Skip to main content

ജില്ലാ ഭക്ഷ്യവിജിലന്‍സ് സമിതി ചേര്‍ന്നു; റേഷന്‍ കാര്‍ഡിലെ അനര്‍ഹരെ കണ്ടെത്താന്‍ പരിശോധന തുടരും

 

 

റേഷന്‍ കാര്‍ഡുകളിലെ അനര്‍ഹരെ കണ്ടെത്തുന്നതിന് ജില്ലാ പൊതുവിതരണ വകുപ്പിന്റെ ഭാഗത്തുനിന്നും ശക്തമായ പരിശോധന വേണമെന്ന് ജില്ലാതല ഭക്ഷ്യ വിജിലന്‍സ് സമിതിയുടെ നിര്‍ദ്ദേശം. ജില്ലയിലെ വിവിധ താലൂക്കുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ 34447 അനര്‍ഹരെ കണ്ടെത്തിയതായും അവരില്‍ നിന്നും 304125  രൂപ പിഴ ഈടാക്കിയതായും ജില്ലാ സപ്ലൈ ഓഫീസര്‍ എല്‍. മിനി സമിതിയെ അറിയിച്ചു. റേഷന്‍ കാര്‍ഡുകളിലെ അനര്‍ഹരെ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരുന്നതിനും യോഗത്തില്‍ ധാരണയായി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്‍.എം മെഹ്റലി അധ്യക്ഷത വഹിച്ചു. ജില്ലയിലെ അഞ്ച് റേഷന്‍ കടകളെ സ്മാര്‍ട്ട് റേഷന്‍ കടകളാക്കി ഉയര്‍ത്താന്‍ തീരുമാനമായിട്ടുണ്ട്. ഈ റേഷന്‍ കടകളിലൂടെ ഉപഭോക്താക്കള്‍ക്ക് അക്ഷയ, ബാങ്ക്, മില്‍മ എന്നിവയില്‍ നിന്നുള്ള വിവിധ സേവനങ്ങള്‍ ലഭ്യമാകുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ പറഞ്ഞു. റേഷന്‍കടകള്‍ക്ക് മൂന്നുമാസത്തെ മണ്ണെണ്ണ വിഹിതം അനുവദിച്ചതായും അവ വിതരണം ചെയ്തു തുടങ്ങിയതായും യോഗം അറിയിച്ചു. അഗതി മന്ദിരങ്ങള്‍ക്കും മാരകരോഗ ബാധിതര്‍ക്കുമുള്ള ഭക്ഷ്യ വിഹിതം എത്താന്‍ വൈകിയതിനെ തുടര്‍ന്ന് മുടങ്ങിയ റേഷന്‍ വിതരണം പുനരാരംഭിച്ചതായും യോഗം അറിയിച്ചു. എം.എല്‍.എമാരായ പി.ഉബൈദുള്ള, യു.എ. ലത്തീഫ്, സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം വി. രമേശന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ എല്‍. മിനി, സീനിയര്‍ സൂപ്രണ്ട് പി.ബി. അജി, റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, മറ്റ് ഉപഭോകൃത സംഘടനാ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date