സമ്പൂര്‍ണ ഊര്‍ജ്ജ ഗ്രാമമാകാന്‍ പുല്ലമ്പാറ
സമ്പൂര്‍ണ്ണ ഊര്‍ജ്ജ ഗ്രാമമാകാന്‍ പദ്ധതിയുമായി പുല്ലമ്പാറ ഗ്രാമപഞ്ചായത്ത്. എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ചെലവുകുറഞ്ഞ വൈദ്യുത ഉപകരണങ്ങള്‍ സ്ഥാപിച്ചുകൊണ്ടാണ് ഊര്‍ജ്ജ ഗ്രാമം പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. ആദ്യഘട്ടത്തില്‍ ഗ്രാമപഞ്ചായത്തിലെ പകുതിയിലധികം വീടുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വൈദ്യുത ഉപഭോഗം കുറഞ്ഞ ബള്‍ബുകള്‍ വിതരണം ചെയ്തു. സംസ്ഥാന എനര്‍ജി മാനേജ്‌മെന്റ് സെന്ററാണ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്.
പഞ്ചായത്ത് കേന്ദ്രീകരിച്ച് സര്‍വേ പൂര്‍ത്തിയാക്കും. തുടര്‍ന്ന് വൈദ്യുതി ഉപയോഗം ഓരോ മാസംതോറും കുറച്ചുകൊണ്ടുവരുന്നതിനുള്ള ക്യാമ്പയിനുകള്‍ വീട് തലം മുതല്‍ നടക്കും. സന്നദ്ധസംഘടനകളുടെ നേതൃത്വത്തിലായിരിക്കും ഊര്‍ജ്ജസംരക്ഷണ ക്യാമ്പയിനുകള്‍ നടക്കുക.
സംസ്ഥാനത്തെ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ തെരഞ്ഞെടുത്ത പത്തു പൈലറ്റ് പഞ്ചായത്തുകളില്‍ ഒന്നാണ് പുല്ലമ്പാറ. ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായാല്‍ സമ്പൂര്‍ണ്ണ ഊര്‍ജ്ജ ഗ്രാമമായി പ്രഖ്യാപനം നടത്തും. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ തെരുവുകളില്‍ 200 എല്‍ഇഡി വിളക്കുകള്‍ സ്ഥാപിക്കാനും ലക്ഷ്യമിടുന്നുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് അസീനാ ബീവിയുടെ അധ്യക്ഷതയില്‍ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ ധരേഷന്‍ ഉണ്ണിത്താന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍ഇഡി ബള്‍ബുകള്‍ നല്‍കി സമ്പൂര്‍ണ്ണ ഊര്‍ജ്ജ ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു.
- Log in to post comments