Skip to main content
വൈലോപ്പിള്ളി സ്കൂൾ ജലപരിശോധന ലാബിലെ ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിക്കുന്നു

നവകേരള നിർമ്മിതിക്കായുള്ള മൂലധനങ്ങളാണ് വിദ്യാലയങ്ങൾ - മന്ത്രി കെ രാജൻ

 

നവ കേരള നിർമ്മിതിക്കായുള്ള മൂലധനങ്ങളാണ് വിദ്യാലയങ്ങളെന്നും
മികച്ച വിദ്യാഭ്യാസം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് കേവലം അക്ഷര പുഴുക്കളെ വാർത്തെടുക്കൽ മാത്രമല്ല മറിച്ച് മാനസിക കായിക ആരോഗ്യമുള്ള ഒരു മികച്ച തലമുറയ്ക്ക് പിന്തുണ നൽകുക എന്നുള്ളതാണെന്നും റവന്യൂ മന്ത്രി കെ രാജൻ. പഠനത്തിൽ മികവ് തെളിയിക്കുന്നത് പോലെതന്നെ പ്രധാനപ്പെട്ടതാണ്  പാഠ്യേതര വിഷയങ്ങളിൽ ഇടപെടുന്നതും. പ്രകൃതിയെ അറിയാനും സമൂഹത്തെ അറിയാനും ശ്രമിക്കുന്ന ഒരു മാനുഷിക മൂല്യമുള്ള തലമുറയാണ് നമുക്ക് ആവശ്യമെന്നും മന്ത്രി പറഞ്ഞു.
ഒല്ലൂർ വൈലോപ്പിള്ളി ശ്രീധരമേനോൻ മെമ്മോറിയൽ ഗവൺമെന്റ് വിഎച്ച്എസ്എസ് സ്കൂളിന്റെ 2021- 2022  വർഷത്തെ എസ്എസ്എൽസി, വിഎച്ച്എസ്ഇ വിഭാഗങ്ങളിൽ  ഉജ്ജ്വല വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുന്ന  ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്കൂൾ കെമിസ്ട്രി ലാബിൽ സ്ഥാപിച്ച ഹരിത കേരള മിഷന്റെ ജല ഗുണനിലവാര പരിശോധന ലാബിന്റെ ഔദ്യോഗിക ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. 

മാനസികസംഘർഷങ്ങൾ നേരിടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ അധ്യാപകർക്കും വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും  മാനസികാരോഗ്യം പ്രധാനമാണ്. ഇതിൻ്റെ ഭാഗമായി ഒല്ലൂരിൽ കൗൺസിലിംഗ് ക്യാമ്പുകൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
ചെറിയ പ്രശ്നങ്ങൾ പോലും  അഭിമുഖീകരിക്കാൻ കഴിയാതെ വിഷാദരോഗത്തിലേക്ക് വഴുതി വീഴുന്ന പുതിയ തലമുറയെ കൈപിടിച്ചുയർത്താൻ ഈ തീരുമാനം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച ഒന്നേകാൽ ലക്ഷം ഉപയോഗിച്ചാണ് സ്കൂളിൽ ലാബ്  നിർമ്മിച്ചത്. പ്രദേശത്തുള്ള സാധാരണക്കാരായ ജനങ്ങൾക്ക് അവരുടെ വീടുകളിലെ കിണറുകളിലെയും കുളങ്ങളിലെയും വെള്ളത്തിൻ്റെ ഗുണനിലവാരം സ്കൂളിൽ കൊണ്ടുവന്ന് പരിശോധിക്കാൻ സാധിക്കും. ഇതിനായി പ്രത്യേകം പരിശീലിപ്പിച്ച കുട്ടികൾക്ക് ചുമതല നൽകി കഴിഞ്ഞതായി സ്കൂൾ ഹെഡ്മിസ്ട്രസ് അജിതകുമാരി ടിവി അറിയിച്ചു.
സ്കൂളിൽ നിന്നും എസ്എസ്എൽസി, വിഎച്ച്എസ്ഇ വിഭാഗങ്ങളിൽ മികച്ച വിജയം നേടിയ 5 കുട്ടികൾക്ക് മന്ത്രി മെമൻ്റോകൾ നൽകി. എയ്ഞ്ചൽ എം എഫ്, റെയ്ച്ചൽ അലക്സ്,  ആൻ മരിയ ഉല്ലാസ്, ഗോപിക പി യു, ജോഷ്ന കെ ജോബി എന്നീ കുട്ടികളെയാണ് ചടങ്ങിൽ അഭിനന്ദിച്ചത്. 

ഇന്ത്യൻ ഫുട്ബോൾ താരവും ഐ ലീഗിൽ മികച്ച പ്രകടനം കാഴ്ച വെച്ച് ബെസ്റ്റ് മിഡ്ഫീൽഡർ അവാർഡിന് അർഹനുമായ സ്കൂളിലെ പൂർവ വിദ്യാർഥി കൂടിയായ ജിതിൻ എം എസിനെ യോഗത്തിൽ ആദരിച്ചു. മുൻ കേരള ഫുട്ബോൾ ടീം അംഗവും നിരവധി ഫുട്ബോൾ താരങ്ങളുടെ കോച്ചുമായ ജോസഫ് കാട്ടൂക്കാരൻ നേതൃത്വം നൽകുന്ന ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിന്റെ ഉദ്ഘാടനവും ഫുട്ബോൾ ജിതിന്  കൈമാറിക്കൊണ്ട് മന്ത്രി  നിർവഹിച്ചു.

ഒല്ലൂർ ഡിവിഷൻ കൗൺസിലർ കരോളിൻ പെരിഞ്ചേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് അജിതകുമാരി ടിവി, പ്രിൻസിപ്പൽ സ്മിത കെ എസ്, ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി എസ് ജയകുമാർ, സ്കൂൾ പിടിഎ പ്രസിഡൻ്റ് പി കെ നന്ദകുമാർ എന്നിവർ പങ്കെടുത്തു.

date