഉതകുന്ന സയന്‍ഷ്യ, ലഹരി ഉപയോഗത്തില്‍ നിന്ന് കുട്ടികളെ വിമുക്തരാക്കി അവര്‍ക്ക് ആരോഗ്യബോധവത്കരണം നടത്തുന്ന സ്വരക്ഷ, വായനയിലേക്ക് കുട്ടികളെ ആകര്‍ഷിക്കുന്ന വായനാവസന്തം, പൊതുവിദ്യാഭ്യാസരംഗത്ത് പഠിക്കുന്ന കുട്ടികള്‍ക്ക് ഇംഗ്ലീഷ് എളുപ്പമാക്കാന്‍ ഇംഗ്ലീഷ്, കുട്ടികളിലെ ചരിത്രാന്വേഷണം ഏകോപിപ്പിക്കാന്‍ സോഷ്യല്‍ സയന്‍സ്, പഠനം കംപ്യൂട്ടര്‍ വഴി നടപ്പാക്കുന്ന ഐ.ടി, പുറമെയുള്ള അധ്യാപകരെ കൂടി ഉള്‍പ്പെടുത്തി കണക്കിനെ എളുപ്പമാക്കുന്ന ഗണിതം, കാര്‍ഷിക സംസ്‌കാരം കുട്ടികളില്‍ രൂപപ്പെടുത്തിയെടുക്കാന്‍ തളിര്‍, ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാര്‍ക്ക് കൂടി ഗുണം നല്‍കുന്ന ചാരുത എന്നിവയാണ് അക്ഷരകൈരളിയിലെ മുഖ്യഘടകങ്ങളായി വര്‍ത്തിക്കുന്നത്.

ഇ ടി ടൈസണ്‍ മാസ്റ്റര്‍ എം എല്‍ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ മുഖ്യാതിഥിയാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ, മറ്റു ജനപ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് എസ്എസ്എല്‍സി, പ്ലസ് ടു തുടര്‍ സാധ്യതകളെക്കുറിച്ച് ജ്യോതിസ് മോഹന്‍ ഐ. ആര്‍. എസ് സെമിനാര്‍ നയിക്കും.

date