Skip to main content

അങ്കമാലി ടെല്‍ക്കിന്റെ പ്രവര്‍ത്തനം വിലയിരുത്തി വ്യവസായ മന്ത്രി പി. രാജീവ്

 

പൊതുമേഖലാ സ്ഥാപനമായ അങ്കമാലി ട്രാന്‍സ്‌ഫോര്‍മേഴ്‌സ് ആന്റ് ഇലക്ട്രിക്കല്‍സ് കേരള ലിമിറ്റഡിന്റെ (ടെല്‍ക്ക്) പ്രവര്‍ത്തനങ്ങള്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് വിലയിരുത്തി. നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനുമായി (എന്‍ടിപിസി) ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ്് ടെല്‍ക്ക്. എന്നാല്‍ എന്‍ടിപിസി ടെല്‍ക്കില്‍ നിന്നു പിന്‍വാങ്ങുന്നതിനായി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. സംയുക്ത സംരംഭങ്ങളില്‍ നിന്നെല്ലാം പിന്‍വാങ്ങുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണിത്. എന്നാല്‍ ടെല്‍ക്കിനെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള മറ്റു സഹകരണങ്ങള്‍ എന്‍ടിപിസിയില്‍ നിന്ന് ലഭ്യമാകുന്നുണ്ട്. 

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം കമ്പനിയുടെ വിറ്റുവരവിൽ കുറവ് സംഭവിച്ചിരുന്നു. എന്നാല്‍ 2023-24 സാമ്പത്തികവര്‍ഷം 2.85 കോടി രൂപയുടെ ലാഭമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അടുത്ത സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് മുന്നോട്ട് പോകുകയാണ്. കമ്പനിക്ക് മികച്ച ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ട്. പ്രവര്‍ത്തന മൂലധനത്തിന്റെ പ്രതിസന്ധി മറികടക്കുന്നതിന് 40 കോടി രൂപ വായ്പയെടുക്കുന്നതിനുള്ള ഗ്യാരന്റി സര്‍ക്കാര്‍ നല്‍കിയിരുന്നു. ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിലെല്ലാം നിയമനം നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം അഞ്ച് കോടിയുടെ ലാഭം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. എല്ലാ മൂന്നു മാസത്തിലും കമ്പനിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് ബോര്‍ഡ് ഓഫ് പബ്ലിക് സെക്ടര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ (ബിപിടി) റിവ്യൂ നടത്തുന്നുണ്ട്. 

ബാംബൂ കോര്‍പ്പറേഷന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള യോഗവും ചേരും. ജിഎസ്ടി അടയ്ക്കാത്തതുമായ പ്രശ്‌നം പരിഹരിച്ചിട്ടുണ്ട്. നിലവില്‍ ബാംബൂ ഉത്പാദനം ആരംഭിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി ഒരു കോടി രൂപ വായ്പ അനുവദിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ പ്രവര്‍ത്തന മൂലധന പിന്തുണ ലഭിക്കുന്ന മുറയ്ക്ക് വായ്പ തിരികെ അടയ്ക്കണമെന്ന വ്യവസ്ഥയിലാണ് വായ്പ നല്‍കിയത്. പ്രതിസന്ധി മറികടക്കുന്നതിനുള്ള കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

date