Skip to main content

വോട്ടെണ്ണല്‍: രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നു

 

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ജൂണ്‍ 4 ന് നടക്കുന്ന വോട്ടെണ്ണലുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗം എറണാകുളം, ചാലക്കുടി ലോക്‌സഭാ മണ്ഡലം വരണാധികാരികളായ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ആശ സി. എബ്രാഹം എന്നിവരുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.

വോട്ടെണ്ണലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും ക്രമീകരണങ്ങളും യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് വിശദീകരിച്ചു നല്‍കി. 

എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കുസാറ്റിലും ചാലക്കുടി മണ്ഡലത്തിലെ വോട്ടെണ്ണല്‍ ആലുവ യുസി കോളേജിലുമാണ് നടക്കുക. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും ഓരോ നിയമസഭാ മണ്ഡലത്തിലെയും വോട്ടുകള്‍ ഓരോ ഹാളിലാകും എണ്ണുക. പോസ്റ്റല്‍ ബാലറ്റുകള്‍ മറ്റൊരു ഹാളിലും എണ്ണും. ഈ രീതിയില്‍ ഒരു വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ എട്ട് ഹാളുകളിലായിരിക്കും വോട്ടെണ്ണല്‍ നടക്കുക. ഒരു ഹാളില്‍ 14 ടേബിളുകളായിരിക്കും ഉണ്ടാകുക. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്ന ഹാളില്‍ 28 ടേബിളുകളുണ്ടാകും. എറണാകുളം മണ്ഡലത്തില്‍ 6633 പോസ്റ്റല്‍ വോട്ടുകളും ചാലക്കുടിയില്‍ 10403 പോസ്റ്റല്‍ വോട്ടുകളുമാണ് ലഭിച്ചിരിക്കുന്നത്. സേനാ വിഭാഗങ്ങള്‍ ഉള്‍പ്പടെയുളളവര്‍ക്കുള്ള ഇടിപിബിഎസ് വോട്ടുകളും പോസ്റ്റല്‍ ബാലറ്റുകള്‍ക്കൊപ്പം എണ്ണും. 

ജൂണ്‍ നാലിന് രാവിലെ ആറിന് സ്‌ട്രോംഗ് റൂം തുറക്കും. രാവിലെ എട്ടിന് പോസ്റ്റല്‍ ബാലറ്റ് എണ്ണി തുടങ്ങും. 8.30 നാണ് ഇവിഎം മെഷീനുകള്‍ എണ്ണുക. ഇവിഎം മെഷീനുകള്‍ എണ്ണുന്ന ഓരോ മേശയിലും നാല് ഉദ്യോഗസ്ഥരുണ്ടാകും. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്ന മേശയില്‍ അഞ്ച് ഉദ്യോഗസ്ഥരാണുണ്ടാകുക. 

ഓരോ കേന്ദ്രത്തിലേക്കുമുള്ള പോളിംഗ് ഏജന്റുമാര്‍ വോട്ടെണ്ണലിനു മൂന്നു ദിവസം മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ജൂണ്‍ ഒന്നാം തീയതി വൈകിട്ട് അഞ്ചിനു മുന്‍പായി വരണാധികാരിക്ക് ഫോം 18 ലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വോട്ടെണ്ണല്‍ ഹാളിലേക്ക് നിശ്ചയിച്ച് പ്രതിനിധിയെ പിന്‍വലിക്കുന്നതിന് ഫോം 19 ലാണ് അപേക്ഷ നല്‍കേണ്ടത്. 

വോട്ടെണ്ണല്‍ കേന്ദ്രത്തിലെ ഹാളില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ല. ഹാളില്‍ പ്രവേശിച്ചാല്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായ ശേഷമേ പുറത്തിറങ്ങാന്‍ അനുവദിക്കൂ. ഓരോ ഹാളിലെയും  14 ാം നമ്പര്‍ ടേബിളിലായിരിക്കും വിവിപാറ്റ് മെഷീനുകള്‍ എണ്ണുന്നത്. മുഴുവന്‍ റൗണ്ടുകളും പൂര്‍ത്തിയായ ശേഷമായിരിക്കും വിവിപാറ്റ് മെഷീനുകള്‍ എണ്ണുക. 

സ്പാര്‍ക്ക് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്റ് കളക്ടര്‍ അഞ്ചിത് സിംഗ്, ഇലക്ഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date