ജില്ലാ വികസന സമിതി യോഗം
ചാപ്പാ കടപ്പുറത്തെ പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ ഭവന നിര്‍മ്മാണോദ്ഘാനം മെയ് അവസാനം
ചാപ്പാ കടപ്പുറത്തെ ഭൂരഹിത പട്ടികവര്‍ഗ്ഗ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് ലാന്‍ഡ് ബാങ്ക് പദ്ധതിയുടെ ഭാഗമായി എളങ്കുന്നപ്പുഴയില്‍ വാങ്ങിയ ഭൂമിയില്‍ അതിര്‍ത്തി കല്ല്, ഇന്റേണല്‍ റോഡ്, ഭവനം എന്നിവയുടെ നിര്‍മ്മാണോദ്ഘാടനം മെയ് അവസാനത്തോടുകൂടി നടക്കുമെന്ന് കെ. എന്‍. ഉണ്ണികൃഷ്ണന്‍ എം.എല്‍.എ. അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിന് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ഉടൻ പൂര്‍ത്തികരിക്കാന്‍ ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ എം.എല്‍.എ നിര്‍ദ്ദേശം നല്‍കി.
തീരദേശ ഹൈവേയുടെ സ്ഥലമെടുപ്പ് നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ എം.എല്‍.എ ഉദ്യേഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. എടവനക്കാട് ഗ്രാമ പഞ്ചായത്തില്‍ കടല്‍ ഭിത്തി നിര്‍മിക്കുന്നതിനായി 35 കോടി രൂപ അനുവദിച്ചതായി യോഗത്തില്‍ അറിയിച്ചു. 55 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ബാക്കി ആവശ്യമായ തുക ദേശീയ ദുരന്ത നിവാരണ അതോററ്റിയില്‍ നിന്ന് ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണെന്ന് ജില്ലാ വികസന സമതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ എന്‍. എസ്. കെ ഉമേഷ് അറിയിച്ചു.
വേലിയേറ്റത്തിന്റെ ഭാഗമായി വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള തിയതി ഈ മാസം 30 വരെ നീട്ടി. നഷ്ടം കണക്കാക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ അതിന്റെ കണക്കെടുപ്പ് അരംഭിച്ചെന്നും ജില്ലാ വികസ സമിതി യോഗത്തില്‍ എം.എല്‍.എ പറഞ്ഞു.
പട്ടികജാതി വിഭാഗം ആണ്‍കുട്ടികള്‍ക്കായി ആലുവയില്‍ നിര്‍മാണം നടക്കുന്ന ഹോസ്റ്റല്‍, മുടിക്കല്‍ ട്രൈബല്‍ ഹോസ്റ്റല്‍ എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് പി.വി ശ്രീനിജിന്‍ എം.എല്‍.എ നിര്‍ദേശം നല്‍കി.
കോലഞ്ചേരി തോന്നിക്കലില്‍ എന്‍. എച്ച് പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് പൈപ്പ് പൊട്ടി വെള്ളം കിട്ടാത്ത സാഹചര്യത്തിന് പരിഹാരം കണ്ടെത്താന്‍ എം.എല്‍.എ നിര്‍ദേശിച്ചു.
കുഴിപ്പിള്ളി ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ അംബേദ്കര്‍ കോളനിയിലെ പട്ടികജാതി വിഭാഗത്തിലെ 27 കുടുംബങ്ങള്‍ക്ക് 2004-ല്‍ നല്‍കിയ ഭൂമി പോക്കുവരവ് ചെയ്ത് നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയെന്ന് കൊച്ചി തഹസില്‍ദാര്‍ യോഗത്തില്‍ അറിയിച്ചു.
യോഗത്തില്‍ പ്ലാന്‍ പ്രോഗ്രസ് റിപ്പോര്‍ട്ട്,മുന്‍ ജില്ലാ വികസന യോഗതീരുമാന പ്രകാരം വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍, കോട്പ എന്നിവയുടെ പുരോഗതി അവലോകനം ചെയ്തു. വിരമിക്കുന്ന ഡെപ്യൂട്ടി കളക്ടര്‍ റേച്ചല്‍ കെ. വര്‍ഗീസ് , ഡിസ്ട്രിക്ട് മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.ജി ഗീതാ ദേവി , പ്രധാനമന്ത്രി ഗ്രാം സഡക് യോജന എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കെ.ടി സാജന്‍, സര്‍വ്വേ സൂപ്രണ്ട് അജയന്‍ എന്നിവര്‍ക്ക് ജില്ലാ വികസന സമിതി യോഗത്തില്‍ അഭിനന്ദനം അറിയിച്ചു.
ജില്ലാ കളക്ടര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി. ജ്യോതിമോള്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതിനിധി സുരേഷ് ബാബു , വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments