Skip to main content

കഴക്കൂട്ടം മണ്ഡലത്തിലെ ഐഡിയ ഫെസ്റ്റിന് സി.ഇ.ടി കോളേജിൽ തുടക്കമായി

കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിൽ യങ് ഇന്നൊവേറ്റർസ് പ്രോഗ്രാമിന്റെ ഭാഗമായി കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ ഐഡിയ ഫെസ്റ്റ് ശ്രീകാര്യം സർക്കാർ എഞ്ചിനിയറിംഗ് കോളേജിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരളത്തെ വൈജ്ഞാനിക സമൂഹമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. പുതിയ ആശയങ്ങളുമായി മുന്നോട്ട് വരുന്ന വിദ്യാർത്ഥികൾക്ക് പൂർണ പിന്തുണയുമായി സർക്കാർ ഒപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ  വിദ്യാർഥികൾക്കിടയിൽ പുത്തനാശയരൂപീകരണം പ്രോത്സാഹിപ്പിക്കുന്ന കെ-ഡിസ്‌ക്കിന്റെ പ്രധാന പദ്ധതിയാണ് യങ് ഇന്നൊവേറ്റർസ് പ്രോഗ്രാം. സാങ്കേതിക വിദ്യയിൽ പുതിയ ദിശകൾ സൃഷ്ടിക്കുക, സാങ്കേതിക വിദ്യയിലൂടെ സാമൂഹിക രൂപീകരണത്തിന് വഴിയൊരുക്കുക, പുത്തൻ ആശയങ്ങൾ ഉത്പന്നങ്ങളും, സംരംഭങ്ങളുമായി പരിവർത്തനപ്പെടുത്താൻ അനുകൂലവും ആരോഗ്യപരവുമായ ഒരു സാഹചര്യം സൃഷ്ടിക്കുക എന്നിവയാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്.

13നും 35നും ഇടയിൽ പ്രായമുള്ള സ്‌കൂൾ, കോളേജ്, ഗവേഷണ തലത്തിലുള്ള വിദ്യാർത്ഥികൾക്ക് നൂതന ആശയങ്ങൾ വികസിപ്പിക്കാനും പ്രാവർത്തികമാക്കാനും ആവശ്യമായ സാങ്കേതിക, സാമ്പത്തിക സഹായം യങ് ഇന്നൊവേറ്റർസ് പ്രോഗ്രാമിലൂടെ ലഭിക്കും. ആർട്‌സ് ആൻഡ് സയൻസ് കോളേജുകൾ, എഞ്ചിനീയറിംഗ് കോളേജുകൾ, പോളിടെക്നിക് കോളേജുകൾ, മെഡിക്കൽ- നഴ്‌സിംഗ് കോളേജുകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള ഐഡിയ രജിസ്‌ട്രേഷനാണ് ആരംഭിച്ചത്. സി.ഇ.ടി കോളേജിൽ നിന്നും 480 വിദ്യാർത്ഥികൾ ആദ്യദിനം രജിസ്റ്റർ ചെയ്തു. കെ-ഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ. പി.വി ഉണ്ണികൃഷ്ണൻ അധ്യക്ഷനായിരുന്നു.

date