Skip to main content

ബേപ്പൂർ ഹെെ ടെ‍െഡ് പദ്ധതി: ജനപ്രതിനിധികളുടെ യോ​ഗം ചേർന്നു

 

ബേപ്പൂർ ഹെെ ടെ‍െഡ് പദ്ധതിയുമായി ബന്ധപ്പെട്ട് ബേപ്പൂർ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികളുടെ യോഗം ചേർന്നു. മേയർ ഡോ.ബീന ഫിലിപ്പ് യോ​ഗം ഉദ്ഘാടനം ചെയ്തു. മണ്ഡലത്തെ സമ്പൂർണ ഭിന്നശേഷി സൗഹൃദമാക്കുകയാണ് ബേപ്പൂർ 'ഹൈ ടൈഡി'ലൂടെ (ഹയർ ഇനിഷ്യേറ്റീവ് ഓൺ ടോട്ടൽ ഇൻക്ലൂഷൻ ഡ്രൈവ് ഫോർ ഇക്വിറ്റി) ലക്ഷ്യമിടുന്നത്. 

ഭിന്നശേഷി വികസന രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, സംഘടനകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, സമഗ്ര ശിക്ഷാ കേരളം, സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റ്, സി ആർ സി കോഴിക്കോട് എന്നിവരെ ഏകോപിപ്പിച്ചാണ് ബേപ്പൂർ ഹെെ ടെ‍െഡ് പദ്ധതി നടപ്പാക്കുക.

കടലുണ്ടി ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുഷ വി അധ്യക്ഷത വഹിച്ചു. സി ആർ സി ഡയറക്ടർ ഡോ.റോഷൻ ബിജിലി പദ്ധതി വിശദീകരണം നടത്തി. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മണ്ഡലത്തിലെ എല്ലാ ഭിന്നശേഷിക്കാർക്കും മെഡിക്കൽ, ഗാർഡിയൻഷിപ്പ് സർട്ടിഫിക്കറ്റുകളും യു ഡി ഐ ഡി കാർഡുകളും ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ ത്വരിതപ്പെടുത്താൻ യോഗത്തിൽ ധാരണയായി. ഭിന്നശേഷി സൗഹൃദ സൗകര്യങ്ങൾ സജ്ജമാക്കി ബേപ്പൂരിനെ തടസരഹിത (ബാരിയർ ഫ്രീ ) മണ്ഡലമാക്കുമെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഭിന്നശേഷിക്കാരുടെ സമ്പൂർണ്ണ വികസനത്തിനായി ബേപ്പൂർ ഹൈ ടൈഡ് പദ്ധതി നടപ്പിലാക്കുന്നത്.

ചെറുവണ്ണൂർ കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ കോർപ്പറേഷൻ, ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റികൾ, കടലുണ്ടി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ ജനപ്രതിനിധികൾ, എസ് എസ് കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഡോ. എ.കെ അബ്ദുൾ ഹക്കീം, ബി പി സി പ്രമോദ് ഒ തുടങ്ങിയവർ പങ്കെടുത്തു.

date