Skip to main content
ഫോട്ടോ: മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌ക്കാരം നേടിയ ഗായിക നഞ്ചിയമ്മയെ അടപ്പാടിയിലെ നക്കുപതി ഊരിലെ വീട്ടിലെത്തി പി. പ്രസാദ് മന്ത്രി സന്ദര്‍ശിക്കുന്നു

നഞ്ചിയമ്മക്ക് ലഭിച്ച അംഗീകാരത്തില്‍ അഭിമാനം: മന്ത്രി പി. പ്രസാദ്

നഞ്ചിയമ്മക്ക് ലഭിച്ച അംഗീകാരത്തില്‍ അഭിമാനമുണ്ടെന്നും സാധാരണക്കാരിയായ വീട്ടമ്മയായ നഞ്ചിയമ്മ ജീവിതവുമായി ബന്ധപ്പെട്ട വഴികളിലൂടെയാണ് സംഗീതവും പാട്ടും രൂപപെടുത്തി എടുത്തിട്ടുള്ളതെന്നും കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. വിമര്‍ശനം ഉണ്ടായാലും സാധാരണക്കാരുടെ മനസില്‍ ഇടം നേടാന്‍ നഞ്ചിയമ്മയുടെ സംഗീതത്തിന് കഴിഞ്ഞുവെന്നത് വലിയ കാര്യമാണ്. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌ക്കാരം നേടിയ ഗായിക നഞ്ചിയമ്മയെ അടപ്പാടിയിലെ നക്കുപതി ഊരിലുള്ള വീട്ടിലെത്തി സംസ്ഥാന സര്‍ക്കാറിന് വേണ്ടി പൊന്നാടയണിയിച്ച് ആദരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കേള്‍ക്കുന്നതിന് ഇമ്പം കൊടുക്കുന്ന സ്വര വിന്യാസത്തെയാണ് സംഗീതം എന്നു പറയുന്നത്. സംസാരത്തിലും പ്രവര്‍ത്തികളിലും സംഗീതമുണ്ട്. ശരീരത്തിലെ ഓരോ അവയവങ്ങളും അത്തരത്തില്‍ താളാത്മകമായിട്ടാണ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ആ താളം എവിടെയെങ്കിലും മുറിഞ്ഞു കഴിഞ്ഞാല്‍ ആ സംഗീതം എവിടെയെങ്കിലും ഒന്ന് പതറി പോയാല്‍ ശരീരം തന്നെ നിലക്കുന്ന അവസ്ഥയിലേക്ക് പോകും. പ്രപഞ്ചത്തെ തന്നെ താളാത്മകമായി ചലിപ്പിക്കുന്നത് സംഗീതത്തിലൂടെയാണ്. ചുറ്റുപാടുകളില്‍ നിന്നും മണ്ണില്‍ നിന്നും മനുഷ്യനില്‍ നിന്നും പ്രകൃതിയുടെ താളത്തില്‍ നിന്നും ഉള്ളിലേക്ക് എടുക്കാന്‍ കഴിയുന്നതാണ് സംഗീതം. അട്ടപ്പാടിയിലെ ജനതയുടെയും മൃഗങ്ങളുടെയും പക്ഷികളുടെയും വൃക്ഷലതാദികളുടെയും ജീവിതത്തിന്റെ താളക്രമത്തെ നഞ്ചിയമ്മ ഉള്ളിലേറ്റുന്നതുകൊണ്ട് ഏത് ലോകത്ത് നിന്നാലും നഞ്ചിയമ്മയുടെ പാട്ടിനും സംഗീതത്തിനും മനുഷ്യമനസ്സുകളെ കീഴടക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ആനയുടെ ചിന്നം വിളിയും മഴക്കാലത്തെ തവളയുടെ കരച്ചിലും കൗഞ്ച പക്ഷികളുടെ കരച്ചിലും ആടിന്റെയും കാളയുടെയും കരച്ചിലും കുയിലിന്റെ നാദവും മയിലിന്റെ സ്വരവുമാണ് സരിഗമപധനിസയിലെ ഓരോ സ്വരങ്ങളും അടയാളപെടുത്തുന്നത്. ഇതറിയാന്‍ നഞ്ചിയമ്മക്ക് ഏത് സര്‍വകലാശാലയിലും പോവേണ്ട കാര്യമില്ലെന്നും ഏറ്റവും വലിയ സര്‍വകലാശാല അട്ടപ്പാടിയുടെ മണ്ണാണെന്ന് നിസംശയം പറയാന്‍ കഴിയുമെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു. അട്ടപ്പാടിയുടെ മണ്ണില്‍ കണ്ണും കാതും കൂര്‍പ്പിച്ച് ആടും മാടും മേച്ച മലകളെല്ലാം പഠിപ്പിച്ചിട്ടുണ്ട് സപ്തസ്വരങ്ങള്‍. അത് അവരുടെ സ്വരത്തിന്റെയും സംഗീതത്തിന്റെയും നേര്‍ക്ക് വിരല്‍ ചൂണ്ടുന്നവര്‍ മനസ്സിലാക്കണം. ഈ മണ്ണ് പഠിപ്പിച്ച് വിട്ടതിനേക്കാള്‍ വലിയൊരു സംഗീതം മറ്റെവിടേയുമില്ല. സാധാരണക്കാരന് മനസ്സിലാകുന്ന രീതിയില്‍ സംഗീതത്തെ ഹൃദയത്തില്‍ ചേര്‍ത്തുവയ്ക്കാന്‍ കഴിഞ്ഞതാണ് നഞ്ചിയമ്മയുടെ പ്രത്യേകത. അതിന് ദേശീയ തലത്തിലുള്ള അംഗീകാരം ലഭിച്ചത് ചെറിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
 

date