Skip to main content
ഒല്ലൂക്കര ബ്ലോക്ക് പച്ചക്കറി ഉൽപാദക സമിതിയുടെ നേതൃത്വത്തിൽ ആശാരിക്കാട് കാർഷിക ഉല്‍പന്ന സംഭരണം റവന്യൂ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യുന്നു.

ഇടനിലകാരില്ലാതെ പച്ചക്കറി നേരിട്ട് വിപണിയിലേക്ക്

 

കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറികള്‍ ശേഖരിച്ച് വിപണിലെത്തിച്ച് നടത്തറ ഗ്രാമപഞ്ചായത്ത് കൃഷി വകുപ്പ്. കര്‍ഷകന്റെ അധ്വാനത്തിന് ന്യായമായ വില നല്‍കുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പും ഒല്ലൂക്കര ബ്ലോക്ക് പച്ചക്കറി ഉല്‍പാദന സമിതിയും ആശാരിക്കാട് കാര്‍ഷിക ഉല്‍പന്ന സംഭരണ കേന്ദ്രത്തില്‍ ഈ സീസണിലെ പച്ചക്കറികള്‍ ശേഖരിച്ച് തുടങ്ങി. ഒല്ലൂക്കര ബ്ലോക്ക് പച്ചക്കറി ഉല്‍പാദക സമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആശാരിക്കാട് കാര്‍ഷിക ഉല്‍പന്ന സംഭരണം റവന്യൂ മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. ഇടനിലക്കാരായ കച്ചവടക്കാരെ ഒഴിവാക്കി നേരിട്ട് നാടന്‍ പച്ചക്കറികള്‍ വാങ്ങാനുള്ള സാഹചര്യം ഉണ്ടാക്കുക എന്നതാണ് സംഭരണ കേന്ദ്രം ലക്ഷ്യം വെയ്ക്കുന്നത്. ആഴ്ചയില്‍ ഞായര്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് കര്‍ഷകരില്‍ നിന്ന് പച്ചക്കറി ശേഖരിക്കുന്നത്. മറ്റ് ദിവസങ്ങളും പച്ചക്കറി ശേഖരിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കായ, പാവയ്ക്ക, പടവലങ്ങ, പച്ചമുളക്, കുമ്പളം, മത്തങ്ങ തുടങ്ങി എല്ലാ പച്ചക്കറികളും ഇവിടെ സംഭരിക്കുന്നു. 140 കര്‍ഷകരില്‍ നിന്ന് ഒരു ദിവസം 10 മുതല്‍ 20 ടണ്‍ വരെ പച്ചക്കറിക്കള്‍ ഇവിടെ സംഭരിക്കുന്നു. ജില്ലയ്ക്ക് പുറമെ കോട്ടയം, എറണംകുളം, ആലപ്പുഴ തുടങ്ങിയ വിവിധ ജില്ലകളിലേക്കും പച്ചക്കറികള്‍ കയറ്റി അയയ്ക്കുന്നുണ്ട്. ഉല്‍പന്നങ്ങള്‍ക്ക് മാന്യമായ വില ലഭിക്കുന്ന തീര്‍ത്തും സാധാരണക്കാരായ കര്‍ഷകരുടെ വലിയ ഒരു പ്രതീക്ഷ കൂടിയാണ് ഈ സംഭരണ കേന്ദ്രം.  

ആശാരിക്കാട് ബ്ലോക്ക് ലെവല്‍ ഫെഡറേഷന്‍ ഓര്‍ഗനൈസേഷന്‍ ഓഫീസ് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെആര്‍ രവി അധ്യക്ഷനായി. നടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മെമ്പര്‍ കെ വി സജു, ബിഎല്‍എഫ്ഒ പ്രസിഡന്റ് എന്‍ കെ ഗോപി, വൈസ് പ്രസിഡന്റ് റോയ് കാക്കശ്ശേരി, കൃഷി ഓഫീസര്‍ ശ്രുതി, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date