Skip to main content

ഗോത്ര വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ഉല്ലാസയാത്രയുമായി  ജെ എസ് എസ്

നിലമ്പൂര്‍ മേഖലയില്‍ ഈ വര്‍ഷം പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ മികച്ച പഠനം കാഴ്ചവെച്ച പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളുമായി മലപ്പുറം ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്റെ നേതൃത്വത്തില്‍ കോഴിക്കോട്ടേക്ക് ഉല്ലാസ യാത്ര സംഘടിപ്പിച്ചു. എടക്കര മുതല്‍ കരുവാരക്കുണ്ട് വരെ 26 കോളനികളില്‍ നിന്നുള്ള 130 വിദ്യാര്‍ത്ഥികളാണ് 'ഗോത്രയാത്രയില്‍' പങ്കെടുത്തത്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗോത്ര യാത്ര ചന്തക്കുന്ന് എല്‍.പി സ്‌കൂളില്‍ പി.വി അബ്ദുല്‍ വഹാബ് എം.പി ഫ്ലാഗ് ഓഫ് ചെയ്തു. കരിപ്പൂര്‍ എയര്‍പോര്‍ട്ട്, പ്ലാനറ്റോറിയം, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലേക്കാണ് സംഘം മൂന്നു ബസുകളിലായി യാത്ര തിരിച്ചത്.
എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരും ജീവനക്കാരും യാത്രാസംഘത്തിന് ഹൃദ്യമായ സ്വീകരണം നല്‍കി. ആദിവാസി ഉല്‍പന്നങ്ങള്‍ എയര്‍പോര്‍ട്ടില്‍ വിറ്റഴിക്കുന്നതിനുള്ള സംവിധാനം ഒരുക്കണമെന്ന് ഗോത്രാമൃത് സൊെസൈറ്റി പ്രസിഡന്റ് സുരേന്ദ്രന്‍ എയര്‍പോര്‍ട്ട് അധികൃതരോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനം എടുക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കി. എയര്‍പോര്‍ട്ടില്‍ രാഹുല്‍ ഗാന്ധി എം.പി നല്‍കിയ ബാഗ്, കുട, ടീഷര്‍ട്ട് അടങ്ങിയ കിറ്റ് എ.പി അനില്‍ കുമാര്‍ എം.എല്‍.എ കൈമാറി.

date