മലയോര മേഖലയിലെ പട്ടയ അപേക്ഷകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത് വലിയ പ്രാധാന്യം : മുഖ്യമന്ത്രി പിണറായി വിജയന്‍
- * അര്‍ഹതപ്പെട്ട പട്ടയങ്ങള്‍ അനുവദിക്കുന്നതില്‍ വിട്ടുവീഴ്ചയില്ല : മന്ത്രി റോഷി അഗസ്റ്റിന്‍
- * രണ്ടരവര്‍ഷക്കാലയളവില്‍ ഇടുക്കിയില്‍ നല്‍കിയത് 7458 പട്ടയങ്ങള്‍ ,
- * സംസ്ഥാനത്താകെ ഇന്നലെ (ഫെബ്രുവരി 22 ) വിതരണം ചെയ്തത് 31499 പട്ടയങ്ങള്‍ , ഇടുക്കിയില്‍ 1000
മലയോര മേഖലയില്‍ നിന്നുള്ള പട്ടയ അപേക്ഷകള്‍ സര്‍ക്കാര്‍ വലിയ പ്രാധാന്യത്തോടെയാണ് പരിഗണിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാമത് പട്ടയമേളയുടെ സംസ്ഥാനതല ഉദ്ഘാടനം തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കുടിയേറ്റ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സംസ്ഥാനത്ത് കഴിഞ്ഞ രണ്ടര വര്‍ഷക്കാലയളവില്‍ ഒരുലക്ഷത്തി അന്‍പത്തിരണ്ടായിരത്തിലധികം പട്ടയങ്ങള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. അര്‍ഹതയുള്ള എല്ലാവര്‍ക്കും പട്ടയം എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞുള്ള ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തുന്നത് . പ്രതികൂലമായ സാഹചര്യങ്ങള്‍ മറികടന്ന് നാടിന്റെ വികസന ക്ഷേമ നേട്ടങ്ങളിലൂന്നിയാകും സര്‍ക്കാര്‍ മുന്നോട്ട്‌പോവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടന പ്രസംഗത്തിന് ശേഷം ജില്ലാതല പട്ടയമേളകള്‍ നടന്നു. ഇടുക്കി ചെറുതോണി ടൗണ്‍ഹാളില്‍ നടന്ന പട്ടയമേള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. അര്‍ഹതപ്പെട്ട പട്ടയങ്ങള്‍ അനുവദിക്കുന്നതില്‍ ഒരു രീതിയിലും വിട്ടുവീഴ്ചകാണിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ആയിരം പട്ടയങ്ങള്‍ നേരിട്ട് നല്കാന്‍ കഴിയുന്നത് അഭിമാന നിമിഷമാണ് . ജില്ലയില്‍ കഴിഞ്ഞ രണ്ടരവര്‍ഷക്കാലയളവില്‍ നല്‍കിയത് 7458 പട്ടയങ്ങളെന്നും മന്ത്രി അറിയിച്ചു. വസ്തുതകള്‍ വ്യക്തമാക്കി കോടതിയുടെ അനുമതിയോടെ നാലായിരം പട്ടയങ്ങള്‍ ഉടന്‍ വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ ഭരണകൂടം. ഷോപ്പ് സെന്ററുകളില്‍ പട്ടയം അനുവദിക്കുന്നതിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി കട്ടപ്പനയില്‍ ഡിജിറ്റല്‍ സര്‍വ്വേ പൂര്‍ത്തിയായിട്ടുണ്ട്. എം എല്‍ എ മാരുടെ നേതൃത്വത്തില്‍ പട്ടയ അസംബ്ലികള്‍ ,കേന്ദ്ര വനംവകുപ്പുമായുള്ള ചര്‍ച്ചകള്‍ എന്നിവ കൂടുതല്‍ കാര്യക്ഷമമാക്കി 2024 ഇടുക്കിക്കാര്‍ക് ആശ്വസത്തിന്റെ വര്‍ഷമാക്കുമെന്നും മന്ത്രി പറഞ്ഞു.
വിവിധ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം തയ്യാറാക്കിയ 1000 പട്ടയങ്ങളാണ് ജില്ലാതല പട്ടയ മേളയില്‍ വിതരണം ചെയ്തത്. താലൂക്ക് ഓഫീസുകള്‍, വിവിധ ഭൂമിപതിവ് സ്പെഷ്യല്‍ ഓഫീസുകള്‍ എന്നിവ മുഖേന തയ്യാറാക്കിയ 1993 ലെ ഭൂമി പതിവ് ചട്ടങ്ങള്‍, ജില്ലയിലെ അതിദരിദ്രരായ കുടുംബങ്ങള്‍ക്ക് കണ്ടെത്തിയ ഭൂമിക്കുള്ള പട്ടയങ്ങള്‍, രാജീവ് ദശലക്ഷം പദ്ധതി പ്രകാരം ഹൗസിംഗ് ബോര്‍ഡ് ഭവനപദ്ധതി നടപ്പാക്കിയ ഗുണഭോക്താക്കള്‍ക്കുള്ള പട്ടയങ്ങള്‍, വനാവകാശ രേഖകള്‍, ലാന്‍ഡ് ട്രൈബ്യൂണല്‍ ക്രയസര്‍ട്ടിഫിക്കറ്റുകള്‍, മുനിസിപ്പല്‍ പ്രദേശത്തെ പട്ടയങ്ങള്‍, ഹൈറേഞ്ച് കോളനൈസേഷന്‍ സ്‌കീം പട്ടയങ്ങള്‍ തുടങ്ങിയവയാണ് മേളയില്‍ വിതരണം ചെയ്തത്. 1993 ലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരമുള്ള 670 പട്ടയങ്ങള്‍, 1964 ചട്ടങ്ങള്‍ പ്രകാരമുള്ള 198, 35 എല്‍റ്റി ക്രയസര്‍ട്ടിഫിക്കറ്റുകള്‍, 1995 ലെ മുന്‍സിപ്പല്‍ ചട്ടങ്ങള്‍ പ്രകാരമുള്ള 5 പട്ടയങ്ങള്‍, ഹൈറേഞ്ച് കോളനൈസേഷന്‍ സ്‌കീം പ്രകാരമുള്ള 13 പട്ടയങ്ങള്‍, 79 വനാവകാശരേഖ എന്നിവയാണ് വിതരണം ചെയ്തത്.
പരിപാടിയില്‍ ഡീന്‍ കുര്യാക്കോസ് എം.പി, വാഴൂര്‍ സോമന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു , ജില്ലാകളക്ടര്‍ ഷീബാ ജോര്‍ജ്, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി വര്‍ഗീസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ജില്ലാ പഞ്ചായത്ത് പൈനാവ് ഡിവിഷന്‍ മെമ്പര്‍ കെ. ജി സത്യന്‍, സബ് കളക്ടര്‍ ഡോ.അരുണ്‍ എസ് നായര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിലെ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments