Skip to main content

കൂൺ കൃഷിയിലൂടെ ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി  മാതൃകയായി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റ്

 

കൂണ്‍ കൃഷിയിലൂടെ ലഭിച്ച 15000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മാതൃകയായി 

ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് വളണ്ടിയർമാരായ വിദ്യാർഥികളും അധ്യാപകരും.

 പ്രേഗ്രാം ഓഫീസർ പി സിബിയുടെ  നേതൃത്വത്തിൽ ഉള്ള ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ

എൻ എസ് എസ് യൂണിറ്റ് കലക്ടറുടെ ചേമ്പറിൽ വെച്ച് 15000 രൂപ ജില്ലാ കലക്ടർ അരുൺ കെ വിജയന് കൈമാറി.

 

നിരവധിസേവന സന്നദ്ധ പ്രവർത്തനങ്ങളിലൂടെ അംഗീകരങ്ങൾ കൊയ്ത ഇരിട്ടി ഹയർ സെക്കണ്ടറി സ്ക്കൂൾ എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു വർഷമായി സ്കൂളിൽ നടത്തിയ കൂണ്‍ കൃഷിയും വിളവെടുപ്പും വിൽപ്പനയും ഏറെ പ്രശംസ നേടിയിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ കഴിഞ്ഞ വർഷം നടത്തിയ കൂണ്‍ കൃഷി വിജയനേട്ടം കൊയ്തതിൻ്റെ പശ്ചാത്തലത്തിലാണ് ഇക്കുറിയും എൻ.എസ് എസ് വളണ്ടിയർ മാരുടെ നേതൃത്വത്തിൽ സ്കൂളിൽ കൂൺകൃഷിക്ക് വിത്തിട്ടത് .രണ്ടു വർഷങ്ങളിലായി നടത്തിയ കൂൺ വിൽപ്പനയിലൂടെ ലഭിച്ച സമ്പാദ്യമാണ് വിദ്യാർത്ഥികൾ ഉരു ളെടുത്തവയനാടിൻ്റെ ദുരിതക്കണ്ണീരൊപ്പാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. 

കാര്‍ഷികവൃത്തിയില്‍ പുതിയ തലമുറയെ തല്‍പരരാക്കുന്നതിനും കൂൺകൃഷിയിലൂടെ ലഭിക്കുന്ന ലാഭവിഹിതം ജീവകാരുണ്യ പ്രവർത്തനത്തിനായി  വിനിയോഗിക്കണമെന്നുമുള്ള മാതൃകാ പരമമായ ലക്ഷ്യവുമായാണ് കൃഷി വകുപ്പിന്റെ സാങ്കേതിക സഹായത്തോടെയും കൂണ്‍ കര്‍ഷകരുടെ സഹകരണത്തോടെയും സ്‌കൂളില്‍ കൂൺ കൃഷി ആരംഭിച്ചത്. സ്‌കൂളിലെ തന്നെ ഒരു കെട്ടിടമുറിയാണ് കൃഷിക്കായി ഉപയോഗിച്ചത്. ചിപ്പികൂണ്‍ വിഭാഗത്തില്‍പ്പെട്ട ഓയ്സ്റ്റർ വിത്തിനമാണ് കൃഷിചെയ്തത്. മൂന്നാഴ്ചകൊണ്ട് തന്നെ പാകമായ കൂണിന്റെ വിളവെടുപ്പ് രണ്ടാഴ്ച്ച മുൻപ് ആണ് നടന്നത്.

 

ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ കെ  വി സുജേഷ് ബാബു, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി സിബി, അധ്യാപകരായ കെ ബെൻസിരാജ്, കെ.ജെ. ബിൻസി, ടി. വി. റീന, മേഘന റാം, എൻ എസ് എസ് ലീഡർ കെ കെ. നഫ്‌ല, കെ റഫ്‌നാസ്,വളണ്ടിയർമാരായിട്ടുള്ള വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. മാനേജർ കെ ടി അനൂപ്, കൂൺ കൃഷിക്കാരായ രാഹുൽ ഗോവിന്ദും സംഘവും,കൃഷി ഓഫീസർ രാഗേഷ്, പി ടി എ പ്രസിഡണ്ട് സന്തോഷ് കോയിറ്റി, അധ്യാപകരായ കെ. ശ്രീവിദ്യ, എം. അനിത എന്നിവരാണ് കൂൺ കൃഷിക്ക് നേതൃത്വം നൽകിയത്.

date