Skip to main content

പ്രളയക്കെടുതി നേരിടാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ ഏകോപിതമായി പ്രവര്‍ത്തിക്കണം - ജില്ലാ കളക്ടര്‍

 

ജില്ലയില്‍ പ്രളയക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ഇത് നേരിടുന്നതിന് എല്ലാ     സര്‍ക്കാര്‍ വകുപ്പുകളും യുദ്ധകാലാടിസ്ഥാനത്തില്‍ ഏകോപിതമായി പ്രവ ര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. ജില്ലയിലെ പ്രളയക്കെടുതികള്‍ വിലയിരുത്തുന്നതിന് എത്തിയ കേന്ദ്ര സംഘത്തിന് നാശനഷ്ടം സംബന്ധിച്ച വിശദമായ റിപ്പോ ര്‍ട്ട് സമര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍. പ്രളയക്കെടുതി തുടരുന്ന സാഹചര്യത്തില്‍ പുതിയ വിവരങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനുള്ളില്‍ തയാറാക്കി നല്‍കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് ലഭിച്ചാലുടന്‍ ക്രോഡീകരിച്ച് പുതിയ റിപ്പോര്‍ട്ട് കേന്ദ്രസംഘത്തിന് നല്‍കും. 

ഇന്ന് കര്‍ക്കിടകവാവിനോടനുബന്ധിച്ച് നദീതീരങ്ങളില്‍ ബലിതര്‍പ്പണം നടക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളും ബന്ധപ്പെട്ട ഭാരവാഹികളും അതീവ ജാഗ്രത പുല ര്‍ത്തണം. ആനത്തോട്, പമ്പ ഡാമുകള്‍ തുറന്നിട്ടുള്ള സാഹചര്യത്തില്‍ പമ്പയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ഒഴുക്ക് അതിശക്തമാവുകയും ചെയ്യും. ഈ സാഹചര്യത്തില്‍ അപകടസാധ്യത ഏറെ ഉള്ളതിനാല്‍ ബലിതര്‍പ്പണം നടത്തുന്നവര്‍ ഏറെ ശ്രദ്ധിക്കണം. ഇക്കാര്യത്തില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളും സംഘടനകളും ശ്രദ്ധിക്കണം. ബലിതര്‍പ്പണം നടക്കുന്ന സ്ഥലങ്ങളില്‍ ആവശ്യമായ സുരക്ഷാ വേലികള്‍ സജ്ജീകരിക്കുന്നതിന് ബന്ധപ്പെട്ടവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

ആറന്മുള വള്ളസദ്യയുമായി ബന്ധപ്പെട്ട് പമ്പാ നദിയിലൂടെ പള്ളിയോടങ്ങള്‍ തുഴഞ്ഞു വരുന്നത് അപകടകരമായതിനാല്‍ ഇക്കാര്യത്തില്‍ പരമാവധി നിയന്ത്രണം പാലിക്കുന്നതിനും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനും പള്ളിയോട സേവാസംഘവും ബന്ധപ്പെട്ടവരും പ്രത്യേകം ശ്രദ്ധിക്കണം. മഴ തുടരുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ തുറന്നിട്ടു ള്ള ഡാമുകളുടെ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തേണ്ടി വന്നേക്കാം. ഇത്തരത്തിലുള്ള സാഹചര്യമുണ്ടായാല്‍ ജലനിരപ്പ് വീണ്ടും ഉയരുമെന്നതിനാല്‍ വരും ദിവസങ്ങളില്‍ പമ്പ നദിയുടെ തീരങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ മറ്റ് നദികളിലും നീരൊഴുക്ക് ശക്തമായതിനാല്‍ ഇവയുടെ തീരങ്ങളില്‍ താമസിക്കുന്നവരും അതീവ ജാഗ്രത പുലര്‍ത്തണം. സുരക്ഷിതത്വം മുന്‍നിര്‍ത്തി രണ്ട് ദിവസത്തേക്ക് ജില്ലയില്‍ ക്വാറികളുടെയും ക്രഷറുകളുടെയും പ്രവര്‍ത്തനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതായും ജില്ലാ കളക്ടര്‍ അറിയിച്ചു.                  (പിഎന്‍പി 2312/18)

date