Skip to main content

ജൈവ സുന്ദര ഗ്രാമമായി മാറാന്‍ ഒരുങ്ങി ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത്.

 

പ്രകൃതി സംരക്ഷണത്തിന് ഊന്നല്‍ നല്‍കി ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലെ ആറ് ഗ്രാമ പഞ്ചായത്തിലും ജൈവ ആവാസ വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായി തുടക്കം കുറിച്ച പദ്ധതിയാണ് 'ജൈവ ഗ്രാമം, സന്തുഷ്ട ഗ്രാമം'. സംസ്ഥാന ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്തിരിക്കുന്ന സമഗ്ര കാര്‍ഷിക സാമൂഹിക വികസന കര്‍മ പദ്ധതിയാണിത്.

ഈ പദ്ധതിയുടെ ഭാഗമായി ജനകീയ പങ്കാളിത്തത്തോടെ  വിവിധ കാര്‍ഷിക തൊഴിലുറപ്പ് പദ്ധതികള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് രൂപം നല്‍കിയിട്ടുണ്ട്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ നൂറ് കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് ബ്ലോക്ക് പഞ്ചായത്ത് വിഭാവനം ചെയ്തിരിക്കുന്നത്.

ബ്ലോക്കിനു കീഴിലെ ഓരോ പ്രദേശത്തേയും ഭൂമിശാസ്ത്രപരമായ ഘടന മറ്റ് സാധ്യതകള്‍ എന്നിവ പരിശോധിച്ച് ആ പ്രദേശത്തെ ജനവിഭാഗങ്ങളുടെ പങ്കാളിത്തവും സഹകരണവും ഉറപ്പു വരുത്തുന്നതോടൊപ്പം ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ നല്ല വശങ്ങള്‍ കൂടി ഉള്‍ക്കൊണ്ടാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുള്ളത്. കേരള സംസ്ഥാന റിമോര്‍ട്ട് സെന്‍സിംഗ് ആന്റ് എന്‍വയോണ്‍മെന്റ് സെന്റര്‍ KSREC ആണ് ഈ പദ്ധതിയ്ക്ക് അനുയോജ്യമായ സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നത്.

ഈ പദ്ധതിയുടെ ഉദ്ദേശലക്ഷ്യം താഴേതട്ടിലുള്ള ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ആഗസ്റ്റ് 10 ന് തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകത്തില്‍ വച്ച്  ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ക്കും ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ നോഡല്‍ ഓഫീസര്‍ക്കുമായി ഒരു ഏകദിന സെമിനാര്‍ നടത്തുന്നു. തുടര്‍ന്ന് വരുന്ന ദിവസങ്ങളില്‍ സര്‍വേയും ആഗോളതാപനം, കാലാവസ്ഥ വ്യതിയാനം മുതലായ പ്രകൃതി പ്രതിഭാസങ്ങള്‍, ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ പ്രയോജനം എന്നിവ സംബന്ധിച്ചുള്ള പൊതു പ്രദര്‍ശനവും ഉണ്ടായിരിക്കും.
(പി.ആര്‍.പി. 2030/2018)

date