Skip to main content

15821 പ്രചരണ സാമഗ്രികൾ നീക്കം ചെയ്തു

കോട്ടയം: ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ അനധികൃതമായി സ്ഥാപിച്ച 15821 പ്രചാരണ സാമഗ്രികൾ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകൾ ഇതുവരെ നീക്കം ചെയ്തു. 13811 പോസ്റ്ററുകളും 1834 ബാനറുകളും 156 കൊടിതോരണങ്ങൾ ഉൾപ്പെടെ പൊതുസ്ഥലത്ത് സ്ഥാപിച്ച 15801പ്രചാരണ സാമഗ്രികളാണ് ഇതുവരെ നീക്കം ചെയ്തത്. സ്വാകാര്യ സ്ഥലത്ത് സ്ഥാപിച്ചിരുന്ന 10 ബാനറുകളും ഒൻപതു പോസ്റ്ററുകളും ഒരു ചുവരെഴുത്തും ഉൾപ്പെടെ 20 പ്രചരണ സാമഗ്രികളും നീക്കം ചെയ്തു.
അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ ചുവരെഴുത്തുകൾ കരി ഓയിൽ ഉപയോഗിച്ച് മായ്ക്കുകയും നോട്ടീസുകൾ, പോസ്റ്ററുകൾ, ബാനറുകൾ, ബോർഡുകൾ എന്നിവ ഇളക്കി മാറ്റുകയുമാണു ചെയ്യുന്നത്. പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യുന്നതിനൊപ്പം ഇത്തരം നിയമ ലംഘനങ്ങൾ ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡുകൾ വീഡിയോയിൽ പകർത്തുന്നുമുണ്ട്. അനധികൃത പ്രചരണ സാമഗ്രികൾ നീക്കം ചെയ്യുന്നതിനു ചിലവ് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് ചിലവിൽ ഉൾപ്പെടുത്തും.
 ഒരു മണ്ഡലത്തിൽ നാല് ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡാണ് പ്രവർത്തിക്കുന്നത്. ജില്ലയിലെ ഒൻപത് മണ്ഡലങ്ങളിലായി ആകെ 36 ടീമുകളാണ് ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡായി പ്രവർത്തിക്കുന്നത്. ഒരോ സംഘത്തിലും ടീം ലീഡർ, രണ്ടു ടീം അംഗങ്ങൾ, പോലീസ് ഓഫീസർ, വീഡിയോഗ്രാഫർ എന്നിവരാണുള്ളത്. രാവിലെ ആറു മുതൽ രാത്രി 10 മണിവരെ രണ്ടു ഷിഫ്റ്റുകളിലായാണ് സ്‌ക്വാഡിന്റെ പ്രവർത്തനം.
 

date