Skip to main content

എന്റെ കേരളം മേളയിൽ ശ്വാനനായകന്മാരുടെ അത്യുഗ്രൻ പ്രകടനം 

 എൻ്റെ കേരളം പ്രദർശന-വിപണന മേളയിൽ മികവുറ്റ അഭ്യാസപ്രകടനവുമായി ബേയ്ലിയും റോക്കിയും ചേതക്കും. കോട്ടയം കെ-9 ഡോഗ് സ്‌ക്വാഡിൽ ഒൻപത് മാസം പരിശീലനം നേടിയ നായ്ക്കളാണ് മൂവരും. മേളയുടെ ആഘോഷനിറവിൽ ഡോഗ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നടന്ന പ്രകടനം കാണികളുടെ കൈയ്യടി നേടി. ഒബീഡിയന്‍സ്, നര്‍ക്കോട്ടിക് ഡിറ്റെക്ഷന്‍, എക്‌സ്‌പ്ലോസീവ് ഡിറ്റക്ഷന്‍, ട്രാക്കിങ് തുടങ്ങി ജില്ലാ ഡോഗ് സ്‌ക്വാഡിന്റെ മികവ് തെളിയിക്കുന്ന പ്രകടനങ്ങളാണ് ബേയ്ലിയും റോക്കിയും ചേതക്കും കാണികള്‍ക്ക് മുമ്പില്‍ കാഴ്ച്ച വച്ചത്. ലാബ്രഡോർ ഇനത്തില്‍പ്പെട്ട ബേയ്ലിയും റോക്കിയും എക്‌സ്‌പ്ലോസീവ് ഡിറ്റക്ഷനിലും നര്‍ക്കോട്ടിക്ക് ഡിറ്റക്ഷനിലും മികവ് പുലര്‍ത്തിയപ്പോള്‍, ബെൽജിയൻ മലിനോസ് ഇനത്തില്‍പ്പെട്ട ചേതക്  മനുഷ്യഗന്ധ ട്രാക്കിങ്ങിൽ കൃത്യത പുലര്‍ത്തി. ക്രമത്തിലുള്ള പരിശീലനത്തിലൂടെ സ്വായത്തമാക്കിയ ചിട്ടയും ചടുലതയും കാണികളുടെ മനം കവർന്നു.
 പോലീസ് സബ് ഇൻസ്‌പെക്ടർ കെ.വി. പ്രേംജിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിൽ എ.എസ്.ഐ. എസ്. സജികുമാർ, ബിജുകുമാർ, സിവില്‍ പോലീസ് ഓഫീസർമാരായ ബിറ്റു മോഹൻ, വി. ജെ. ജോസഫ്  എന്നിവരും പങ്കുചേർന്നു.

date