ഫ്രഷ് കട്ട്; കട്ടിപ്പാറ പ്ലാന്റിലേക്ക് ഇനി പുതിയ കോഴി മാലിന്യം മാത്രം
-മാര്‍ച്ച് 1 മുതല്‍ പ്ലാന്റിലേക്ക് എത്തുന്ന മാലിന്യത്തില്‍ 15 ടണ്ണോളം കുറയ്ക്കും
കട്ടിപ്പാറയിലെ ഫ്രഷ് കട്ട് സ്വകാര്യ കോഴി മാലിന്യ സംസ്‌കരണ പ്ലാന്റിലേക്ക് ഇനി അഴുകാത്ത, പുതിയ കോഴി മാലിന്യം മാത്രം കൊണ്ടുപോകാന്‍ തീരുമാനം. ഇതിന് പുറമെ നിലവില്‍ പ്ലാന്റിലേക്ക് കൊണ്ടുപോകുന്ന കോഴി മാലിന്യത്തില്‍ 10 മുതല്‍ 15 ടണ്‍ വരെ അയല്‍ ജില്ലയിലേക്ക് ആ ജില്ലയിലെ ഡിഎല്‍എഫ്എംസി (ഡിസ്ട്രിക്റ്റ് ലെവല്‍ ഫെസിലിറ്റേഷന്‍ & മോണിറ്ററിംഗ് കമ്മിറ്റി) അനുമതിയോടെ കൊണ്ടുപോകാനും തീരുമാനമായി.
ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഎല്‍എഫ്എംസി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. യോഗത്തിന് മുന്‍പ് ജില്ലാ കളക്ടര്‍ കട്ടിപ്പാറ പ്ലാന്റിനെതിരെ സമര രംഗത്തുള്ള സമരസമിതി ഭാരവാഹികളുമായും സംസാരിച്ചു.
ഇതുപ്രകാരം 20 മുതല്‍ 25 ടണ്ണോളം അഴുകാത്ത, പുതിയ കോഴി മാലിന്യം മാത്രമായിരിക്കും കട്ടിപ്പാറ പ്ലാന്റിലേക്ക് കൊണ്ടുപോകുക. അയല്‍ ജില്ലയിലെ ഡിഎല്‍എഫ്എംസി അനുമതി ലഭിച്ച ശേഷമായിരിക്കും മാലിന്യം ആ ജില്ലയിലേക്ക് കൊണ്ടുപോകുക. ഈ സംവിധാനം മാര്‍ച്ച് ഒന്നുമുതല്‍ നടപ്പാക്കും. അയല്‍ജില്ലയില്‍ ഫ്രഷ് കട്ട് പുതുതായി ഏറ്റെടുത്ത പ്ലാന്റിലേക്കായിരിക്കും മാലിന്യം കൊണ്ടുപോകുക.
ഇതിനുപുറമേ കോഴിക്കോട് ജില്ലയെ നാല് താലൂക്ക് അടിസ്ഥാനത്തില്‍ സോണുകളായി തിരിച്ച് അവിടങ്ങളില്‍ വലിയ കണ്ടെയ്‌നര്‍ ഫ്രീസര്‍ സ്ഥാപിക്കുമെന്ന് ഫ്രഷ് കട്ട് അറിയിച്ചു. ഈ കണ്ടയിനറുകളില്‍ സംഭരിക്കുന്ന അഴുകാത്ത മാലിന്യമാണ് കട്ടിപ്പാറ പ്ലാന്റിലേക്ക് കൊണ്ടുപോകുക. ഈ സംവിധാനം മാര്‍ച്ച് 31 ഓടെ നടപ്പില്‍ വരും.
