Skip to main content

സജ്ജീകരണങ്ങളെല്ലാം പെർഫെക്റ്റ്; കാത്തിരിക്കുന്നത് ഉദ്യോഗാർത്ഥികളുടെ വൻ പങ്കാളിത്തം

 

 

കേരളത്തിന്റെ വികസന മാതൃകകളിൽ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുന്ന വിജ്ഞാനകേരളം ജനകീയ ക്യാമ്പയിൻ തൃശ്ശൂരിൽ തൊഴിൽ പൂരം തീർക്കുകയാണ്. ആധുനിക സാങ്കേതിക വിദ്യകളും പുതിയ കാഴ്ചപ്പാടുകളും ആശയങ്ങളും പ്രയോജനപ്പെടുത്തി തൊഴിൽരഹിതർ ഇല്ലാത്ത കേരളത്തെ ഒറ്റക്കെട്ടായി പടുത്തുയർത്തുകയാണ് വിജ്ഞാന തൃശ്ശൂർ. തൊഴിൽ പൂരം മെഗാ ജോബ് ഫെയറിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് പ്രധാന ഉദ്യോഗസ്ഥരുടെയും വിവിധ ഏജൻസി പ്രതിനിധികളുടെയും യോഗം ചേർന്നു. തൃശ്ശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി. മുരളി എന്നിവർ നേതൃത്വം നൽകി.

 

  ഏപ്രിൽ 26ന് ഗവ. എഞ്ചിനീയറിങ് കോളേജിലും വിമല കോളേജിലുമായി സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയറിന്റെ രജിസ്ട്രേഷനും പരിശീലന പരിപാടികളുമെല്ലാം കാര്യക്ഷമമായി പുരോഗമിക്കുകയാണ്. ഇരുപതിനായിരത്തിലധികം (20,000) ഉദ്യോഗാർത്ഥികളെ പ്രതീക്ഷിക്കുന്ന ജോബ് ഫെയറിന്റെ സുഗമമായ നടത്തിപ്പിന് വിപുലമായ സജ്ജീകരണങ്ങളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്. ജില്ലയിലെ 24 ജോബ് സെന്ററുകൾക്കും രജിസ്ട്രേഷനായി പ്രത്യേകം കൗണ്ടറുകൾ ഏർപ്പെടുത്തും. ബ്ലോക്ക് തലത്തിലുള്ള ജോബ് സെന്ററുകൾ പഞ്ചായത്ത് അടിസ്ഥാനത്തിലും കൗണ്ടറുകൾ ഒരുക്കും. ഹെൽപ്പ് ഡെസ്‌ക്കുകളും ഇൻഫർമേഷൻ സെന്ററുകളും ഇവിടെ പ്രവർത്തിക്കും.

 

 മേളയിൽ പങ്കെടുക്കുന്നതിനായി തൃശൂരിലെത്തുന്ന ഉദ്യോഗാർത്ഥികളെ സെന്ററുകളിൽ എത്തിക്കുന്നതിന് കെ എസ് ആർ ടി സി യും മറ്റ് പൊതു വാഹന സൗകര്യങ്ങളും പ്രയോജനപ്പെടുത്തും. സ്വകാര്യ വാഹനങ്ങളിൽ നേരിട്ട് എത്തുന്നവർക്ക് കേരള ഫയർ ആന്റ് റസ്ക്യു അക്കാദമി, കേരള പോലീസ് അക്കാദമി, വിജ്ഞാന സാഗർ, ജി വി എച്ച് എസ് എസ് രാമവർമപുരം എന്നീ സ്ഥാപനങ്ങളിലെ ഗ്രൗണ്ടുകളിൽ പാർക്കിംഗ് സൗകര്യം ഒരുക്കും. ജോബ് ഫെയർ നടക്കുന്ന ക്യാമ്പസുകളിലേക്ക് വാഹനങ്ങൾ പ്രവേശിപ്പിക്കില്ല. ലഘു ഭക്ഷണവും കുടിവെള്ളവും ലഭ്യമാക്കുന്നതിന് ആവശ്യമായ സ്റ്റാളുകൾ ഒരുക്കും. പോലീസ് ഉദ്യോഗസ്ഥർക്ക് പുറമേ എൻ സി സി, എൻ എസ് എസ് വളണ്ടിയർ സേവനവും ലഭ്യമാക്കും. ഇലക്ട്രിസിറ്റി, നെറ്റ്‌വർക്കിംഗ്, ട്രാഫിക് നിയന്ത്രണം തുടങ്ങിയ അടിസ്ഥാന സേവനങ്ങൾ സെന്ററുകളിൽ രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ പൂർണ്ണ സജ്ജമാക്കുന്നതിന് ആവശ്യമായ മുൻകരുതലുകളും യോഗം ചർച്ച ചെയ്തു.

 

 

യോഗത്തിൽ വിജ്ഞാന കേരളം ജില്ലാ മിഷൻ കോഓർഡിനേറ്റർ കെ.വി ജ്യോതിഷ് കുമാർ, കില ജില്ലാ ഫെസിലിറ്റേറ്റർ അനൂപ് കിഷോർ, കെ-ഡിസ്ക് അസോസിയേറ്റ് ഡയറക്ടർ ബിനീഷ് ജോർജ്, ജില്ലാ പ്രോഗ്രാം മാനേജർ കെ.ജെ സിതാര, ഗവ. എഞ്ചിനീയറിങ് കോളേജ്, വിമല കോളേജ് ഉദ്യോഗസ്ഥർ, വിവിധ സർക്കാർ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ, ടെലികോം കമ്പനി പ്രതിനിധികൾ, സാങ്കേതിക ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

date