പൊക്കാളി കൃഷി സംരക്ഷണത്തിന് ജില്ലാ- താലൂക്ക് തലങ്ങളിൽ പ്രത്യേക നിരീക്ഷണ സമിതികൾ
പൊക്കാളി കാർഷിക മേഖലയിലെ സുസ്ഥിര കൃഷിക്കും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള ഒരു പ്രധാന ചുവടുവയ്പിന്റെ ഭാഗമായി എറണാകുളം ജില്ലയിൽ ജില്ലാ, താലൂക്ക് തലങ്ങളിൽ നിരീക്ഷണ സമിതികൾക്ക് രൂപം നൽകി. പൊക്കാളി നെൽവയലുകളിലെ നെൽകൃഷി,മത്സ്യകൃഷി, ഓരുവെള്ള നിയന്ത്രണം എന്നിവയുൾപ്പെടെയുള്ള പ്രധാന കാര്യങ്ങളിൽ ഈ കമ്മിറ്റികൾ മേൽനോട്ടം വഹിക്കുകയും മാർഗ്ഗ നിർദ്ദേശങ്ങൾ നല്കുകയും ചെയ്യും.
സമതി രൂപീകരിക്കുന്നത് സംബന്ധിച്ച ഉത്തരവ് പൊക്കാളി നിലവികസന ഏജൻസി ചെയർമാനും, ജില്ലാ കളക്ടറുമായ എൻ.എസ്. കെ ഉമേഷ് പുറത്തിറിക്കി.
താലൂക്കിൽ ലഭ്യമായ പൊക്കാളി പ്രദേശത്ത് അതാത് സീസണിൽ നെൽക്കൃഷിയും മത്സ്യകൃഷിയും നടത്തുന്നതിനുള്ള ഇടപെടൽ നടത്തുക, സീസൺ ആരംഭിക്കുന്നതിന് തൊട്ടു മുമ്പ് യോഗം ചേർന്ന് പാടശേഖരങ്ങളിലെ തയാറെടുപ്പുകൾ വിലയിരുത്തി ആവശ്യമെങ്കിൽ മാർഗ്ഗ നിദ്ദേശങ്ങൾ നൽകുക, കാർഷിക പ്രവർത്തനങ്ങൾ നിശ്ചിത സമയത്തു തന്നെ ആരംഭിച്ചു എന്ന് ഉറപ്പാക്കുക, പൊക്കാളി കൃഷി സ്ഥലങ്ങൾ തരിശ്ശിടുന്നില്ലെന്ന് ഉറപ്പു വരുത്തുക, സർക്കാരും പൊക്കാളി നില വികസന ഏജൻസിയും നൽകുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പിക്കുക, പൊക്കാളി കൃഷി വിജയകരമായി നടത്തുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനം സാദ്ധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് താലൂക്ക് തല നിരീക്ഷണ സമിതികൾ രൂപീകരിക്കുന്നത്.
താലൂക്ക് തലത്തിൽ തഹസീൽദാർ (ചെയർമാൻ), കൃഷി അസിസ്റ്റൻറ് ഡയറക്ടർ (കൺവീനർ), ഫിഷറീസ് ഏക്സ്റ്റൻഷൻ ഓഫീസർ, മുൻസിപ്പൽ, ഗ്രാമ പഞ്ചായത്ത് തലവന്മാർ, സെക്രട്ടറിമാർ, ജലസേചന വകുപ്പിലെ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ, സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് എന്നിവരടങ്ങിയതാണ് നിരീക്ഷണ സമിതികൾ.
ജില്ലയിലെ ആകെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഫോർട്ട് കൊച്ചി സബ് കളക്ടർ രക്ഷാധികാരിയും, പി.എൽ.ഡി.എ വൈസ് ചെയർമാൻ (ഉപ രക്ഷാധികാരി), പ്രിൻസിപ്പൽ കൃഷി ഓഫീസർ (കൺവീനർ). ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, ജലസേചന എക്സിക്യൂട്ടീവ് എഞ്ചിനീയർ, പഞ്ചായത്ത് ജോയിൻറ് ഡയറക്ടർ, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ (ഡബ്ല്യു. എം) എന്നിവർ അടങ്ങിയ ജില്ലാതല നിരീക്ഷണ സമിതിയും രൂപീകരിച്ചിട്ടുണ്ട്.
- Log in to post comments