Skip to main content
നിയമസഭ പിന്നാക്ക സമുദായ ക്ഷേമസമിതി തെളിവെടുപ്പ്

പിന്നാക്ക സമുദായ ക്ഷേമസമിതി തെളിവെടുപ്പ് നടത്തി വിവിധ പിന്നാക്ക സമുദായ പ്രതിനിധികളില്‍ നിന്ന് പരാതികള്‍ സ്വീകരിച്ചു

നിയമസഭ പിന്നാക്ക സമുദായ ക്ഷേമസമിതി തെളിവെടുപ്പ് സമിതി ചെയര്‍മാന്‍ പി.എസ് സുപാല്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്നു. സര്‍ക്കാര്‍ - അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മറ്റു സ്ഥാപനങ്ങള്‍ എന്നിവയിലെ നിയമനങ്ങളില്‍ പിന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് ലഭിക്കേണ്ട സാമുദായിക പ്രാധാന്യം സംബന്ധിച്ചും പിന്നാക്ക സമുദായക്കാര്‍ അഭിമുഖീകരിക്കുന്ന സാമുദായികവും സാമൂഹ്യപരവുമായ വിവിധ പ്രശ്നങ്ങളെ സംബന്ധിച്ചും വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും മുപ്പതോളം പരാതികള്‍ സ്വീകരിച്ചു. തുടര്‍ന്ന് സമിതിയുടെ പരിഗണനയിലുള്ള ജില്ലയിലെ ആറ് ഹര്‍ജികള്‍ സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുപ്പ് നടത്തി. ലഭ്യമല്ലാത്ത റിപ്പോര്‍ട്ടുകള്‍ നിശ്ചിത സമയപരിധിയില്‍ സമിതിക്ക് നല്‍കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ നേരിട്ട് ലഭിച്ച പരാതികള്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി സമിതി ചര്‍ച്ച നടത്തും.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ അധ്യക്ഷയായി. സമിതി അംഗങ്ങളായ എ.പ്രഭാകരന്‍ എം.എല്‍.എ, കെ.ബാബു എം.എല്‍.എ, കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ, ജി. സ്റ്റീഫന്‍ എം.എല്‍.എ, കെ.കെ രാമചന്ദ്രന്‍, നിയമസഭാ സെക്രട്ടറിയേറ്റ് അഡീഷണല്‍ സെക്രട്ടറി കെ. സുരേഷ് കുമാര്‍, എ.ഡി.എം കെ മണികണ്ഠന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ പിന്നാക്ക സമുദായ പ്രതിനിധികള്‍ പങ്കെടുത്തു.

date