സമരരംഗത്തുള്ള ജനങ്ങളുടെ പരാതി പരിഗണിച്ച് താമരശ്ശേരി, ഓമശ്ശേരി, കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ പുഴയില്‍ നിന്നുള്ള സാമ്പിളുകള്‍ പരിശോധിക്കാന്‍ ജില്ലാ കലക്ടര്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിര്‍ദേശം നല്‍കി. ജനങ്ങളുടെ ആവശ്യപ്രകാരം വൈകുന്നേരമോ അതിരാവിലെയോ എത്തിയായിരിക്കും സാമ്പിളുകള്‍ എടുത്ത് പ്ലാന്റ് കാരണം മലിനീകരണം സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക.
ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നിര്‍ദ്ദേശപ്രകാരം ഓമശ്ശേരി ഗ്രാമപഞ്ചായത്തില്‍ നിന്നുള്ള പുതിയ
കോഴി മാലിന്യം എടുക്കാനും കളക്ടര്‍ കമ്പനിയോട് നിര്‍ദേശിച്ചു. നേരത്തെ അഴുകിയ മാലിന്യം കൊണ്ടുപോകുന്നതായി ചൂണ്ടിക്കാട്ടി നാട്ടുകാര്‍ ഫ്രഷ് കട്ടിന്റെ വണ്ടികള്‍ തടഞ്ഞതിനാല്‍ ഓമശ്ശേരിയില്‍ നിന്നും കോഴി മാലിന്യം ശേഖരിക്കുന്നത് നിര്‍ത്തിയിരുന്നു.
ജില്ലയിലെ കോഴി സ്റ്റാളുകളില്‍ നിന്നുള്ള മാലിന്യം അഴുകാന്‍ ഇടവരാത്ത വിധം അന്നു തന്നെ ശേഖരിക്കണം എന്നും ജില്ലാ കലക്ടര്‍ കമ്പനിയോട് ആവശ്യപ്പെട്ടു. കട്ടിപ്പാറയിലെ കോഴി മാലിന്യം സംസ്‌കരിക്കുന്ന ഫ്രഷ് കട്ട് എഫ്‌ലൂയന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ജില്ലയിലാകെ ഒന്നാണുള്ളത്. കോഴിക്കോട് ജില്ലയില്‍ ദിവസം 80 ടണ്ണിലേറെ കോഴി മാലിന്യം ഉല്‍പ്പാദിപ്പിക്കുന്നു എന്നാണ് കണക്ക്. എന്നാല്‍ കട്ടിപ്പാറ പ്ലാന്റിന് 30 ടണ്‍ മാത്രമാണ് സംസ്‌കരണ ശേഷി.
അഴുകിയ കോഴി മാലിന്യം പ്ലാന്റില്‍ എത്തുകവഴി പ്രദേശത്താകെ ദുര്‍ഗന്ധം പരക്കുന്നുണ്ടെന്നും പുഴയിലെ വെള്ളം മലിനമാകുന്നു എന്നുമാണ് പ്രദേശവാസികളുടെ പരാതി. ഫ്രീസര്‍ സംവിധാനമുള്ള വലിയ മൂന്ന് കണ്ടെയ്‌നര്‍ വണ്ടികള്‍ പുതുതായി റൂട്ടില്‍ ഇറക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് 31 ന് കണ്ടെയ്‌നര്‍ സംവിധാനം വരുന്നതോടെ ദുര്‍ഗന്ധം പൂര്‍ണ്ണമായും ഇല്ലാതാകുമെന്ന് യോഗം വിലയിരുത്തി. ജില്ലയില്‍ കൂടുതല്‍ പ്ലാന്റുകള്‍ വന്നാല്‍ മാത്രമേ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാവുകയുള്ളൂ.
യോഗത്തില്‍കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ്, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ഗംഗാധരന്‍, താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ അരവിന്ദന്‍, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജയിംസ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വായോണ്‍മെന്റല്‍ എഞ്ചിനീയര്‍ സൗമ ഹമീദ്, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം ഗൗതമന്‍, തദ്ദേശസ്വയം ഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബൈജു ജോസ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments