Skip to main content

തൃശ്ശൂർ മെഡിക്കൽ കോളേജിൽ ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ

 

 

തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ പുതുതായി നിർമ്മിക്കുന്ന ക്രിട്ടിക്കൽ കെയർ ബ്ലോക്കിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും. ഇതിനായുള്ള കിക്കോഫ് മീറ്റിംഗ് മെഡിക്കൽ കോളേജ് കോൺഫറൻസ് ഹാളിൽ സേവ്യർ ചിറ്റിലപ്പള്ളി എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്നു. ക്രിട്ടിക്കൽ കെയർ യൂണിറ്റ് ആരംഭിക്കുന്നതിനായി ആധുനിക കെട്ടിടം നിർമ്മിക്കുന്നതിനും അനുബന്ധ ഉപകരണങ്ങൾക്കുമായി 23.25 കോടി രൂപയുടെ ഭരണാനുമതി നേരത്തെ ലഭിച്ചിരുന്നു. അതിൽ കെട്ടിടത്തിന്റെ പ്രവൃത്തിക്കുള്ള 16.63 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും ടെൻഡർ നടപടികൾ പൂർത്തീകരിക്കുകയും ചെയ്തു. 

 

മൂന്നു നിലകളിലായി 42500 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ക്രിട്ടിക്കൽ കെയർ ബ്ലോക്ക് വിഭാവനം ചെയ്തിട്ടുള്ളത്. 50 കിടക്കകൾ ഉള്ള ഈ ആശുപത്രിയിൽ രണ്ട് ഓപ്പറേഷൻ തീയേറ്ററുകൾ, രണ്ട് ലിഫ്റ്റുകൾ, ഗർഭിണികൾക്കും കുട്ടികൾക്കുമുള്ള പ്രത്യേക വാർഡുകൾ, ഡയാലിസിസ് യൂണിറ്റുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കോവിഡ്, നിപ്പ പോലെയുള്ള സാംക്രമിക രോഗങ്ങൾ വരുമ്പോൾ ഈ ബ്ലോക്ക് പ്രത്യേക ആശുപത്രിയായും, മറ്റ് സാധാരണ സമയങ്ങളിൽ മെഡിക്കൽ കോളേജിന്റെ ഭാഗമായും അടിയന്തര ചികിത്സ സൗകര്യങ്ങളോടുകൂടി പ്രവർത്തിക്കുന്നതാണ്. നിലവിലെ ക്യാഷ്വാലിറ്റിയുടെ സമീപത്ത് ട്രോമാ കെയർ റെഡ് സോണുമായി ബന്ധിപ്പിക്കാൻ കഴിയുന്ന രീതിയിലാണ് ക്രിട്ടിക്കൽ കെയർ ബ്ലോക്ക് വിഭാവനം ചെയ്തിരിക്കുന്നത്. ഇൻകെൽ ആണ് പദ്ധതിയുടെ നിർവഹണ ഏജൻസി. കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത് പാലക്കാട് ആസ്ഥാനമായുള്ള സ്മാർഡ് (SMARD) എന്ന കമ്പനിയാണ്. നാഷണൽ ഹെൽത്ത് മിഷനും കേരള ഗവൺമെന്റും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

 

 

 

മെഡിക്കൽ കോളേജ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ സേവ്യർ ചിറ്റിലപ്പള്ളി എം എൽ എ, അവണൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തോംസൺ തലക്കോടൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എൻ. അശോകൻ, മെഡിക്കൽ കോളേജ് വകുപ്പ് മേധാവിമാർ, ഇൻകെൽ പ്രതിനിധികൾ, എൻ എച്ച് എം പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ പ്രതിനിധികൾ, കോൺട്രാക്ടർ എന്നിവർ പങ്കെടുത്തു.

 

date