വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത പുലര്‍ത്തണം
കനത്ത മഴയും പ്രകൃതിക്ഷോഭവുമുണ്ടാകുമ്പോള് വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കുന്നതിന് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വൈദ്യുതി ബോര്‍ഡ് അിറയിച്ചു. കമ്പി പൊട്ടിവീഴുകയോ പോസ്റ്റ് ഒടിയുകയോ മറ്റ് അപകട സാധ്യതകളുണ്ടാവുകയോ ചെയ്താല്‍ തൊട്ടടുത്ത കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിലെ ഫോണ്‍ നമ്പരിലോ ഉദ്യോഗസ്ഥരെയോ വിവരമറിയിക്കണം.
ഒന്നിലധികം ആളുകള്‍ വിളിക്കുന്ന സാഹചര്യത്തില്‍ ഫോണ്‍ കിട്ടാതെ വന്നാല്‍ 1912 എന്ന ടോള്‍ ഫ്രീ നമ്പറിലോ 9496061061 എന്ന വാട്ട്സാപ്പ് നമ്പറിലോ ബന്ധപ്പെടാം.
പൊതുസ്ഥലങ്ങളിലെ ട്രാന്‍സ്ഫോര്‍മറുകള്‍, ലൈനുകള്‍ ഇലക്ട്രിക് ഉപകരണങ്ങള്‍,തുടങ്ങിയവയുടെ
പരിസരത്ത് പോകരുത്. ലൈനുകളില്‍ മുട്ടി നില്ക്കുന്ന മരങ്ങളിലും, ശിഖരങ്ങളിലും തൊടുന്നതും അപകടത്തിന് കാരണമായേക്കാം..
പൊതു നിരത്തുകളില്‍ മരങ്ങളും ശിഖരങ്ങളും വീണ് വൈദ്യുതി കമ്പി പൊട്ടിവീഴാന്‍ സാധ്യതയുണ്ട്. ജലനിരപ്പ് ഉയര്‍ന്ന പ്രദേശങ്ങളില്‍ വൈദുതി ലൈനുകളുമായി സുരക്ഷിതമായ അകലമില്ലാത്ത സ്ഥിതിയുണ്ടാകാം. അതുകൊണ്ട് പരിചിതമല്ലാത്ത റൂട്ടുകളിലൂടെയുള്ള യാത്ര ഒഴിവാക്കാനും യാത്രയില്‍ അതീവ ജാഗ്രത പാലിക്കാനും ശ്രദ്ധിക്കണം.
കെട്ടിടത്തിനകത്തും പുറത്തുമുള്ള എല്ലാ താല്കാലിക വൈദ്യുത കണക്ഷനും വിച്ഛേദിക്കണം. വെള്ളം കയറിയ സ്ഥലങ്ങളിലെ മോട്ടോറുകള്‍, ലൈറ്റുകള്‍, മറ്റുപകരണങ്ങള്‍ എന്നിവയിലേക്കുള്ള വൈദ്യുതി ബന്ധവും വിച്ഛേദിക്കണ്ടതാണ്.
ജനറേറ്ററുകള്‍, ഇന്‍വര്‍ട്ടറുകള്‍, യു.പി.എസ് എന്നിവ അടിയന്തിര ആവശ്യങ്ങള്‍ക്ക് മാത്രമേ പ്രവര്‍ത്തിപ്പിക്കാവൂ. ഇവ സുരക്ഷിതമായിമാത്രം പ്രവര്‍ത്തിപ്പിക്കുക.
കെട്ടിടങ്ങളില്‍ താഴത്തെ നിലയില്‍ തറനിരപ്പില്‍ വെള്ളം കയറുന്നതിനു മുന്‍പുതന്നെ മെയിന്‍ സ്വിച്ച് ഓഫ് ചെയ്യുകയും വൈദ്യുതി ബോര്‍ഡിനോട് ആവശ്യപ്പെട്ട് കണക്ഷന് വിച്ഛേദിക്കുകയുംവേണം. മൊബൈല്‍ ഫോണ്‍, ചാര്‍ജ്ജിംഗ് ലൈറ്റ് തുടങ്ങിയവ അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കുക.
സുരക്ഷിതമായി വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിന് പൊതുജനങ്ങള്‍ വൈദ്യുതി വകുപ്പ് ജീവനക്കാരുമായി സഹകരിക്കണമെന്ന് ഡെപ്യുട്ടി ചീഫ് എഞ്ചിനീയര്‍ എന്‍. പ്രസന്നകുമാരി അറിയിച്ചു.
(പി.ആര്.കെ. നമ്പര്‍ 1924/18)
- Log in to post comments