Skip to main content

താമരശ്ശേരിയിൽ കാർഷിക പ്രദർശന വിപണന മേള ആരംഭിച്ചു

താമരശ്ശേരി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി കർഷക ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന  കാർഷിക പ്രദർശന വിപണന മേള ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെ.ടി അബ്ദുറഹിമാൻ മാസ്റ്റർ ഉദ്ഘാനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സൗദബീവി അധ്യക്ഷത വഹിച്ചു.

താമരശ്ശേരി എക്കോ ഷോപ്പിന്റെ  വിവിധ ഇനം നടീൽ വസ്തുക്കൾ, ജൈവ ഉത്പാദന ഉപാധികൾ,  മൂല്യ വർധിത ഉത്പ്പന്നങ്ങൾ, നൂതന കൃഷി മോഡൽ, കർഷകരുടെയും കൃഷിക്കൂട്ടങ്ങളുടെയും ഉൽപ്പന്നങ്ങൾ, പരമ്പരാഗത കാർഷിക ഉപകരണങ്ങൾ, കുടുംബശ്രീ ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും വില്പനയും രണ്ടു ദിവസം നീണ്ടു നിൽക്കുന്ന മേളയിലുണ്ടാകും. അന്താരാഷ്ട്ര ചെറുധാന്യ വർഷവുമായി ബന്ധപ്പെട്ട് ഒരുക്കിയ സ്റ്റാളും മേളയുടെ പ്രത്യേകതയാണ്.

പഴയ ബസ്‌ സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടിയിൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അയ്യുബ്ഖാൻ, മഞ്ജിത കെ, വിവിധ വാർഡ്‌ മെമ്പർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കാർഷിക വികസന സമിതി അംഗങ്ങൾ, അസിസ്റ്റന്റ്‌ കൃഷി ഓഫീസർ അനിൽ, കൃഷി അസിസ്റ്റന്റ്‌ ഷൈജ, കർഷകർ എന്നിവർ പങ്കെടുത്തു. കൃഷി ഓഫീസർ എം.എം സബീന സ്വാഗതവും, കൃഷി അസിസ്റ്റന്റ്‌ വിപിൻ വി.പി നന്ദിയും പറഞ്ഞു.

കാർഷിക ദിനാചരണം നാളെ (ആഗസ്റ്റ് 17 ) രാവിലെ 9 മണിക്ക്  വിളംബര ജാഥയോടെ ആരംഭിക്കും. രാജീവ്‌ ഗാന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ അഷ്‌റഫ്‌ മാസ്റ്റർ  ഉദ്ഘാടനം നിർവഹിക്കും. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെ ടി അബ്ദുറഹിമാൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. കൃഷി ഡെപ്യുട്ടി ഡയറക്ടർ രജനി മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും.

മികച്ച കർഷകരെയും, വാർഡ്‌ തലത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച കൃഷിക്കൂട്ടങ്ങളെയും, കാർഷിക മേഖലയിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന പഞ്ചായത്തിലെ മുതിർന്ന കർഷകൻ, സമ്മിശ്ര കർഷകൻ, യുവ കർഷകൻ, വനിതാ കർഷക, കർഷകതൊഴിലാളി, എന്നിവരെയും ചടങ്ങിൽ ആദരിക്കും. ചെറുകിട യന്ത്രവൽക്കരണ മിഷൻ സൗജന്യ രജിസ്ട്രേഷൻ ക്യാമ്പയിൻ,‍ കാർഷിക ഫോട്ടോഗ്രഫി മത്സരം, വിവിധ നാടൻ കലാപരിപടികൾ എന്നിവ ചടങ്ങിന്റെ ഭാഗമായി നടക്കും.

date